നയപ്രഖ്യാപനത്തില്‍ അനിശ്ചിതത്വം; പ്രസംഗത്തില്‍ ഒപ്പിടാതെ ഗവര്‍ണര്‍, മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കരുതെന്ന് ആവശ്യം
Kerala News
നയപ്രഖ്യാപനത്തില്‍ അനിശ്ചിതത്വം; പ്രസംഗത്തില്‍ ഒപ്പിടാതെ ഗവര്‍ണര്‍, മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കരുതെന്ന് ആവശ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th February 2022, 6:24 pm

തിരുവനന്തപുരം: നിയമസഭ സമ്മേളനം തുടങ്ങാനിരിക്കെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കണമെങ്കില്‍ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന നടപടി റദ്ദാക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു.

പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍ സി.എ.ജിയേയും ബന്ധപ്പെട്ടിട്ടുണ്ട്. സി.എ.ജിയെ നേരില്‍ വിളിച്ചാണ് ഗവര്‍ണര്‍ ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ടത്.

നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ അംഗീകരിച്ച് തിരികെ സര്‍ക്കാറിലേക്ക് അയക്കണമെന്നാണ് ചട്ടം. ഇതിനു ശേഷമാണ് വെള്ളിയാഴ്ച നിയമസഭയില്‍ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തുക.

നിയമസഭ സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് രാജ് ഭവനിലെത്തി ഗവര്‍ണറെ കണ്ട് നയപ്രഖ്യാപന പ്രസംഗം കൈമാറിയത്.

നേരത്തെ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ സര്‍ക്കാരുമായി നേരിട്ട് ഏറ്റുമുട്ടിയിരുന്നു.

പിന്നീട് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടാണ് വിഷയം ഒത്തുതീര്‍പ്പാക്കിയത്. ഈ അടുത്ത് ജന്മഭൂമി മുന്‍ എഡിറ്ററെ എതിര്‍പ്പ് പരസ്യമാക്കി തന്നെ ഗവര്‍ണറുടെ പി.ആര്‍.ഒ ആയി സര്‍ക്കാര്‍ നിയമിച്ചിരുന്നു. ഗവര്‍ണര്‍ ആവശ്യപ്പെട്ട പ്രകാരം രാജ്ഭവനിലെ ഫോട്ടോഗ്രാഫര്‍ക്കും വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം സ്ഥിര നിയമനം നല്‍കിയിരുന്നു.


Content Highlights: Uncertainty in policy declaration; Governor didn’t ready to sign in the declaration speech