എഡിറ്റര്‍
എഡിറ്റര്‍
മാരുതി തൊഴിലാളികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ച ഇന്ത്യന്‍ കോടതി വിധിക്കെതിരെ ശ്രീലങ്കയില്‍ തെഴിലാളി സംഘടനകളുടെ പ്രതിഷേധം
എഡിറ്റര്‍
Monday 3rd April 2017 9:49pm

 

കൊളംബോ: മാരുതിയുടെ പ്ലാന്റില്‍ പ്രതിഷേധം സംഘടിപ്പിച്ചതിന്റെ പേരില്‍ തൊഴിലാളികളെ ജീവപര്യന്തം തടവിന് വിധിച്ച ഹരിയാന കോടതി വിധിക്കെതിരെ ശ്രീലങ്കയില്‍ തൊഴിലാളി സംഘടനകളുടെ പ്രതിഷേധം. ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനു മുന്നിലാണ് തൊഴിലാളി സംഘടനകള്‍ കോടതി വിധിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചത്.


Also read ആര്‍.എസ്.എസിനെ നേരിടാന്‍ ഡി.എസ്.എസുമായി ലാലുപ്രസാദ് യാദവിന്റെ മകന്‍


മാരുതി സുസുക്കി ഇന്ത്യയിലെ തൊഴിലാളികളായിരുന്ന 13 പേരെയായിരുന്നു കഴിഞ്ഞ മാര്‍ച്ച് 18ന് ഗുറാഗോണിലെ കോടതി ജീവപര്യന്തം തടവിന് വിധിച്ചത്. പ്ലാന്റില്‍ സംഘടിപ്പിച്ച പ്രതിഷേധങ്ങളുടെ പേരില്‍ കൊലപാതക കുറ്റവും കലാപകുറ്റവും ചുമത്തിയായിരുന്നു തൊഴിലാളികള്‍ക്കെതിരായ കോടതി നടപടി.

തൊഴിലാളികള്‍ക്കെതിരായ നീക്കങ്ങള്‍ അവസാനിപ്പിക്കുക എന്ന മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമായായിരുന്നു തൊഴിലാളികള്‍ ഹൈക്കമ്മീഷനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഹരിയാനയിലെ കോടതിയുടെ വിധി നീതികരിക്കാനാകാത്തതാണെന്നും തൊഴിലാളികള്‍ ആരോപിച്ചു.

‘അവരുടെ ജീവപര്യന്തം മാനേജ്‌മെന്റിന്റെ തിരക്കഥയിലൊരുക്കിയ ഒന്നായിരുന്നെന്ന്’ യൂണിയന്‍ പ്രവര്‍ത്തകന്‍ ദുമിന്ദ നാഗാമുവാ ആരോപിച്ചു. പ്രതിഷേധങ്ങള്‍ക്കിടെ ശ്രീലങ്കന്‍ പ്രധാനമന്ത്രിക്കെതിരെയും തൊഴിലാളി സംഘടനകള്‍ വിമര്‍ശനമുന്നയിച്ചു. രാജ്യത്തെ തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി പ്രധാനമന്ത്രി ഇടപെടുന്നില്ലെന്നായിരുന്നു തൊഴിലാളികളുടെ ആരോപണം.

2012 ഓഗസ്റ്റില്‍ ഹരിയാനിലെ മനേസര്‍പ്ലാന്റിലുണ്ടായ തൊഴിലാളി സമരങ്ങളുടെ ഭാഗമായിട്ടുള്ള പ്രതിഷേധങ്ങളുടെ പേരിലായിരുന്നു തൊഴിലാളികള്‍ക്കെതിരായ കേസുകള്‍. സമരത്തിന്റെ ഭാഗമായി പ്ലാന്റിന്റെ ഒരു ഭാഗം തകര്‍ക്കപ്പെടുകയും ഹ്യൂമണ്‍ റിസോഴ്‌സ് മാനേജര്‍ അവാനിഷ് കുമാര്‍ ദേവ് കൊല്ലപ്പെടുകും ചെയ്തിരുന്നു. ഈ കേസിലാണ് തൊഴിലാളികളെ പ്രതിചേര്‍ത്തതും ശിക്ഷിച്ചതും.

Advertisement