ന്യൂയോർക്ക് : ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള സുപ്രധാന അവസരമാണ് സമാധാന കരാറിലൂടെയുള്ള വെടിനിർത്തലെന്ന് ഐക്യരാഷ്ട്രസഭ മേധാവി അന്റോണിയോ ഗുട്ടെറസ്. വിശ്വസനീയമായ രാഷ്ട്രീയ പാത മുന്നോട്ട് കൊണ്ടുപോകുന്നതിനും ഫലസ്തീനിലെ ഇസ്രഈൽ അധിനിവേശം അവസാനിപ്പിക്കുന്നതിനുമുള്ള അവസരം കൂടിയാണിതെന്നും അദ്ദേഹം എക്സിൽ പറഞ്ഞു.
സമാധാനപദ്ധതിക്ക് മധ്യസ്ഥത വഹിച്ച അമേരിക്ക, ഖത്തർ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളുടെ നയതന്ത്ര ശ്രമങ്ങളെയും യു.എൻ മേധാവി പ്രശംസിച്ചു. ഗസയിലെ പുനർനിർമാണങ്ങളും സഹായ വിതരണങ്ങളും വീണ്ടെടുക്കാനായി യു.എൻ എല്ലാ ശ്രമങ്ങളും നടത്തുമെന്നും കരാറുമായി ബന്ധപ്പെട്ട എല്ലാവരും അതിലെ നിബന്ധനകൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ബന്ദികളെയും മാന്യമായ രീതിയിൽ തന്നെ വിട്ടയക്കണമെന്നും സ്ഥിരമായ വെടിനിർത്തൽ ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഗസയിൽ വെടിനിർത്തൽ ഉറപ്പാക്കാനും ബന്ദികളെ മോചിപ്പിക്കാനുമുള്ള കരാർ പ്രഖ്യാപിച്ചതിനെ ഞാൻ സ്വാഗതം ചെയ്യുന്നു. ഈ മുന്നേറ്റത്തിന് മധ്യസ്ഥത വഹിച്ച അമേരിക്ക, ഖത്തർ, ഈജിപ്ത്, തുർക്കി രാജ്യങ്ങളുടെ നയതന്ത്ര ശ്രമങ്ങളെ ഞാൻ അഭിനന്ദിക്കുന്നു.
കരാറിലെ നിബന്ധനകൾ പൂർണമായും പാലിക്കാൻ എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. വെടിനിർത്തൽ ഉറപ്പാക്കി എല്ലാ ബന്ദികളെയും മാന്യമായ രീതിയിൽ വിട്ടയച്ച് യുദ്ധം എന്നേക്കുമായി അവസാനിപ്പിക്കണം,’ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
തടസമില്ലാതെ ഗസയിലേക്ക് ഉടനടി തന്നെ മാനുഷിക വാണിജ്യ സാമഗ്രികളെത്തിക്കുന്നത് ഉറപ്പാക്കണമെന്നും. കരാറിന്റെ പൂർണമായ നടത്തിപ്പിനെ പിന്തുണയ്ക്കുമെന്നും ദുരിതമവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗസയിലെ വീണ്ടെടുക്കൽ, പുനർനിർമാണ പ്രവർത്തനങ്ങൾ എന്നിവ തങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘അധിനിവേശം അവസാനിപ്പിക്കുന്നതിനും ഫലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശത്തിനുള്ള അവകാശം അംഗീകരിക്കുന്നതിനും ഇരുരാജ്യങ്ങൾക്കും സമാധാനത്തിലും സുരക്ഷയിലും ജീവിക്കാൻ പ്രാപ്തമാക്കുന്ന ദ്വിരാഷ്ട്ര പരിഹാരത്തിലേക്ക് നയിക്കുന്നതിനുമായി ഒരു വിശ്വസനീയമായ രാഷ്ട്രീയപാത സ്ഥാപിക്കുന്നതിനുമുള്ള സുപ്രധാന അവസരമാണിത്,’ യു.എൻ മേധാവി പറഞ്ഞു. ഈ അവസരത്തെ എല്ലാ രാജ്യങ്ങളും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്ക മുമ്പോട്ട് വെച്ച ഗസ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രഈലും ഹമാസും അംഗീകരിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇന്ന്(വ്യാഴം) അറിയിച്ചിരുന്നു. രക്തരൂഷിതമായ ആക്രമണം രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് യുദ്ധമവസാനിപ്പിക്കാനായുള്ള തീരുമാനങ്ങൾ വരുന്നത്.
‘ഇസ്രഈലും ഹമാസും ഞങ്ങളുടെ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം അംഗീകരിച്ച വാര്‍ത്ത പ്രഖ്യാപിക്കുന്നതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. എല്ലാ ബന്ദികളെയും ഉടന്‍ മോചിപ്പിക്കും എന്ന് തന്നെയാണ് ഇതിനര്‍ത്ഥം,’ ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു.
Content Highlight: UN chief praises ceasefire as crucial opportunity for two-state solution