ന്യൂയോർക്ക്: സുഡാനിലെ രണ്ട് വർഷത്തെ യുദ്ധത്തിനൊടുവിൽ ആർ.എസ്.എഫ് വെടിനിർത്തൽ സമ്മതിച്ചെങ്കിലും സുഡാനിൽ സംഘർഷം രൂക്ഷമാകുമെന്ന് ഐക്യരാഷ്ട്ര സഭ.
യുദ്ധത്തിന്റെ തീവ്രത കുറയുന്നതിന്റെ ഒരു ലക്ഷണവുമില്ലെന്ന് യു.എൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് പറഞ്ഞു. സുഡാനിലെ സംഭവങ്ങൾ തീവ്രമായ സംഘർഷങ്ങൾക്കുള്ള തയ്യാറെടുപ്പാണെന്നും അദ്ദേഹം പറഞ്ഞു.
സുഡാനിലെ കൂട്ടക്കൊലകൾ, ബലാത്സംഗം, വംശീയമായി പ്രേരിതമായ അക്രമങ്ങൾ തുടങ്ങിയ അതിക്രമങ്ങൾ തുടരുമെന്ന് താൻ ഭയപ്പെടുന്നെന്നും വോൾക്കർ ടർക്ക് പറഞ്ഞു.
നഗരത്തിൽ നിന്നും പലായനം ചെയ്യാൻ ശ്രമിക്കുന്നവരെ പോലും അക്രമിക്കുകയാണെന്നും സങ്കൽപ്പിക്കാനാകാത്ത വിധത്തിലുള്ള ക്രൂരതകളാണ് സുഡാനിൽ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മധ്യസ്ഥരായ അമേരിക്ക, ഈജിപ്ത്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ക്വാഡ് നിർദേശിച്ച വെടിനിർത്തൽ കരാറിൽ ആർ.എസ്.എഫ് ഒപ്പുവെച്ചിരുന്നു.
എന്നാൽ സൈന്യത്തിന്റെ പിന്തുണയുള്ള സർക്കാർ ഇതിനോട് പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. വെടിനിർത്തലിന് സമ്മതിച്ചിട്ടും സുഡാനിലെ മാനുഷിക സാഹചര്യങ്ങൾ വഷളാകുമെന്ന മുന്നറിയിപ്പുകൾ തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ദിവസം വെടിനിർത്തൽ കരാറിൽ ഒപ്പുവെച്ചതിന് ശേഷവും സൈനിക നിയന്ത്രണത്തിലുള്ള തലസ്ഥാനമായ ഖാർത്തൂമിൽ സ്ഫോടനങ്ങൾ ഉണ്ടായതായി അൽ ജസീറ റിപ്പോർട്ട് ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം ഖത്തറിൽ നടന്ന ഉച്ചകോടിയിൽ സുഡാനിൽ നടക്കുന്ന ആഭ്യന്തരയുദ്ധം അതിരുകൾ ലംഘിച്ച് നിയന്ത്രണാതീതമായി തുടരുകയാണെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞിരുന്നു.