ചണ്ഡീഗഡ്: പഞ്ചാബിൽ ബി.ജെ.പി അപ്രഖ്യാപിത രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതായി വിമർശിച്ച് മുഖ്യമന്ത്രി ഭഗവന്ത് മാൻ. ഒരു വശത്ത് പഞ്ചാബ് തങ്ങളുടെ ഭക്ഷണപാത്രമാണെന്ന് പറയുകയും മറുവശത്ത് നഷ്ട്ടം സംഭവിക്കുമ്പോൾ പണം നൽകാതിരിക്കുകയുമാണ് കേന്ദ്ര സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഗവർണർ പ്രധാനമന്ത്രിയെ കാണുന്നുണ്ടെന്നും എന്നാൽ അദ്ദേഹത്തിന് മുഖ്യമന്ത്രിയെ കാണാൻ സമയം ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഗവർണർ പ്രധാനമന്ത്രിയെ സന്ദർശിക്കാറുണ്ട്. എന്നാൽ മുഖ്യമന്ത്രിയെ കാണാൻ അദ്ദേഹത്തിന് സമയം ലഭിക്കുന്നില്ല. പഞ്ചാബിൽ ബി.ജെ.പി അപ്രഖ്യാപിത രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. പഞ്ചാബ് ഭക്ഷണം നൽകാതിരുന്നാൽ നിങ്ങൾ എന്ത് ചെയ്യും. പഞ്ചാബ് ഭക്ഷണ പാത്രമാണെന്ന് പറയുകയും അതേസമയം നഷ്ട്ടം സംഭവിക്കുമ്പോൾ പണം നൽകാതിരിക്കുകയുമാണ് കേന്ദ്രം ചെയ്യുന്നത്,’ ഭഗവന്ത് മാൻ മാധ്യമപ്രർത്തകരോട് പറഞ്ഞു.
ബീഹാറിലെ സ്ത്രീകൾക്ക് 7000 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും പഞ്ചാബിലെ സ്ത്രീകളുടെ ദുരവസ്ഥയും ബുദ്ധിമുട്ടുകളും കേന്ദ്ര സർക്കാർ ശ്രദ്ധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘തെരഞ്ഞെടുപ്പ് നടക്കുന്ന ബീഹാറിൽ ഏകദേശം 7000 കോടി രൂപ സ്ത്രീകൾക്കായി കേന്ദ്രസർക്കാർ നൽകുന്നുണ്ട്. ഇവിടെയും സ്ത്രീകൾ മുങ്ങി മരിക്കുന്നു. അവരുടെ വീടുകളും വെള്ളത്തിലാണ് അവരും കുടിലുകളിലാണ് താമസിക്കുന്നത്. എന്നാൽ ഇവിടെയുള്ള സഹോദരിമാരെയും അമ്മമാരെയും അവർ ശ്രദ്ധിക്കുന്നില്ല,’ മാൻ പറഞ്ഞു.
നേരത്തെ പഞ്ചാബ് ധനമന്ത്രി ഹർപാൽ സിങ് ചീമ 20000 കോടി രൂപ സഹായമായി ആവശ്യപ്പെട്ടപ്പോൾ 1600 കോടി രൂപ മാത്രമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചതെന്നും ഇതുവരെയത് വിതരണം ചെയ്തിട്ടില്ലെന്നും ഭഗവന്ത് മാൻ പറഞ്ഞു.
പഞ്ചാബിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ ഉണ്ടെന്നും ഇതെല്ലാം കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി താൻ ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആദ്യ ദിവസം തന്നെ രണ്ട് ബി.ജെ.പി എം.എൽ. എമാർ സഭയിൽ നിന്നും ഒഴിഞ്ഞു മാറിയത് നിർഭാഗ്യകരമെന്ന് ഹർപാൽ സിങ് ചീമ പറഞ്ഞു. സമയം നൽകിയിട്ടും പഞ്ചാബിന്റെ ആശങ്കകൾ കേന്ദ്രത്തോട് അവർ ഉന്നയിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: Undeclared President’s rule imposed in Punjab; Bhagwant Mann criticizes the Center