ഉത്തര്‍പ്രദേശില്‍ രോഗികളെ 'വാടകയ്‌ക്കെടുത്ത്' ആശുപത്രി; പിന്നാലെ നോട്ടീസ്
national news
ഉത്തര്‍പ്രദേശില്‍ രോഗികളെ 'വാടകയ്‌ക്കെടുത്ത്' ആശുപത്രി; പിന്നാലെ നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th February 2022, 11:39 am

ലഖ്‌നൗ: വിജയ് നായകനായ തമിഴ് ചിത്രം ഭൈരവയിലെ ഒരു സീനിനെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളായിരുന്നു കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ കണ്ടത്.

ഉന്നത അധികാരികള്‍ പരിശോധനയ്‌ക്കെത്തിയപ്പോള്‍, ഒ.പി വിഭാഗത്തില്‍ രോഗികളില്ലാത്തതിനാല്‍ രോഗികളെ വാടകയ്‌ക്കെടുത്ത അതേ സംഭവമായിരുന്നു ഉത്തര്‍പ്രദേശിലെ എം.സി സക്‌സേന ഗ്രൂപ്പ് ഓഫ് കോളേജിലും കണ്ടത്.

കോളേജിന്റെ ഭാഗമായുള്ള ആശുപത്രിക്ക് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിക്കുന്നതിന് വേണ്ടിയാണ് ആശുപത്രിയില്‍ രോഗികളായി അഭിനയിക്കാന്‍ ആളുകളെ വാടകയ്ക്ക് എടുത്തത്.

Dr. M. C. Saxena Group of Colleges

രഹസ്യവിവരത്തെ തുടര്‍ന്ന് അന്വേഷണം നടത്തിയപ്പോള്‍ കള്ളി വെളിച്ചത്താവുകയായിരുന്നു.

സംഭവം വിവാദമായതോടെ ലഖ്‌നൗ ചീഫ് മെഡിക്കല്‍ ഓഫീസര്‍ എം.സി സക്‌സേന ഗ്രൂപ്പ് ഓഫ് കോളേജിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

‘എം.സി സക്‌സേന ഗ്രൂപ്പ് ഓഫ് കോളേജ് മാനേജ്‌മെന്റിന് തിങ്കളാഴ്ച വരെ അവരുടെ ഭാഗം വിശദീകരിക്കാനുള്ള സമയം നല്‍കിയിട്ടുണ്ട്. മാനേജ്‌മെന്റിന്റെ ഭാഗം അറിഞ്ഞതിന് ശേഷം അവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കും,’ ലഖ്‌നൗ അഡീഷണല്‍ സി.എം.ഓ ഡോ. എ.പി. സിംഗ് പറഞ്ഞു.

9ാം തിയതിയായിരുന്നു രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസിന്റെ നേതൃത്വത്തില്‍ ആശുപത്രിയില്‍ റെയ്ഡ് നടത്തിയത്. റെയ്ഡില്‍ രോഗികള്‍ എന്ന പേരില്‍ പ്രവേശിപ്പിച്ചിരുന്ന നിരവധി ആളുകളെ ആശുപത്രി അധികൃതര്‍ തന്നെ ഏര്‍പ്പാടാക്കിയതാണെന്ന് തെളിയുകയായിരുന്നു.

അതേസയം, ഉത്തര്‍പ്രദേശിലെ മറ്റൊരു ആശുപത്രിയില്‍ ഹോസ്പിറ്റല്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ച് ഒരു സ്വകാര്യ ഡോക്ടറെ നിയമിച്ചതിനെ കുറിച്ച് അന്വേഷിക്കാന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഉത്തരവിട്ടിരുന്നു.

Content highlight:  UP hospital gets notice for ‘hiring’ labourers as patients