അന്ന് മലയാളത്തിലെ ആ വലിയ സംവിധായകന്‍ എനിക്ക് കൈ തരില്ലെന്ന് പറഞ്ഞു, എന്റെ പേര് കേട്ടപ്പോള്‍ പരിഹസിച്ചു: ഉണ്ണി ലാലു
Entertainment
അന്ന് മലയാളത്തിലെ ആ വലിയ സംവിധായകന്‍ എനിക്ക് കൈ തരില്ലെന്ന് പറഞ്ഞു, എന്റെ പേര് കേട്ടപ്പോള്‍ പരിഹസിച്ചു: ഉണ്ണി ലാലു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 21st January 2025, 8:54 am

സോഷ്യല്‍ മീഡിയയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് ഉണ്ണി ലാലു. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത് 2017ല്‍ പുറത്തിറങ്ങിയ തരംഗം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. പിന്നീട് മികച്ച സിനിമകളുടെ ഭാഗമാകാന്‍ ഉണ്ണിയ്ക്ക് സാധിച്ചിരുന്നു.

താന്‍ മലയാളത്തിലെ വലിയ ഒരു ഡയറക്ടറെ കാണാന്‍ പോയപ്പോള്‍ ഉണ്ടായ അനുഭവം പങ്കുവെക്കുകയാണ് ഉണ്ണി ലാലു. അന്ന് ആ സംവിധായകന് നേരെ കൈ നീട്ടിയപ്പോള്‍ ‘കൈ തരാന്‍ പറ്റില്ല’ എന്ന് പറഞ്ഞുവെന്നും തന്റെ പേര് പറഞ്ഞപ്പോള്‍ പരിഹസിച്ചുമെന്നുമാണ് നടന്‍ പറയുന്നത്. സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉണ്ണി ലാലു.

‘ഞാന്‍ നഹാസിന്റെ (നഹാസ് ഹിദായത്ത്) ആരവം എന്ന സിനിമ ചെയ്യാനിരിക്കുന്ന സമയമായിരുന്നു. ആ സമയത്ത് മലയാളത്തിലെ വലിയ ഒരു ഡയറക്ടറെ ഞാന്‍ പോയി കണ്ടു. അദ്ദേഹത്തിന്റെ പടം തുടങ്ങിയിരുന്നില്ല. കുറച്ച് ദിവസം കൊണ്ട് തുടങ്ങാന്‍ നില്‍ക്കുന്ന സമയമായിരുന്നു.

അപ്പോള്‍ ഞാന്‍ ചാന്‍സിന് വേണ്ടിയായിരുന്നു പോയത്. ചെന്ന സമയത്ത് ഞാന്‍ അദ്ദേഹത്തിന് നേരെ കൈ നീട്ടി. ഒരാള്‍ ആദ്യമായി കൈ തരുമ്പോള്‍ അദ്ദേഹം പറയുകയാണ് ‘കൈ തരാന്‍ പറ്റില്ല’ എന്ന്. അവിടെ നമ്മളുടെ കോണ്‍ഫിഡന്‍സ് പോയി. പിന്നെ എന്തൊക്കെ പറഞ്ഞിട്ടും കാര്യമില്ലല്ലോ.

ഞാന്‍ നിങ്ങളുടെ നേരെ കൈ നീട്ടുമ്പോള്‍ കൈ തരാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ അവിടെ തീരില്ലേ. അദ്ദേഹം അത് പറഞ്ഞപ്പോള്‍ എന്റെ കോണ്‍ഫിഡന്‍സ് പോയി. എന്തുകൊണ്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് എനിക്ക് അറിയില്ല.

പിന്നെ അദ്ദേഹം എന്നോട് അവിടെ ഇരിക്കാന്‍ പറഞ്ഞു. എന്റെ പേര് ചോദിച്ചതും ഞാന്‍ ഉണ്ണി എന്ന് മറുപടി നല്‍കി. അപ്പോള്‍ ഉടനെ അദ്ദേഹം പറഞ്ഞത് ‘എടാ, ഒരു ഉണ്ണി വന്നിട്ടുണ്ട്. മുട്ടയിലെ ഉണ്ണി’ എന്നായിരുന്നു.

അദ്ദേഹം ചിലപ്പോള്‍ അത് ഒരു തമാശക്ക് വേണ്ടി പറഞ്ഞതാകും. പക്ഷെ നമ്മളെ സംബന്ധിച്ചിടത്തോളം അതൊരു തമാശയല്ല. അദ്ദേഹം വേണമെങ്കില്‍ ഞാന്‍ ഇവിടെ പറയുന്നത് കാണാം. ഏയ്, കാണാന്‍ ചാന്‍സില്ല. അന്ന് അദ്ദേഹം തമാശയായി പറഞ്ഞ കാര്യം എനിക്ക് തമാശയായി തോന്നിയിട്ടില്ല,’ ഉണ്ണി ലാലു പറഞ്ഞു.

Content Highlight: Unni Lalu talks about his bad experience from a big Malayalam director