ബീജിങ്: ചൈന സന്ദര്‍ശിക്കാനെത്തിയ അമേരിക്കന്‍-ചൈനീസ് ഉദ്യോഗസ്ഥന് യു.എസിലേക്ക് മടങ്ങാന്‍ അനുമതിയില്ല. യു.എസ് വാണിജ്യ വകുപ്പിന് കീഴിലുള്ള യു.എസ് പേറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫീസിലെ ഉദ്യോഗസ്ഥന്‍ ചെന്യു മാവോയാണ് ചൈനയില്‍ കുടുങ്ങിയത്.
യു.എസ് ജീവനക്കാരന് ചൈനയില്‍ നിന്ന് മടങ്ങാന്‍ തടസമുണ്ടെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. വിസയ്ക്ക് അപേക്ഷിച്ചപ്പോള്‍ യു.എസ് ജീവനക്കാരന്‍ തന്റെ ജോലി സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഏപ്രിലില്‍ സിചുവാനിലെ ചെങ്ഡുവില്‍ വെച്ച് യു.എസ് ജീവനക്കാരനെ കസ്റ്റഡിയിലെടുത്തിരുന്നതായി സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. കസ്റ്റഡിയിലാകുന്നതിന് മാസങ്ങള്‍ക്ക് മുമ്പേ ഇയാള്‍ കുടുംബത്തെ സന്ദര്‍ശിക്കാന്‍ ചൈനയില്‍ എത്തിയിരുന്നു.
ജോലിയുടെ ഭാഗമായോ മറ്റു ഔദ്യോഗിക ആവശ്യങ്ങള്‍ക്കായോ വേണ്ടിയല്ല യു.എസ് ജീവനക്കാരന്‍ ചൈന സന്ദര്‍ശിച്ചതെന്ന് അല്‍ജസീറയും റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ യാത്രക്കിടെ ചൈനീസ് അധികൃതര്‍ ജീവനക്കാരനെ എക്‌സിറ്റ് നിരോധനത്തിന് വിധേയമാക്കിയതായാണ് വിവരം.
‘നിലവില്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. പ്രശ്‌നം പരിഹരിക്കുന്നതിനായി ചൈനീസ് അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്. വിഷയം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. യു.എസ് പൗരന്മാരുടെ സുരക്ഷയെക്കാള്‍ വേറൊന്നിനും മുന്‍ഗണന നല്‍കുന്നില്ല,’ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പറഞ്ഞു.
അതേസമയം വിഷയത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ പങ്കിടാന്‍ തയ്യാറല്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവോ ജിയാകുന്‍ മാധ്യമങ്ങളോട് പറഞ്ഞു. യു.എസ് പൗരനെതിരായ നടപടി കൈകാര്യം ചെയ്യുകയാണെന്നും ഗുവോ പ്രതികരിച്ചു.
കഴിഞ്ഞ ദിവസം ചെന്യു മാവോ ചൈനയുടെ എക്‌സിറ്റ് വിലക്ക് നേരിടുന്നുണ്ടെന്ന് ബീജിങ് അറിയിച്ചിരുന്നു. വാണിജ്യ-വ്യാപാര വിഷയങ്ങളിലും മറ്റും ചൈന-യു.എസ് ബന്ധം വഷളായിരിക്കെയാണ് അമേരിക്കന്‍ ഉദ്യോഗസ്ഥനെതിരായ നടപടി.
ഇന്നലെ (തിങ്കള്‍) ആണവ മിസൈല്‍ വിക്ഷേപണങ്ങള്‍ നടത്തുന്നതിനും ബാലിസ്റ്റിക് മിസൈലുകള്‍ ട്രാക്ക് ചെയ്യുന്നതിനുമായി രൂപകല്‍പ്പന ചെയ്ത ഇന്‍ഫ്രാറെഡ് സെന്‍സറുകള്‍ക്കുള്ള ബ്ലൂപ്രിന്റുകള്‍ ഉള്‍പ്പെടെ രഹസ്യമായി മോഷ്ടിച്ചതിന് ചൈനീസ് പൗരനായ ഒരു യു.എസ് ഗവേഷകന്‍ കുറ്റം സമ്മതിച്ചതായി യു.എസ് കോടതി അറിയിച്ചിരുന്നു.
ഇയാള്‍ 3,600ലധികം ഫയലുകള്‍ രഹസ്യമായി ചോര്‍ത്തിയെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. യു.എസ് വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി ഗവേഷകന്‍ ഒന്നിലധികം തവണ ചൈനയിലേക്ക് പോയിട്ടുണ്ടെന്നും പ്രോസിക്യൂട്ടര്‍മാര്‍ വാദിച്ചു.
ഇതിനുപിന്നാലെയാണ് യു.എസ് ഉദ്യോഗസ്ഥനെതിരായ ചൈനയുടെ നടപടി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുന്നത്.
Content Highlight: Washington says US government employee barred from leaving China