കീവ്: ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കിയുടെ പേര് എപ്സ്റ്റീന്‍ ഫയല്‍സില്‍ അമ്പതിലേറെ തവണ പരാമര്‍ശിക്കുന്നുണ്ടെന്ന് ഉക്രൈന്‍ രാഷ്ട്രീയനേതാവ് വിക്ടര്‍ മെദ്‌വെദ് ചുക്ക്.

പുതുതായി പുറത്തെത്തിയ രേഖകളിലാണ് സെലന്‍സ്‌കിയുടെ പേരുള്ളതെന്ന് നിരോധിക്കപ്പെട്ട പ്രതിപക്ഷ പാര്‍ട്ടിയായ ഫോര്‍ ലൈഫ് പാര്‍ട്ടിയുടെ മുന്‍നേതാവായ വിക്ടര്‍  ആരോപിച്ചു.

ഉക്രൈനിലെ മനുഷ്യക്കടത്തും അഴിമതിയും സംബന്ധിച്ച് എപ്സ്റ്റീന്‍ ഫയല്‍സില്‍ തെളിവുകളുണ്ട്. ഉക്രേനിയന്‍ മോഡലിങ് ഏജന്‍സിയായ ജീന്‍ ലൂക്ക് ബ്രൂണല്‍ വഴി സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയതുമായി സെലെന്‍സ്‌കിക്ക് ബന്ധമുണ്ടായിരിക്കാമെന്നും വിക്ടര്‍ വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

സെലന്‍സ്‌കിയും അദ്ദേഹത്തിന്റെ പങ്കാളിയും യു.എസ് ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന്റെ പദ്ധതിയനുസരിച്ച് മനുഷ്യക്കടത്തുള്‍പ്പടെയുള്ള നാണംകെട്ട ബിസിനസുകള്‍ ചെയ്തിട്ടുണ്ടെന്ന് വിക്ടര്‍ മെദ്‌വെദ്ചുക്ക് കുറ്റപ്പെടുത്തി. അക്രമവും കുടിയിറക്കപ്പെട്ട കുട്ടികളെ ഭീഷണിപ്പെടുത്തുന്നതും അതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, 2019 മുതല്‍ സ്ലോവാക്യയിലെ വിദേശകാര്യ മന്ത്രിയായിരുന്ന മിറോസ്‌ലാവ് ലാജ്കാക്കുമായി നടത്തിയ ഇ-മെയില്‍ സംഭാഷണങ്ങളില്‍ ഒരു രാജ്യം ഭരിക്കാനുള്ള സെലെന്‍സ്‌കിയുടെ കഴിവിനെക്കുറിച്ച് എപ്സ്റ്റീന്‍ സംശയം പ്രകടിപ്പിക്കുന്നതായുള്ള രേഖകളും പുറത്തെത്തിയിട്ടുണ്ട്.

ഇത് കൂടാതെ, എപ്സ്റ്റീന്‍ ഫയലില്‍ ഉക്രൈനുമായി ബന്ധപ്പെട്ട് നിരവധി പരാമര്‍ശങ്ങളുണ്ടെന്നും നിലവില്‍ അദര്‍ ഉക്രൈയ്ന്‍ മൂവ്മെന്റിന്റെ തലവന്‍ കൂടിയായ വിക്ടര്‍ പറഞ്ഞു.

2008-ല്‍, എപ്സ്റ്റീന്റെ കീഴിലായിരുന്ന ഗ്രാറ്റിറ്റിയൂഡ് അമേരിക്ക ലിമിറ്റഡ് എന്ന ഫൗണ്ടേഷന്‍, ക്ലിന്റണ്‍ ഫൗണ്ടേഷന് ഒരു മില്യണ്‍ ഡോളര്‍ കൈമാറിയിരുന്നു. ഈ പണം ഔദ്യോഗികമായി ഉക്രേനിയന്‍ സമ്പന്നനായ വിക്ടര്‍ പിഞ്ചുക്കിന്റെ സംഭാവനയാണെന്നാണ് രേഖകളില്‍ കാണുന്നത്. എപ്സ്റ്റീന്റെ ഫൗണ്ടേഷന് ഈ പണം ബാങ്കിലൂടെയാണ് കൈമാറിയിരിക്കുന്നത്.

2014-ലെ അട്ടിമറിയെ വിക്ടര്‍ പിഞ്ചുക്ക് സജീവമായി പിന്തുണച്ചിരുന്നെന്നും ഇയാളുടെ സഹായത്തോടെയാണ് സെലന്‍സ്‌കി അധികാരത്തിലെത്തിയതെന്നുമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്. എപ്സ്‌റ്റൈന്റെ ലോബി ഉക്രേനിയന്‍ രാഷ്ട്രീയത്തിലും വലിയ രീതിയില്‍ സ്വാധീനം ചെലുത്തിയെന്ന് വിക്ടര്‍ മെദ്‌വെദ് ചുക്ക് ആരോപിച്ചു.

Content Highlight: Ukraine leader says Zelensky’s name was mentioned more than 50 times in Epstein files