ലഖ്നൗ: ഉത്സവകാലത്ത് അരാജകത്വം പ്രചരിപ്പിക്കുന്നവര്‍ക്ക് വരും തലമുറകള്‍ പോലും മറക്കാത്ത തരത്തിലുള്ള ശിക്ഷ നല്‍കുമെന്ന ഭീഷണിയുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഘസ്വാ-ഇ-ഹിന്ദ് (ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാനുള്ള ശ്രമം) ഇന്ത്യയില്‍ സംഭവിക്കില്ലെന്നും അത് സ്വപ്നം കാണുന്നതും സങ്കല്പിക്കുന്നതും നരകത്തിലേക്ക് നയിക്കുമെന്നും ആദിത്യനാഥ് പറഞ്ഞു. ബല്‍റാംപൂരില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.
സെപ്റ്റംബര്‍ 26ന് ബറേലിയില്‍ പള്ളിക്ക് പുറത്ത് ‘ഐ ലവ് മുഹമ്മദ്’ എന്നീ പോസ്റ്ററുകളുമായി എത്തിയ ജനക്കൂട്ടത്തിന് നേരെ പൊലീസിന്റെ നടപടിയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആദിത്യനാഥിന്റെ പ്രസ്താവന.
‘അരാജകത്വം ജന്മാവകാശമെന്ന് കരുതുന്നവര്‍ തങ്ങളുടെ മിഥ്യാധാരണകള്‍ കളയണം. സമാജ് വാദി പാര്‍ട്ടിയോ കോണ്‍ഗ്രസോ ഭരിച്ചിരുന്ന കാലം കഴിഞ്ഞു. ഘസ്വാ-ഇ-ഹിന്ദ് ഇന്ത്യന്‍ മണ്ണില്‍ ഒരിക്കലും സംഭവിക്കില്ല.
ഘസ്വാ-ഇ- ഹിന്ദിനെ കുറിച്ച് സ്വപ്നം കാണുന്നത് പോലും നരകത്തിലേക്കുള്ള വഴി തുറക്കും. നരകത്തില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ ഘസ്വാ-ഇ-ഹിന്ദിന്റെ പേരില്‍ അക്രമം നടത്താന്‍ ശ്രമിക്കട്ടെ,’ ആദിത്യനാഥ് പറഞ്ഞു.
വിശ്വാസം കവലകളില്‍ പ്രദര്‍ശിപ്പിക്കേണ്ടതല്ലെന്നും മറിച്ച് ഹൃദയങ്ങളിലാണ് ഉണ്ടാവേണ്ടതെന്നും ആദിത്യനാഥ് പറഞ്ഞു. സയന്‍സ്, കണക്ക് ബുക്കുകള്‍, പേന, നോട്ട്ബുക്ക് എന്നിവയാണ് പിടിക്കേണ്ടതാണ് കുട്ടികളുടെ കൈകള്‍. എന്നാല്‍ ചിലര്‍ അവരെക്കൊണ്ട് ‘ഐ ലവ് മുഹമ്മദ്’ പോസ്റ്ററുകള്‍ പിടിപ്പിച്ച് കൊണ്ട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ്. അവര്‍ സ്വന്തം ജീവിതം നശിപ്പിച്ചതിന് ശേഷം കുട്ടികളുടെ ജീവിതം കൂടി നശിപ്പിക്കുകയാണെന്നും സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സംസ്ഥാനത്തെ പ്രതിഷേധങ്ങള്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്തതാണെന്ന് യു.പി. കോണ്‍ഗ്രസ് ചീഫ് അജയ് റായ് പറഞ്ഞു. എല്ലാവരും അവരുടെ മതങ്ങളെ സ്‌നേഹിക്കുന്നത് തെറ്റല്ലെന്നും പക്ഷേ സര്‍ക്കാര്‍ ജനങ്ങളെ സംഘടിപ്പിച്ച് ഇത് കപടനാടകമാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
‘ബി.ജെ.പി മനപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. വരാനിരിക്കുന്ന ബീഹാര്‍ തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍ വേണ്ടിയാണിത്. ബി.ജെ.പിയും പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി യോഗിയും എന്താണ് ചെയ്യുന്നതെന്ന് ജനങ്ങള്‍ക്ക് മനസിലാകുന്നുണ്ട്,’ അജയ് റായ് പറഞ്ഞു.
Content Highlight: UP CM Yogi Adithyanath warns that those who spreading Anarchy will pay price that generation will remember in ‘I Love Muhammed’ Protest