അഞ്ചോ പത്തോ സിനിമകളില്‍ അഭിനയിച്ചതിന്റെ പേരില്‍ ആരും സിനിമാ നടനാകില്ല; സൗഹൃദം കാരണമാണ് ഈ സിനിമകളൊക്കെ ചെയ്തത്: ഉണ്ണി മുകുന്ദന്‍
Entertainment news
അഞ്ചോ പത്തോ സിനിമകളില്‍ അഭിനയിച്ചതിന്റെ പേരില്‍ ആരും സിനിമാ നടനാകില്ല; സൗഹൃദം കാരണമാണ് ഈ സിനിമകളൊക്കെ ചെയ്തത്: ഉണ്ണി മുകുന്ദന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 22nd May 2022, 12:48 pm

നടനെന്ന രീതിയിലുള്ള തന്റെ പ്രകടനത്തെക്കുറിച്ച് സംസാരിച്ച് ഉണ്ണി മുകുന്ദന്‍. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം

”നടനെന്ന രീതിയില്‍ ആഗ്രഹങ്ങള്‍ മുഴുവന്‍ സാധിച്ചിട്ടില്ല. സിനിമയില്‍ 10 വര്‍ഷം എന്ന് പറയുന്നത് ഒരു വാംഅപ് മാത്രമാണ്. എനിക്ക് തോന്നുന്നു ഇനി അങ്ങോട്ടാണ് നമ്മള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന സിനിമകളുടെ സ്റ്റാര്‍ട്ടിങ്ങ്. ഈ ഇന്‍ഡസ്ട്രിയില്‍ വന്ന് ഒരു പടം ചെയ്തപ്പോള്‍ തന്നെ ഒരു നടനായി എന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല. എനിക്കതിന് ഒരു അഞ്ചാറ് വര്‍ഷം തന്നെ എടുത്തു.

ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്, വിക്രമാദിത്യന്‍ എന്ന സിനിമക്ക് ശേഷമാണ്, ആക്ടിങ്ങ് എനിക്ക് പറ്റുന്ന ഒരു കാര്യമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. അഞ്ചോ പത്തോ സിനിമകളില്‍ അഭിനയിച്ചു, എന്നതിന്റെ പേരില്‍ ആരും ഒരു സിനിമാ നടനാകും എന്ന് എനിക്ക് തോന്നിയിട്ടില്ല.

അതൊരു ആര്‍ട്ടാണ്, ക്രാഫ്റ്റാണ്, അതിനെ റെസ്‌പെക്ട് ചെയ്യണം. നമ്മള്‍ സാധാരണ ഒരു കമ്പനിയില്‍ വര്‍ക്ക് ചെയ്യാന്‍ പോയാലും ഒരു പ്രൊബേഷണറി പിരീഡ് ഉണ്ട്. എനിക്ക് ഇതൊക്കെ പഠിച്ചെടുക്കാനും മനസിലാക്കാനും ഒരു അഞ്ചാറ് വര്‍ഷമെടുത്തു.

ഇപ്പോള്‍ കുറച്ചുകൂടി കംഫര്‍ട്ടബിള്‍ ആണ് ഞാന്‍. അത് ചിലപ്പോള്‍ വര്‍ക്കില്‍ കാണുന്നുണ്ടാകും,” താരം പറഞ്ഞു.

ബ്രോ ഡാഡി, ഗ്രേറ്റ് ഗ്രാന്റ് ഫാദര്‍ എന്നീ സിനിമകളില്‍ ഗസ്റ്റ് റോളുകളില്‍ എത്തിയതിനെക്കുറിച്ചും നടന്‍ അഭിമുഖത്തില്‍ സംസാരിച്ചു

”സൗഹൃദമാണ് കാരണം. ജയറാമേട്ടന്‍ ഒരു ഗസ്റ്റ് റോള്‍ ചെയ്യണമെന്ന് വിളിച്ച് പറഞ്ഞാല്‍ നമ്മള്‍ ചെയ്യും. എടാ, ഒരു ഗസ്റ്റ് റോളുണ്ട് എന്ന് രാജു പറഞ്ഞാല്‍ ചെയ്യുന്നു. ഇതൊക്കെ ഫ്രണ്ട്ഷിപ്പിന്റെ ബേസിലാണ്. ഇതൊക്കെ കണ്ടാല്‍ തന്നെ മനസിലാകുന്ന കാര്യങ്ങളാണ്.

പിന്നെ, ഇത് ചെയ്തില്ലെങ്കില്‍ എന്റെ കരിയറിന് എന്തെങ്കിലും സംഭവിക്കും എന്ന ഇന്‍സെക്യൂരിറ്റിയൊന്നും എനിക്കില്ല. ഒരു പേഴ്‌സണ്‍ എന്ന നിലയിലും ആക്ടര്‍ എന്ന നിലയിലും ഞാന്‍ കോണ്‍ഫിഡന്റാണ്.

എന്നോടുള്ള ഇഷ്ടം കൊണ്ടായിരിക്കണം അവര്‍ വിളിക്കുന്നത്. ഞാന്‍ കുറച്ചുകൂടി സ്‌ക്രീന്‍ സ്‌പേസില്‍ വരാനാഗ്രഹിക്കുന്നത് കൊണ്ടാകാം. ഇതിലൊരു സൗഹൃദമുണ്ട്. ഞാന്‍ എന്റെ സിനിമകളില്‍ ഇങ്ങനെ ചെറിയ വേഷങ്ങളിലേക്ക് ആരെയും വിളിക്കാറില്ല, അത് വേറെ കാര്യം.

പക്ഷെ, എന്നെ ആരെങ്കിലും വിളിച്ചാല്‍ ഞാന്‍ നോ പറയാറില്ല,” ഉണ്ണി മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാല്‍ നായകനായ ട്വല്‍ത് മാനാണ് ഉണ്ണി മുകുന്ദന്റെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമ ഹോട്‌സ്റ്റാറിലാണ് റിലീസ് ചെയ്തത്.

Content Highlight: Unni Mukundan about his acting career and doing guest roles due to friendships