ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് ബി.ജെ.പി എം.എല്‍.എയായ പിതാവ് ഭീഷണിപ്പെടുത്തുന്നതായി മകള്‍, വീഡിയോ
national news
ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് ബി.ജെ.പി എം.എല്‍.എയായ പിതാവ് ഭീഷണിപ്പെടുത്തുന്നതായി മകള്‍, വീഡിയോ
ന്യൂസ് ഡെസ്‌ക്
Thursday, 11th July 2019, 9:07 am

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ രാജേഷ് മിശ്ര ഭീഷണിപ്പെടുത്തുന്നതായി മകളുടെ പരാതി. ദളിത് യുവാവിനെ വിവാഹം കഴിച്ചതിനാണ് രാജേഷ് മിശ്ര ഭീഷണിപ്പെടുത്തുന്നതെന്ന് മകള്‍ സാക്ഷി മിശ്ര പറയുന്നു.

സാമൂഹിക മാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവെച്ചാണ് സാക്ഷി പരാതിയുമായി രംഗത്തെത്തിയത്. ദളിത് വിഭാഗത്തില്‍പ്പെട്ട അജിതേഷ് കുമാര്‍ എന്ന യുവാവും സാക്ഷിയും തമ്മില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് വിവാഹിതരായത്.

കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്നായിരുന്നു ഇവര്‍ വിവാഹിതരായത്. വിവാഹത്തിനു ശേഷം പിതാവ് നിരന്തരം ഭീഷണിപ്പെടുത്തുന്നതായും തന്നെയും ഭര്‍ത്താവിനെയും ഇല്ലാതാക്കാനാണ് ശ്രമമെന്നും യുവതി ആരോപിക്കുന്നു.

തനിക്കും ഭര്‍ത്താവിനും എന്തെങ്കിലും സംഭവിച്ചാല്‍ പിതാവായിരിക്കും ഉത്തരവാദിയെന്നും സാക്ഷി മിശ്ര പറയുന്നുണ്ട്. തനിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നും ബി.ജെ.പി എം.എല്‍.എമാരോ എം.പിമാരോ തന്റെ പിതാവിനെ ഒരിക്കലും സഹായിക്കരുതെന്നും യുവതി വീഡിയോയില്‍ പറയുന്നുണ്ട്.

അതേസമയം, യുവതിയുടെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ദമ്പതികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ആര്‍.കെ പാണ്ഡെ വ്യക്തമാക്കി.

സാക്ഷിയുടെ വീഡിയോ വൈറലായതോടെ രാജേഷ് മിശ്രയുടെ പ്രതികരണം തേടിയെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായില്ലെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.