ഫലസ്തീനികൾക്കെതിരെ ഇസ്രഈൽ നടത്തുന്നത് സംഘടിത പീഡനമെന്ന് യു.എൻ; ക്രൂരതകൾ എണ്ണി പറഞ്ഞ് റിപ്പോർട്ട്
United Nations
ഫലസ്തീനികൾക്കെതിരെ ഇസ്രഈൽ നടത്തുന്നത് സംഘടിത പീഡനമെന്ന് യു.എൻ; ക്രൂരതകൾ എണ്ണി പറഞ്ഞ് റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th November 2025, 9:53 pm

ന്യൂയോർക്ക്: ഫലസ്തീനികൾക്കെതിരെ ഇസ്രഈൽ നടത്തുന്നത് സംഘടിത പീഡനമെന്ന് ഐക്യരാഷ്ട്ര സഭ. സംഘടിതവും വ്യാപകവുമായ പീഡനമാണ് ഇസ്രഈൽ നടത്തുന്നതെന്ന് യു.എന്നിന്റെ കമ്മിറ്റി എഗെയ്സ്റ്റ് ടോർച്ചറി (Committee against Torture) ന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ രണ്ട് വർഷമായി യു.എന്നിന്റെ സി.എ.ടി കൺവെൻഷൻ ഇസ്രഈൽ പാലിച്ചിട്ടുണ്ടോ എന്ന വിലയിരുത്തലിലാണ് ഗുരുതരമായ പീഡനങ്ങൾ നടന്നതായി കണ്ടെത്തിയത്.

കടുത്ത മർദ്ദനം, വൈദ്യുതാഘാതമേൽപ്പിക്കൽ, വാട്ടർബോർഡിംഗ്, നായ്ക്കളുടെ ആക്രമണം, ലൈംഗിക അതിക്രമം, കടുത്ത നിയന്ത്രണങ്ങൾ, തടവുകാരെ മൃഗങ്ങളെപ്പോലെ പെരുമാറാൻ നിർബന്ധിക്കുക തുടങ്ങിയ ക്രൂരമായ പീഡനങ്ങൾ ഇസ്രഈൽ ഫലസ്തീനികൾക്കെതിരെ നടത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. ആസൂത്രിതമായി വൈദ്യ സഹായം നിഷേധിച്ചിരുന്നെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി.

2023 ഒക്ടോബർ ഏഴിന് ഗസയിലെ വംശഹത്യ ആരംഭിച്ചതുമുതൽ ഇസ്രഈൽ ഈ നയം നടത്തിയിരുന്നെന്നും സി.എ.ടി വ്യക്തമാക്കി. ഫലസ്തീൻ ജനതയ്ക്ക് ക്രൂരവും അപമാനകരവും മനുഷ്യത്വ രഹിതവുമായ ജീവിത സാഹചര്യങ്ങളാണ് ഇസ്രഈൽ സൃഷ്ടിക്കുന്നതെന്ന് റിപ്പോർട്ടിൽ സി.എ.ടി പറഞ്ഞു.

ഈ ക്രൂരതകൾ തടയാൻ അന്താരാഷ്ട്ര സമൂഹം നടപടി സ്വീകരിക്കണമെന്നും നിലവിൽ ഇസ്രഈൽ നടത്തുന്ന പീഡനങ്ങളെ പുനപരിശോധിക്കുന്നതിനായി ഒരു സ്വതന്ത്ര അന്വേഷണ കമ്മീഷൻ സ്ഥാപിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

മാനുഷിക സഹായം ഉടനടി ലഭ്യമാക്കണമെന്നും ഗസയിലേക്ക് സഹായ പ്രവർത്തകർക്ക് തടസ്സമില്ലാതെ പ്രവേശനം നൽകണമെന്നും കമ്മിറ്റി അറിയിച്ചു. മാനുഷിക പ്രതിസന്ധി നിർണായക ഘട്ടത്തിലെത്തിലാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.

അൽബേനിയ, അർജന്റീന, ബഹ്‌റൈൻ എന്നിവിടങ്ങളിലെ ഗുരുതരമായ പ്രശ്‌നങ്ങളും കമ്മിറ്റി അഭിസംബോധന ചെയ്തിരുന്നു.

Content Highlight: United Nations says Israel’s campaign against Palestinians constitutes organized torture