ലെബനനെതിരായ ഇസ്രഈല്‍ ആക്രമണം യു.എസ്-ഇറാന്‍ വെടിനിര്‍ത്തലിനെയും ഗുരുതരമായി ബാധിക്കും; അപലപിച്ച് യു.എന്‍
United Nations
ലെബനനെതിരായ ഇസ്രഈല്‍ ആക്രമണം യു.എസ്-ഇറാന്‍ വെടിനിര്‍ത്തലിനെയും ഗുരുതരമായി ബാധിക്കും; അപലപിച്ച് യു.എന്‍
അനിത സി
Thursday, 9th April 2026, 3:44 pm

ന്യൂയോര്‍ക്ക്: ഇറാനും അമേരിക്കയും താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും ലെബനന് നേരെ ഇസ്രഈല്‍ സൈന്യം ആക്രമണം തുടരുന്നതിനെ അപലപിച്ച് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസ്.

ഇസ്രഈലിന്റെ ആക്രമണം യു.എസ്-ഇറാന്‍ വെടിനിര്‍ത്തല്‍ കരാറിനെ ഗുരുതരമായി ബാധിക്കുമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ മുന്നറിയിപ്പ് നല്‍കി.

‘ലെബനനില്‍ നടന്നുകൊണ്ടിരിക്കുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ വെടിനിര്‍ത്തലിനും മേഖലയില്‍ ശാശ്വതവും സമഗ്രവുമായ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്കും ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നു.

ശത്രുത ഉടന്‍ അവസാനിപ്പിക്കണമെന്ന് എല്ലാ കക്ഷികളോടും സെക്രട്ടറി ജനറല്‍ ആഹ്വാനം ചെയ്യുന്നു,’ യു.എന്‍ മേധാവി അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

ലെബനനില്‍ സാധാരണക്കാര്‍ മരിച്ചുവീഴുന്നതിലും യു.എന്‍ ആശങ്ക പ്രകടിപ്പിച്ചു. സംഘര്‍ഷത്തിന് സൈനിക പരിഹാരമില്ലെന്നും രാഷ്ട്രങ്ങള്‍ നയതന്ത്ര മാര്‍ഗങ്ങളിലേക്ക് മടങ്ങണമെന്നും ആഹ്വാനം ചെയ്യുന്ന യു.എന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തിനോടുള്ള പ്രതിബദ്ധത പുതുക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

അതേസമയം, ജനസാന്ദ്രതയേറിയ ബെയ്‌റൂട്ട് പോലുള്ള നഗരങ്ങള്‍ക്ക് നേരെയുണ്ടാകുന്ന തുടരാക്രമണങ്ങള്‍ക്കെതിരെ റെഡ് ക്രോസ് മുന്നറിയിപ്പ് നല്‍കി. കൂട്ടമരണങ്ങള്‍ക്ക് ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലെ ഇസ്രഈലി ആക്രമണങ്ങള്‍ കാരണമാകുന്നെന്ന് ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് കമ്മിറ്റി (ഐ.സി.ആര്‍.സി) ബുധനാഴ്ച പ്രതികരിച്ചു.

ലബനനിലെ സാധാരണക്കാരുടെ സുരക്ഷ, സംരക്ഷണം, അന്തസ് എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്ന സമാധാന കരാറിന് വേണ്ടി റെഡ് ക്രോസ് ആഹ്വാനം ചെയ്തു. ഒന്നര മാസത്തോളമായി നീണ്ടുനില്‍ക്കുന്ന പോരാട്ടം അവസാനിപ്പിക്കണമെന്നും സാധാരണക്കാര്‍ക്ക് അടിയന്തിരമായി സമാധാനമാണ് വേണ്ടതെന്നും സംഘടന പ്രസ്താവനയില്‍ പറഞ്ഞു.

ബുധനാഴ്ച ബെയ്റൂട്ട്, ബെക്കാ താഴ്വര, തെക്കന്‍ ലെബനന്‍ എന്നിവിടങ്ങളില്‍ ബുധനാഴ്ച കനത്ത വ്യോമാക്രമണങ്ങളാണ് ഇസ്രഈല്‍ സേന നടത്തിയത്.

ലെബനന് നേരെ മാര്‍ച്ച് രണ്ടിന് ആരംഭിച്ച ആക്രമണങ്ങളിലെ ഏറ്റവും വലിയ രക്ത ചൊരിച്ചിലിനാണ് ബുധനാഴ്ച രാജ്യം സാക്ഷ്യം വഹിച്ചതെന്നാണ് റിപ്പോര്‍ട്ട്. 254 പേര്‍ കൊല്ലപ്പെടുകയും 1,165 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്നാണ് ഔദ്യോഗിക കണക്കുകള്‍.

Content Highlight: UN condemns Israeli attack on Lebanon, says it will seriously affect US-Iran ceasefire

അനിത സി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.