എഡിറ്റര്‍
എഡിറ്റര്‍
‘കുടിവെള്ളം ഉറപ്പാക്കിയിട്ടുവേണം ശൗചാലയം നിര്‍മ്മിക്കാന്‍’; സ്വച്ഛ് ഭാരത് മിഷനെതിരെ രൂക്ഷവിമര്‍ശനവുമായി യു.എന്‍ പ്രതിനിധി
എഡിറ്റര്‍
Friday 10th November 2017 9:18pm

 

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് മിഷനെതിരെ രൂക്ഷ വിമര്‍ശനവുമായി ഐക്യരാഷ്ട്ര സഭാ പ്രതിനിധി ലിയോ ഹെല്ലര്‍. ഐക്യരാഷ്ട്രസഭയിലെ മനുഷ്യാവകാശ സംഘടന പ്രതിനിധിയായ ലിയോ ഇന്ത്യയിലെ ഗ്രാമങ്ങളിലൂടെ നടത്തിയ യാത്രയുടെ റിപ്പോര്‍ട്ട് വാര്‍ത്താസമ്മേളനത്തില്‍വെച്ചു സംസാരിക്കവേയാണ് സ്വച്ഛ് ഭാരതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

എല്ലാവര്‍ക്കും കുടിവെള്ളം ഉറപ്പാക്കുക എന്ന ലക്ഷ്യത്തെ മറികടന്നാവരുത് ശൗചാലയ നിര്‍മ്മാണത്തിന് കേന്ദ്രം പ്രാധാന്യം നല്‍കേണ്ടതെന്നും ലിയോ കൂട്ടിച്ചേര്‍ത്തു. സുരക്ഷിതമായ കുടിവെള്ളത്തിനും ശുചീകരണത്തിനും വേണ്ടിയുള്ള ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗ പ്രത്യേക പ്രതിനിധിയാണ് ലിയോ.


Also Read: ‘എന്റെ മതം നഷ്ടമാകുന്നു’; രണ്‍വീര്‍ സിംഗിന്റെ ട്വീറ്റിനെതിരെ കലി തുള്ളി സോഷ്യല്‍ മീഡിയ


‘ഇന്ത്യയിലുടനീളം കഴിഞ്ഞ രണ്ടാഴ്ചയായി സഞ്ചരിച്ച തനിക്ക് മനുഷ്യാവകാശത്തിനു വേണ്ടിയുള്ള സമഗ്രമായ സമീപനം പദ്ധതിക്കുള്ളതായി കണ്ടെത്താനായില്ല. പോയിടത്തെല്ലാം സ്വച്ഛ് ഭാരത് പദ്ധതിയുടെ ലോഗോ (മഹാത്മാ ഗാന്ധിയുടെ കണ്ണട) കണ്ടിരുന്നു.’

സ്വച്ഛ് ഭാരത് മിഷന്റെ ലോഗോയിലെ കണ്ണട മനുഷ്യാവകാശത്തിനുനേരെ പിടിക്കേണ്ട സമയമായിരിക്കുകയാണെന്നും ലിയോ അഭിപ്രായപ്പെട്ടു. ചില പ്രദേശങ്ങളില്‍ ശൗചാലയങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പട്ടികജാതി- പട്ടികവര്‍ഗ വിഭാഗക്കാര്‍ വിവേചനം അനുഭവിക്കുന്നതായും ലിയോ പറഞ്ഞു. ശൗചാലയങ്ങള്‍ നിര്‍മിക്കുന്നതു കൊണ്ടുമാത്രം പരസ്യമായ മലമൂത്ര വിസര്‍ജനം ഒഴിവാക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Also Read: ഗെയ്ല്‍ വിരുദ്ധ സമരം; വെല്‍ഫെയര്‍ പാര്‍ട്ടി വനിതാ നേതാവിന്റെ കരണക്കുറ്റി അടിച്ചു പൊട്ടിക്കുമെന്ന് ജോര്‍ജ്ജ് എം തോമസ് എം.എല്‍.എ


അതേസമയം ലിയോയുടെ പരാമര്‍ശം മഹാത്മാ ഗാന്ധിയോടുള്ള അവഹേളനമാണെന്ന വാദവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. രാഷ്ട്രപിതാവിനോടുള്ള അനാദരവായാണ് സ്വച്ഛ് ഭാരത് പദ്ധതിയുടെ ലോഗോയുമായി ബന്ധപ്പെട്ട് ലിയോ നടത്തിയതെന്ന് സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

റിപ്പോര്‍ട്ട് പക്ഷപാതപരമാണെന്നും സര്‍ക്കാര്‍ ആരോപിച്ചു.

Advertisement