എഡിറ്റര്‍
എഡിറ്റര്‍
ആര്‍.എസ്.എസിനെ നേരിടാന്‍ ഡി.എസ്.എസുമായി ലാലുപ്രസാദ് യാദവിന്റെ മകന്‍
എഡിറ്റര്‍
Monday 3rd April 2017 7:20pm

പട്‌ന: ആര്‍.എസ്.എസിനെതിരെ പുതിയ സംഘടനയുമായി ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദിന്റെ മകനും ബീഹാര്‍ ആരോഗ്യ മന്ത്രിയുമായ തേജ് പ്രതാപ് യാദവ് രംഗത്ത്. ആര്‍.എസ്.എസിനെതിരെ യുവാക്കളെ അണിനിരത്തുന്നതിനായി ഡി.എസ്.എസ് എന്ന പുതിയ യുവജന സംഘടന തേജ് പ്രതാപ് ഇന്നലെ പ്രഖ്യാപിച്ചു.


Also read വോട്ടിങ് മെഷീന്‍തിരിമറി; 72 മണിക്കൂര്‍ ഞങ്ങള്‍ക്ക് നല്‍കൂ ക്രമക്കേട് ക്യാമറയ്ക്ക് മുന്നില്‍ തെളിയിക്കാം; തെരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് കെജ്‌രിവാള്‍ 


‘രാഷ്ട്രീയ സ്വയംസേവക് സംഘി’നെതിരെ ‘ധര്‍മ്മനിരപേക്ഷ സേവക് സംഘ്’ എന്ന സംഘടനക്കാണ് ബീഹാര്‍ ആരോഗ്യ മന്ത്രി രൂപം നല്‍കിയിരിക്കുന്നത്. ‘ഇതൊരു ട്രെയിലര്‍ മാത്രമാണെന്നും കംപ്ലീറ്റ് ചിത്രം വരാനിരിക്കുന്നതേയുള്ളുവെന്നുമാണ് സംഘടനയുടെ പ്രഖ്യാപന വേളയില്‍ തേജ് പ്രതാപ് സംഘടനയെക്കുറിച്ച് പറഞ്ഞത്.

ആര്‍.എസ്.എസ് ഇന്ന് മത വിദ്വേഷം പരത്താനാണ് ശ്രമിക്കുന്നതെന്നും അവരുടെ ആശയങ്ങളെ എതിര്‍ക്കുകയാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും പ്രവര്‍ത്തകരോടെപ്പം നടത്തിയ രഥയാത്രക്കിടെ തേജ്പ്രതാപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപം നല്‍കിയ ഹിന്ദു യുവ വാഹിനിയെയും രഥ് യാത്രക്കിടെ തേജ് വിമര്‍ശിച്ചു. ഹിന്ദു യുവ വാഹിനി പോലുള്ള സംഘടനകള്‍ ബീഹാറില്‍ വേരോട്ടമുണ്ടാകാന്‍ ശ്രമിക്കുകയാണെന്നും ഇതിനെ തടയേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും തേജ് പറഞ്ഞു.

പുതിയ സംഘടന രൂപീകരിച്ച തേജ് പ്രതാപിനെ പരിഹസിച്ച് കൊണ്ട് ബി.ജെ.പി നേതാക്കളും രംഗത്തെത്തി. ആര്‍.എസ്.എസിനെ കൂടുതല്‍ പഠിക്കാനായി തേജ്പ്രതാപ് ഒരു വര്‍ഷം സംഘടനയില്‍ ചേര്‍ന്ന് ട്രൌസറിട്ട് ഭാരത് മാതാ കീ ജയ് മന്ത്രം ഉരുവിട്ട് അനുഭവ സമ്പത്തുണ്ടാക്കാന്‍ തയ്യാറാകണമെന്നായിരുന്നു ബി.ജെ.പി നേതാവ് സുശീല്‍ കുമാര്‍ മോഡിയുടെ പ്രതികരണം. എന്നാല്‍ സുശീല്‍ കുമാറിന് തക്കതായ മറുപടിയും തേജ് നല്‍കി ‘പകുതി മനസുള്ളവരാണ് പകുതി പാന്റിട്ട് നടക്കുന്നവരെന്നായിരുന്നു’ തേജിന്റെ വാക്കുകള്‍.

Advertisement