ബിന്‍ ലാദന്റെ മകന്‍ താലിബാനുമായി ചര്‍ച്ച നടത്തി; റിപ്പോര്‍ട്ട് പുറത്തുവിട്ട് യു.എന്‍
World News
ബിന്‍ ലാദന്റെ മകന്‍ താലിബാനുമായി ചര്‍ച്ച നടത്തി; റിപ്പോര്‍ട്ട് പുറത്തുവിട്ട് യു.എന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 6th February 2022, 12:05 pm

ന്യൂയോര്‍ക്ക്: കൊല്ലപ്പെട്ട അല്‍-ഖ്വയിദ തലവന്‍ ഒസാമ ബിന്‍ ലാദന്റെ മകന്‍ അഫ്ഗാനിസ്ഥാനില്‍ പോയി താലിബാനുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നതായി റിപ്പോര്‍ട്ട്.

ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സിലിന്റെ ഭാഗമായ ‘അനലിറ്റിക്കല്‍ സപ്പോര്‍ട്ട് ആന്‍ഡി സാങ്ഷന്‍ മോണിറ്ററിംഗ് ടീം’ (Analytical Support and Sanctions Monitoring Team)ആണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

റിപ്പോര്‍ട്ടില്‍ താലിബാനും അല്‍-ഖ്വയിദയും തമ്മിലുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകളും വിശദീകരണങ്ങളും നല്‍കിയിട്ടുണ്ട്.

ഇസ്‌ലാമിക് സ്‌റ്റേറ്റ്‌സ്, അല്‍-ഖ്വയിദ എന്നീ തീവ്രവാദ സംഘടനകളുടെയും മറ്റ് സഹ സംഘടനകളുടെയും പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടാണ് ഈയാഴ്ച പുറത്തുവിട്ടിരിക്കുന്നത്. താലിബാന്‍ കീഴിലുള്ള അഫ്ഗാനിലെയും മറ്റ് സമീപരാജ്യങ്ങളിലെയും സുരക്ഷാ സാഹചര്യങ്ങളെ മുന്‍നിര്‍ത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

റിപ്പോര്‍ട്ടില്‍, 2021 ഒക്ടോബറില്‍ ബിന്‍ ലാദന്റെ മകന്‍ അബ്ദല്ല ബിന്‍ ലാദന്‍ താലിബാനുമായി കൂടിക്കാഴ്ച നടത്താന്‍ അഫ്ഗാന്‍ സന്ദര്‍ശിച്ചിരുന്നു എന്നാണ് പറയുന്നത്.

നേതൃത്വം നഷ്ടമാവുന്നതിന്റെ പ്രശ്‌നങ്ങളില്‍ നിന്നും അല്‍-ഖ്വയിദ തുടര്‍ച്ചയായി ഉയര്‍ന്ന് വരികയാണെന്നും എന്നാല്‍ രാജ്യാന്തര തലത്തില്‍ എന്തെങ്കിലും ‘ഹൈ പ്രൊഫൈല്‍’ ആക്രമണങ്ങള്‍ നടത്താനുള്ള കപാസിറ്റി നിലവില്‍ അല്‍-ഖ്വയിദക്ക് ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ആഗസ്റ്റില്‍ താലിബാന്‍ അഫ്ഗാനിസ്ഥാന്റെ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ അഭിനന്ദിച്ച് അല്‍-ഖ്വയിദ രംഗത്തെത്തിയിരുന്നു. എന്നാല്‍ പിന്നീട് താലിബാന്‍ വിഷയത്തില്‍ അല്‍-ഖ്വയിദയുടെ ഭാഗത്ത് നിന്നും കാര്യമായ പ്രതികരണങ്ങളുണ്ടായിരുന്നില്ല.

അതേസമയം, അഫ്ഗാനില്‍ താലിബാന് പുറമെ മറ്റ് വിദേശ തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ താലിബാന്‍ നടപടികളെടുക്കുന്നതായി കാണുന്നില്ല എന്നും ചരിത്രത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധം തീവ്രവാദസംഘങ്ങള്‍ക്ക് അഫ്ഗാനില്‍ വലിയ സ്വാതന്ത്ര്യമാണുള്ളതെന്നും യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അല്‍-ഖ്വയിദയുടെ നേതാവ് ഒസാമ മെഹ്‌മൂദ് ആണ്. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ഇന്ത്യ, മ്യാന്‍മര്‍, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലായി 200 മുതല്‍ 400 വരെ ഫൈറ്റേഴ്‌സ് ആണ് അല്‍-ഖ്വയിദക്ക് ഉള്ളത്- റിപ്പോര്‍ട്ടില്‍ പറയുന്നു.

വര്‍ഷത്തില്‍ രണ്ട് തവണ ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗണ്‍സില്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിടാറുണ്ട്.


Content Highlight: UN report says Osama bin Laden’s son held meetings with Taliban in Afghanistan last year