ഗസയ്‌ക്കെതിരായ ആക്രമണം അവസാനിപ്പിക്കണം; ഇല്ലെങ്കില്‍ ഉപരോധമടക്കം കടുത്ത നടപടി; ഇസ്രഈലിനോട് യു.കെ, കാനഡ, ഫ്രാന്‍സടക്കമുള്ള രാജ്യങ്ങള്‍
World News
ഗസയ്‌ക്കെതിരായ ആക്രമണം അവസാനിപ്പിക്കണം; ഇല്ലെങ്കില്‍ ഉപരോധമടക്കം കടുത്ത നടപടി; ഇസ്രഈലിനോട് യു.കെ, കാനഡ, ഫ്രാന്‍സടക്കമുള്ള രാജ്യങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th May 2025, 2:35 pm

ടെല്‍ അവീവ്: ഗസയില്‍ വംശഹത്യ തുടരുന്ന ഇസ്രഈലിന് താക്കീതുമായി ലോക രാജ്യങ്ങള്‍. ഗസയിലെ സൈനിക നടപടി അവസാനിപ്പിച്ച് മുനമ്പിലേക്ക് കൂടുതല്‍ സഹായങ്ങള്‍ അനുവദിച്ചില്ലെങ്കില്‍ ഇസ്രഈലിന് കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ വ്യക്തമാക്കി.

ബ്രട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍, കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ എന്നീ നേതാക്കള്‍ സംയുക്തമായി പുറത്തുവിട്ട പ്രസ്താവനയിലാണ് ഇസ്രഈലിനോട് തങ്ങളുടെ നയം വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം ഇസ്രഈല്‍ ഗസയുടെ മുഴുവന്‍ നിയന്ത്രണവും ഏറ്റെടുക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ ഗസയില്‍ സൈനിക നടപടികള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഗിഡിയോണ്‍ ചാരിയോറ്റ്‌സ് എന്ന പേരില്‍
പുതിയൊരു ഓപ്പറേഷനും ഇസ്രഈല്‍ സൈന്യം ആരംഭിച്ചിരുന്നു.

ഇസ്രഈല്‍ സര്‍ക്കാര്‍ ഗസയിലെ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ ലംഘിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ലോകനേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇതിന് പുറമെ വെസ്റ്റ്ബാങ്കിലെ ഇസ്രഈലി കുടിയേറ്റത്തേയും നേതാക്കള്‍ വിമര്‍ശിച്ചു. വെസ്റ്റ്ബാങ്കിലെ ഏതൊരു കുടിയേറ്റത്തെയും തങ്ങള്‍ ശക്തമായി എതിര്‍ക്കുന്നുവെന്നും ഇസ്രഈല്‍ സമാനമായ നിലപാട് തുടരുകയാണെങ്കില്‍ ഉപരോധമടക്കമുള്ള നിലപാടുകള്‍ സ്വീകരിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

അതേസമയം ഹമാസ് ഈ പ്രസ്താവനയെ സ്വാഗതം ചെയ്തു. അന്താരാഷ്ട്ര നിയമങ്ങള്‍ അതിന്റെ യഥാര്‍ത്ഥ ദിശയിലേക്ക് തിരിച്ച് വരുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പാണ് ഇതെന്ന് ഹമാസ് അഭിപ്രായപ്പെട്ടു. എന്നാല്‍ പ്രസ്താവന പുറത്തിറക്കിയ മൂന്ന് രാജ്യങ്ങളേയും വിമര്‍ശിച്ച ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവര്‍ ഒക്ടോബര്‍ ഏഴിലെ ആക്രമണത്തിന് ഹമാസിന് സമ്മാനം നല്‍കുകയാണെന്നും ആരോപിച്ചു.

ഹമാസിനെതിരെ വിജയം നേടുകയാണ് തന്റെയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റേയും നിലപാട് എന്നാവര്‍ത്തിച്ച നെതന്യാഹു എല്ലാ യൂറോപ്യന്‍ രാജ്യങ്ങളും ട്രംപിന്റെ നിലപാടിലേക്ക് മാറണമെന്നും അഭിപ്രായപ്പെട്ടു.

അതേസമയം പത്ത് ആഴ്ച്ചത്തെ ഉപരോധത്തിനൊടുവില്‍ ഇസ്രഈല്‍ ഗസയിലേക്ക് ഇന്നലെ അവശ്യവസ്തുക്കളുട അഞ്ച് ട്രക്കുകള്‍ കടത്തി വിട്ടിരുന്നു. എന്നാല്‍ ദിവസേന അഞ്ഞൂറോളം ട്രക്കുകള്‍ വേണ്ട സ്ഥിതിഗതിയിലാണ് ഇസ്രഈല്‍ സഹായങ്ങള്‍ പരിമിതപ്പെടുത്തിയത്.

ഇസ്രഈല്‍ പ്രതിരോധ സേനയുടെ നിര്‍ദേശപ്രകാരമാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും ഇസ്രഈലിന്റെ പുതിയ മിലിട്ടറി ഓപ്പറേഷനെ സപ്പോര്‍ട്ട് ചെയ്യുന്നതാണ് ഈ തീരുമാനമെന്നും ഇന്നലെ ഇസ്രഈല്‍ പ്രധാനമന്ത്രി പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.
എന്നാല്‍ ഈ സഹായ വിതരണത്തിന്റെ നിയന്ത്രണം ഹമാസ് ഏറ്റെടുത്താല്‍ നടപടിയെടുക്കുമെന്നും പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്.

Content Highlight: UK, Canada, France warn Israel over their genocide in Gaza