സുഡാനിലെ ആഭ്യന്തര യുദ്ധം നിയന്ത്രണാതീതം; അതിരുകൾ ലംഘിക്കുകയാണെന്ന് യു.എൻ സെക്രട്ടറി ജനറൽ
Trending
സുഡാനിലെ ആഭ്യന്തര യുദ്ധം നിയന്ത്രണാതീതം; അതിരുകൾ ലംഘിക്കുകയാണെന്ന് യു.എൻ സെക്രട്ടറി ജനറൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th November 2025, 3:34 pm

ന്യൂയോർക്ക്: സുഡാനിൽ നടക്കുന്ന ആഭ്യന്തരയുദ്ധം നിയന്ത്രണാതീതമായി തുടരുകയാണെന്നും അതിരുകൾ ലംഘിക്കുകയാണെന്നും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്.

രണ്ട് വർഷമായി തുടരുന്ന യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ഗുട്ടെറസ് പറഞ്ഞു. യുദ്ധം കടുത്ത മാനുഷിക പ്രതിസന്ധിക്കിടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘സുഡാനിലെ യുദ്ധം ഭയാനകമായ പ്രതിസന്ധിയായും നിയന്ത്രണാതീതമായും വളരുകയാണ്. പേടി സ്വപ്നമായി മാറുന്ന അക്രമം ഉടൻ അവസാനിപ്പിക്കണം,’ ഖത്തറിൽ നടന്ന ഉച്ചകോടിയിൽ ഗുട്ടെറസ് പറഞ്ഞു.

ആർ.എസ്.എഫ് (റാപ്പിഡ് സപ്പോർട്ട് ഫോഴ്സ്) എൽ ഫാഷർ നഗരത്തിലേക്ക് പ്രവേശിച്ചതിന് ശേഷം കൂട്ടക്കൊലകൾ നടന്നതായി റിപ്പോർട്ടുകളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘എൽ ഫാഷറും വടക്കൻ ഡാഫറിലെ പരിസര പ്രദേശങ്ങളും കഷ്ടപ്പാടുകളുടെയും വിശപ്പിന്റെയും അക്രമങ്ങളുടെയും കുടിയിറക്കത്തിന്റെയും പ്രഭവ കേന്ദ്രമായി മാറിയിരിക്കുന്നു. കഴിഞ്ഞ ആഴ്ച ആർ.എസ്.എഫ് നടത്തിയ ആക്രമണത്തോടെ സ്ഥിതി വീണ്ടും വഷളായിരിക്കുകയാണ്. ലക്ഷക്കണക്കിന് സാധാരണക്കാർ ഈ ഉപരോധത്തിൽ കുടുങ്ങിക്കിടക്കുന്നു. പോഷകാഹാര കുറവ്, രോഗം, അക്രമം എന്നിവയാൽ ആളുകൾ മരിക്കുന്നു,’ ഗുട്ടെറസ് പറഞ്ഞു.

എൽ ഫാഷറിൽ നടന്ന അതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും നടക്കുന്നെന്ന റിപ്പോർട്ടുകളെ തുടർന്ന് അടിയന്തര വെടിനിർത്തലിന് യു.കെ, ജർമനി, ജോർദാൻ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ ആഹ്വാനം ചെയ്തിരുന്നു.

ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ നടന്ന സുരക്ഷാ ഉച്ചകോടിയിലാണ് മൂന്ന് രാജ്യങ്ങളും വെടിനിർത്തലിന് ആഹ്വാനം നടത്തിയിരുന്നത്. നഗരത്തിൽ അർധസൈനിക റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർ.എസ്എഫ്) നടത്തിയ അക്രമത്തെയും മന്ത്രിമാർ അപലപിച്ചിരുന്നു.

എൽ ഫാഷറിൽ ആർ.എസ്എഫ് നടത്തിയ കൂട്ടക്കൊലയിൽ നൂറുകണക്കിന് സിവിലിയന്മാരെ കൊന്നൊടുക്കുകയും വംശീയമായി ലക്ഷ്യം വെച്ചുള്ള അതിക്രമങ്ങൾ നടത്തുകയും ചെയ്‌തെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടുകൾ പുറത്തുവിട്ട സാഹചര്യത്തിലാണ് ഈ ആഹ്വാനം.

കഴിഞ്ഞ ആഴ്ച ആർ.എസ്.എഫ് നടത്തിയ ആക്രമണത്തിൽ എൽ ഫാഷർ നഗരത്തിലെ ഒരു ആശുപത്രിയിൽ 450 ലധികം ആളുകളെ കൊല്ലപ്പെട്ടിരുന്നു. ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെ നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

Content Highlight: UN Secretary-General Antonio Guterres says the civil war in Sudan is spiraling out of control and is crossing borders.