ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള പദ്ധതി ഉടന്‍ ചര്‍ച്ചക്കെടുക്കില്ല: ഫ്രാന്‍സിന്റെയും യു.കെയുടെയും നയതന്ത്രജ്ഞര്‍
World News
ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള പദ്ധതി ഉടന്‍ ചര്‍ച്ചക്കെടുക്കില്ല: ഫ്രാന്‍സിന്റെയും യു.കെയുടെയും നയതന്ത്രജ്ഞര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 8th June 2025, 11:36 am

പാരീസ്: വരാനിരിക്കുന്ന സമ്മേളനത്തില്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള പദ്ധതി ഉണ്ടാകില്ലെന്ന് അറിയിച്ച് ഫ്രാന്‍സിലെയും ബ്രിട്ടനിലെയും നയതന്ത്രജ്ഞര്‍. ജൂണ്‍ 17നും 20നും ഇടയില്‍ ന്യൂയോര്‍ക്കില്‍ വെച്ച് നടക്കാനിരിക്കുന്ന സമ്മേളനത്തില്‍ പദ്ധതി ചര്‍ച്ചക്കെടുക്കില്ലെന്നാണ് അറിയിപ്പ്.

സമ്മേളനത്തില്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ഒരു ‘പ്രതീകാത്മക’ തീരുമാനമായിരിക്കുമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍-നോയല്‍ ബാരോട്ട് പറഞ്ഞു. വെള്ളിയാഴ്ചയാണ് ബാരോട്ട് ഇക്കാര്യത്തില്‍ പ്രതികരിച്ചത്.

ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കുന്നതിലായിരിക്കും ഇനി ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും നയതന്ത്രജ്ഞര്‍ അറിയിച്ചു. ഗസയിലെ സ്ഥിരമായ വെടിനിര്‍ത്തല്‍, ഇസ്രഈലി തടവുകാരെ മോചിപ്പിക്കല്‍, ഫലസ്തീന്‍ അതോറിറ്റിയുടെ പരിഷ്‌കരണം, സാമ്പത്തിക പുനര്‍നിര്‍മാണം, ഗസയിലെ ഹമാസ് ഭരണം അവസാനിപ്പിക്കല്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുക.

അതേസമയം ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നത് അനിശ്ചിതമായി വൈകുന്നതില്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ മുന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെന്നത്ത് റോത്ത് ആശങ്ക പ്രകടിപ്പിച്ചു. നടപടികള്‍ അനന്തമായ ഒന്നാകരുതെന്ന് കെന്നത്ത് എക്സില്‍ കുറിച്ചു.

ഗസയില്‍ ഇസ്രഈല്‍ യുദ്ധമാരംഭിച്ചത് മുതല്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ യു.കെയും ഫ്രാന്‍സും സമ്മര്‍ദം നേരിട്ടിരുന്നു. തുടര്‍ന്ന് ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നത് സംബന്ധിച്ച് ജൂണില്‍ പ്രഖ്യാപനമുണ്ടാവുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചിരുന്നു.

ആരെയും പ്രീതിപ്പെടുത്താന്‍ വേണ്ടിയല്ല താന്‍ ഇത് ചെയ്യുന്നതെന്നും മാക്രോണ്‍ ചൂണ്ടിക്കാട്ടിയിരുന്നു. സൗദി അറേബ്യയുമായി സഹകരിച്ച് നടത്തുന്ന ഐക്യരാഷ്ട്രസഭയുടെ ദ്വിരാഷ്ട്ര പരിഹാര സമ്മേളനത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് മാക്രോണ്‍ പദ്ധതിയിട്ടിരുന്നത്.

എന്നാല്‍ പ്രഖ്യാപനത്തെത്തുടര്‍ന്ന് 27 ഫ്രഞ്ച്ജനപ്രതിനിധികളുടെ വിസ ഇസ്രഈല്‍ റദ്ദാക്കി. ഇസ്രഈല്‍ രാഷ്ട്രത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ആളുകളെ തടയാന്‍ ഭരണകൂടത്തെ അനുവദിക്കുന്ന നിയമം അനുസരിച്ചാണ് ഫ്രഞ്ച് ജനപ്രതിനിധികളുടെ വിസ റദ്ദാക്കിയതെന്നായിരുന്നു ഇസ്രഈല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.

ഇതിനുപുറമെ സൈനിക നടപടി അവസാനിപ്പിച്ച് ഗസയിലേക്ക് കൂടുതല്‍ സഹായങ്ങള്‍ അനുവദിച്ചില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയിലൂടെ ഇസ്രഈലിനെ അറിയിക്കുകയും ചെയ്തിരുന്നു.

ബ്രട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍, കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ എന്നീ നേതാക്കള്‍ സംയുക്തമായി പുറത്തുവിട്ട പ്രസ്താവനയിലാണ് രാജ്യങ്ങള്‍ നയം വ്യക്തമാക്കിയത്.

Content Highlight: UK and France abandon plans to recognise Palestinian state at conference