മുഹറം ഘോഷയാത്രക്കിടെ ഫലസ്തീൻ പതാക വീശിയ യുവാവിനെ അറസ്റ്റ് ചെയ്ത് യു.പി പൊലീസ്
India
മുഹറം ഘോഷയാത്രക്കിടെ ഫലസ്തീൻ പതാക വീശിയ യുവാവിനെ അറസ്റ്റ് ചെയ്ത് യു.പി പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th July 2025, 9:47 am

ലഖ്‌നൗ: ഉത്തർപ്രദേശിൽ മുഹറം ഘോഷയാത്രക്കിടെ ഗസക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫലസ്തീൻ പതാക വീശിയ യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. ആഗ്രയിലെ എത്മദുദ്ദൗല പ്രദേശത്താണ് സംഭവം. നാഗ്ല ഫത്തൂരിയിലെ ഘട്ട് തിരാഹ നിവാസിയായ അമാൻ ഖാനാണ് അറസ്റ്റിലായത്.

ജൂലൈ ആറിന് വൈകുന്നേരം മുഹറം ഘോഷയാത്രയിൽ യുവാവ് ഫലസ്തീൻ പതാക വീശുന്നത് കാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതായി ഇത്മദ്-ഉദ്-ദൗള സ്റ്റേഷൻ ഹൗസ് ഓഫീസർ ദേവേന്ദ്ര ദുബെ പറഞ്ഞു. ആഗ്രയിലെ യമുന പാലത്തിന് സമീപമുള്ള യമുന ഘട്ടിന് സമീപമാണ് വീഡിയോ ചിത്രീകരിച്ചതെന്ന് ദുബെ പറഞ്ഞു.

പൊതുസമാധാനത്തിന് ഭംഗം വരുത്തിയെന്നാരോപിച്ചാണ് എത്മദുദ്ദൗല പൊലീസ് സ്റ്റേഷനിൽ യുവാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പിന്നാലെയായിരുന്നു അറസ്റ്റ്.

‘പൊതുസമാധാനത്തിന് ഭംഗം വരുത്തിയതിന് അമൻ ഖാനെതിരെ കേസെടുത്തിട്ടുണ്ട്. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നപ്പോൾ അയാൾ തന്റെ തെറ്റ് സമ്മതിക്കുകയും കൈകൾ കൂപ്പി ക്ഷമാപണം നടത്തുകയും ചെയ്തു,’ പൊലീസ് പറഞ്ഞു. കൂടാതെ ഫേസ്ബുക്കിൽ നേരത്തെ പോസ്റ്റ് ചെയ്തിരുന്ന വീഡിയോ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഉത്തർപ്രദേശിലെ കുശിനഗര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി മുഹറം ഘോഷയാത്രക്കിടെ സംഘർഷം ഉണ്ടായതായി റിപ്പോർട്ടുകൾ വന്നിരുന്നു. സംഭവത്തില്‍ എട്ട് വയസുകാരന് പരിക്കേറ്റു. ഘോഷയാത്രയില്‍ പച്ചക്കൊടി ഉയര്‍ത്തിയെന്ന് പറഞ്ഞ് ഗുല്‍ഹാരിയ ഗ്രാമത്തിലും സംഘര്‍ഷമുണ്ടായി. കഴിഞ്ഞ ദിവസം യു.പിയിലെ സീതാപൂര്‍, ബറേലി, ലഖിംപൂര്‍-ഖേരി എന്നീ ജില്ലകളിലും സമാനമായ ഏറ്റുമുട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം മുഹറം ഘോഷയാത്രക്കിടെ ഗസയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫലസ്തീന്‍ പതാക ഉയര്‍ത്തിയതിന് ബീഹാറിലെ ജാമുയി നഗരത്തില്‍ ഹിന്ദുത്വര്‍ അക്രമം അഴിച്ചുവിട്ടു. കിഴക്കന്‍ ചമ്പാരനിലെ മെന്‍ഹാസിയില്‍ ഘോഷയാത്രക്ക് നേരെ ഹിന്ദുത്വര്‍ ആക്രോശിച്ച് എത്തിയതോടെയാണ് സംഘര്‍ഷമുണ്ടായത്. ഏറ്റുമുട്ടലില്‍ 22 വയസുകാരനായ അജയ് യാദവ് മരണപ്പെടുകയും നാല് പേര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

 

Content Highlight: UP man arrested for waving Palestinian flag during Muharram