തിരുവനന്തപുരം: വയനാട് ദുരന്തമുഖത്തെ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിന് യൂണിസെഫിന്റെ അഭിനന്ദനം. ദുരന്തബാധിതരായ 400ലധികം വരുന്ന കുട്ടികളിലെ മാനസികാഘാതം കുറയ്ക്കാന്‍ വിദ്യാഭ്യാസവകുപ്പ് നടപ്പാക്കിയ വിവിധ പരിപാടികളാണ് അഭിനന്ദനത്തിന് അര്‍ഹമായത്.
എക്സില്‍ പങ്കുവെച്ച യൂണിസെഫിന്റെ അഭിനന്ദന പോസ്റ്റ് ഷെയര്‍ ചെയ്തുകൊണ്ട് സംസ്ഥാന പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ 27ന് ദുരന്തമുഖത്തെ വിദ്യാഭ്യാസവകുപ്പിന്റെ ഇടപെടല്‍ സംബന്ധിച്ച് ശിവന്‍കുട്ടി ഒരു വീഡിയോ പങ്കുവെച്ചിരുന്നു.
ഈ പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് സംസ്ഥാന സര്‍ക്കാരിന് യൂണിസെഫ് അഭിനന്ദനം അറിയിച്ചത്. ഏതൊരു ദുരന്തത്തിലും ഏറ്റവും കൂടുതല്‍ ദുര്‍ബലരാകുന്നത് കുട്ടികളാണ്. വയനാട്ടിലെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും കുട്ടികളുടെ ആവശ്യങ്ങളോടുള്ള കേരളത്തിന്റെ പ്രതികരണം പ്രശംസനീയമാണ്. ദുരന്ത പ്രതിരോധശേഷിയുള്ളതും ശിശു സൗഹൃദപരവുമായ ഒരു കേരളം കെട്ടിപ്പടുക്കുന്നതിന് സംസ്ഥാനത്തെ പിന്തുണയ്ക്കുന്നതിനുള്ള പ്രതിബദ്ധത യൂണിസെഫ് വീണ്ടും ഉറപ്പിക്കുന്നുവെന്നുമാണ് സംഘടന എക്സില്‍ കുറിച്ചത്.
തുടര്‍ന്ന് യൂണിസെഫിന്റെ സാമ്പത്തിക സഹായത്തോടെയാണ് ദുരന്തബാധിതരായ വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ തയ്യാറാക്കിയതെന്ന് മന്ത്രിയും വ്യക്തമാക്കി.
‘400 കുട്ടികള്‍ക്കായി 14 പ്രത്യേക പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങള്‍ സജ്ജമാക്കി. യോഗ്യരായ വിദ്യാ വോളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുകയും പ്രത്യേക പരിശീലനം നല്‍കുകയും ചെയ്തു. മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനായി ഈ കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം ലഭിച്ച കൗണ്‍സിലര്‍മാരെ ഉപയോഗിച്ച് കൗണ്‍സിലിങ് ക്ലാസുകള്‍ സംഘടിപ്പിച്ചു. കുട്ടികളിലുണ്ടായ മാനസിക സാമൂഹിക പ്രശ്‌നങ്ങളില്‍ നേരിട്ട് ഇടപെടുകയും പരിഹാര നിര്‍ദേശങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുകയും ചെയ്തു. അത്യാവശ്യം വേണ്ട കുട്ടികള്‍ക്ക് അക്കാദമിക പിന്തുണയും ഉറപ്പാക്കി. സ്‌കൂളിലെ അധ്യാപകര്‍ക്കും കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്കും കൗണ്‍സിലിങ് പരിപാടികള്‍ നടത്തുകയുണ്ടായി,’ മന്ത്രി വി. ശിവന്‍കുട്ടി വിശദീകരിച്ചു.