ഈ നിയമം അത്യാവശ്യമല്ല; കര്‍ണാടകയുടെ വിദ്വേഷ പ്രസംഗവിരുദ്ധ ബില്ലിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം
India
ഈ നിയമം അത്യാവശ്യമല്ല; കര്‍ണാടകയുടെ വിദ്വേഷ പ്രസംഗവിരുദ്ധ ബില്ലിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th May 2026, 9:29 am

ബെംഗളൂരു: വിദ്വേഷ പ്രസംഗങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും തടയുന്നതിനായുള്ള കര്‍ണാടക സര്‍ക്കാരിന്റെ നിയമ നിര്‍മാണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിയോജിപ്പ് പ്രകടിപ്പിച്ചു. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ നിലവിലെ നിയമങ്ങള്‍ പര്യാപ്തമാണെന്നും പുതിയ നിയമനിര്‍മാണത്തിന്റെ ആവശ്യമില്ലെന്നും കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചതായി ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥരെ അധികരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിയമനിര്‍മാണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കര്‍ണാടക സര്‍ക്കാരിനെ വിയോജിപ്പ് അറിയിച്ചതായാണ് വിവരം. ബില്ല് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചതിന് ശേഷമാണ് കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ പ്രതികരണമറിയിച്ചത്.

ഇത്തരമൊരു നിയമനിര്‍മാണം അത്യാവശ്യമല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രതികരണത്തില്‍ പറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 2025ലെ കര്‍ണാടക വിദ്വേഷ പ്രസംഗം വിദ്വേഷ കുറ്റകൃത്യം (തടയല്‍) ബില്ലിലാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. വിദ്വേഷ പ്രസംഗവും വര്‍ഗീയ കുറ്റകൃത്യങ്ങളും തടയാന്‍ ലക്ഷ്യമിട്ടുള്ളതാണ് കര്‍ണാടക സര്‍ക്കാരിന്റെ ബില്‍.

വിദ്വേഷ പ്രസംഗം, വിദ്വേഷ കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്ക് ഒന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷയ്ക്കും 50,000 രൂപ വരെ പിഴയ്ക്കും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ കര്‍ശനമായ ശിക്ഷ നല്‍കണമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്. ഒരു ലക്ഷം രൂപ വരെ പിഴയും ഏഴ് വര്‍ഷം തടവുമാവും കുറ്റകൃത്യം ആവര്‍ത്തിക്കുന്നവര്‍ക്ക് ഈ ബില്‍ പ്രകാരം ശിക്ഷ ലഭിക്കുക.

ഭാരതീയ ന്യായ സംഹിതയിലും മറ്റ് ചില കേന്ദ്ര നിയമങ്ങളിലും വര്‍ഗീയ കുറ്റകത്യങ്ങളെയും വിദ്വേഷ പ്രസംഗങ്ങളെയും തടയാന്‍ നിയമമുണ്ടെന്ന് കേന്ദ്രം സംസ്ഥാന സര്‍ക്കാരിനയച്ച പ്രതികരണത്തില്‍ പറയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മേയ് 12നാണ് ഈ വിഷയത്തില്‍ കേന്ദ്രം കര്‍ണാടക സര്‍ക്കാരിനെ പ്രതികരണമറിയിച്ചതെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കര്‍ണാടക നിയമസഭ പാസാക്കിയ ബില്ലിന് അംഗീകാരം നല്‍കാന്‍ സംസ്ഥാന ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെഹ്ലോട്ട് വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് ബില്ല് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ പരിഗണനയ്ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയക്കുകയായിരുന്നു.

ഒരേ വിഷയത്തില്‍ വ്യത്യസ്ത സംസ്ഥാന നിയനമങ്ങള്‍ വരുന്നത് ഇക്കാര്യത്തില്‍ നിയമങ്ങളുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങള്‍ക്ക് കാരണമാവുമെന്നും കേന്ദ്രം അഭിപ്രായപ്പെടുന്നു. വിവിധ സംസ്ഥാനങ്ങളില്‍ നിയമം നടപ്പാക്കുന്നതില്‍ പൊരുത്തക്കേടുകളുണ്ടാവുമെന്നും കേന്ദ്രസര്‍ക്കാര്‍ അഭിപ്രായപ്പെട്ടു.

കര്‍ണാടക നിയമസഭ ബില്ല് പാസാക്കിയതില്‍ സംസ്ഥാനത്തെ പ്രതിപക്ഷ കക്ഷിയായ ബി.ജെ.പി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ബില്ലിലെ ചില വ്യവസ്ഥകള്‍ ഭരണഘടനാപരമായ അവകാശങ്ങളെ ബാധിക്കും എന്നതടക്കമുള്ള വാദങ്ങള്‍ ഉന്നയിച്ചായിരിന്നു ബില്ല് അംദഗീകരിക്കാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചത്.

Content Highlight: Union Home Ministry expressed reservations over Karnataka hate speech and hate crime prevention law