യുവേഫ യൂറോപ്പ ലീഗ് രണ്ടാം ഘട്ട പോരാട്ടങ്ങള്‍ക്ക് കളമൊരുങ്ങുന്നു. മാച്ച് ഡേ 8ന് ശേഷം എട്ട് ടീമുകള്‍ നേരിട്ട് റൗണ്ട് ഓഫ് സിക്സ്റ്റീനിന് യോഗ്യത നേടി. യുവേഫ ചാമ്പ്യന്‍സ് ലീഗ് പോലെ ഒന്ന് മുതല്‍ എട്ട് സ്ഥാനങ്ങള്‍ വരെയുള്ള ടീമുകളാണ് നേരിട്ട് പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നത്.
ഒമ്പത് മുതല്‍ 24 വരെ സ്ഥാനങ്ങളില്‍ ഇടം നേടിയ ടീമുകള്‍ റൗണ്ട് ഓഫ് സിക്‌സ്റ്റീന്‍ സ്ഥാനത്തിനായി പ്ലേ ഓഫ് മത്സരങ്ങള്‍ കളിക്കും. ലാലിഗ, പ്രീമിയര്‍ ലീഗ്, സീരി എ, ലിഗ പോര്‍ച്ചുഗല്‍, ബുണ്ടസ് ലീഗ അടക്കമുള്ള യൂറോപ്യന്‍ ഫുട്‌ബോളിലെ മികച്ച ടീമുകളാണ് യൂറോപ്പ ലീഗ് കിരീടം ലക്ഷ്യമിട്ട് ഓടിയടുക്കുന്നത്.
യൂറോപ്പ ലീഗ് കിരീടം. Photo: UEFA
മാച്ച് ഡേ 8 അവസാനിക്കുമ്പോള്‍ ഫ്രഞ്ച് വമ്പന്‍മാരായ ലിയോണാണ് പട്ടികയില്‍ ഒന്നാമത്. എട്ട് മത്സരത്തില്‍ നിന്നും ഏഴ് ജയവും ഒരു തോല്‍വിയുമായി 21 പോയിന്റാണ് ടീമിനുള്ളത്.
രണ്ടാമതുള്ള ആസ്റ്റണ്‍ വില്ലയ്ക്കും എട്ട് മത്സരത്തില്‍ നിന്നും ഏഴ് ജയവും ഒരു തോല്‍വിയുമായി 21 പോയിന്റാണുള്ളത്. ഗോള്‍ വ്യത്യാസമാണ് വില്ലന്‍മാരെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയിട്ടത്.
എഫ്.സി മിഡ്ജിലാന്‍ഡ്, റയല്‍ ബെറ്റിസ്, പോര്‍ട്ടോ, ബ്രാഗ, എസ്.സി ഫ്രീബെര്‍ഗ്, എ.എസ്. റോമ എന്നിവരാണ് ആദ്യ എട്ടില്‍ ഇടം പിടിച്ച മറ്റ് ടീമുകള്‍.
ബോള്‍ഗോണ, ഫെര്‍ണബാഷ്, സെല്‍റ്റ വിഗോ, നോട്ടിങ്ഹാം ഫോറസ്റ്റ്, ലില്ലെ, ഡൈനാമോ സാഗ്രെബ് അടക്കമുള്ള ടീമുകളാണ് പ്ലേ ഓഫ് കളിച്ച് റൗണ്ട് ഓഫ് സിക്‌സ്റ്റീന്‍ സ്ഥാനം ലക്ഷ്യമിടുന്നത്.