ഗോള്‍ കീപ്പറടിച്ച ഗോളില്‍ തോറ്റ് റയല്‍; റയലിനോട് ആദ്യ ജയവുമായി മൗറീന്യോ, മൂന്നില്‍ നിന്നും ഒമ്പതിലേക്ക്
Sports News
ഗോള്‍ കീപ്പറടിച്ച ഗോളില്‍ തോറ്റ് റയല്‍; റയലിനോട് ആദ്യ ജയവുമായി മൗറീന്യോ, മൂന്നില്‍ നിന്നും ഒമ്പതിലേക്ക്
ആദര്‍ശ് എം.കെ.
Thursday, 29th January 2026, 12:02 pm

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബെന്‍ഫിക്കയോട് തോറ്റ് റയല്‍ മാഡ്രിഡ്. ലിസ്ബണിലെ എസ്റ്റാഡിയോ ഡാ ലസില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളിനാണ് ബെന്‍ഫിക്ക റയലിനെ പരാജയപ്പെടുത്തിയത്.

ഈ തോല്‍വിക്ക് പിന്നാലെ പോയിന്റ് പട്ടികയില്‍ ടോപ്പ് 8ല്‍ നിന്ന് റയല്‍ പുറത്താവുകയും ചെയ്തു. മത്സരത്തിന് മുമ്പ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന റയല്‍ നിലവില്‍ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ചിരവൈരികളായ ബാഴ്‌സ പോയിന്റ് പട്ടികയിലെ ടോപ്പ് 8ല്‍ ഇടം പിടിക്കുകയും ചെയ്തു.

4-3-3-1 എന്ന ഫോര്‍മേഷിലാണ് ഹോസെ മൗറീന്യോയെന്ന മാസ്റ്റര്‍ ടാക്ടീഷ്യന്‍ തന്റെ കുട്ടികളെ കളത്തിലിറക്കിയത്. മറുവശത്ത് 4-3-3 എന്ന ക്ലാസിക് ഫോര്‍മേഷനാണ് റയല്‍ പരിശീലകന്‍ അവലംബിച്ചത്.

മത്സരത്തിന്റെ 30ാം മിനിട്ടില്‍ കിലിയന്‍ എംബാപ്പെയിലൂടെ റയല്‍ മുമ്പിലെത്തി. അസെന്‍സിയോയുടെ അസിസ്റ്റിലാണ് താരം ഗോള്‍വല കുലുക്കിയത്.

എന്നാല്‍ റയല്‍ ആഘോഷങ്ങള്‍ക്ക് അധികം ആയുസ് നല്‍കാതെ ആറ് മിനിട്ടിനപ്പുറം ആന്ദ്രേ ഷെല്‍ഡറപ്പിന്റെ ഗോളിലൂടെ പോര്‍ച്ചുഗീസ് സൂപ്പര്‍ ടീം ഒപ്പമെത്തി.

ആദ്യ പകുതിയുടെ ആഡ് ഓണ്‍ ടൈമില്‍ റൗള്‍ അസെന്‍സിയോക്ക് ലഭിച്ച മഞ്ഞക്കാര്‍ഡ് മുതലെടുത്ത ബെന്‍ഫിക്ക പെനാല്‍ട്ടിയിലൂടെ രണ്ടാം ഗോള്‍ കണ്ടെത്തി. വാഞ്ചലിസ് പാവ്‌ലിഡിസാണ് ഗോള്‍ നേടിയത്.

ഇതോടെ 2-1 എന്ന നിലയില്‍ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതി ആരംഭിച്ച് പത്ത് മിനിട്ടിനകം തന്നെ ബെന്‍ഫിക്ക വീണ്ടും ലീഡ് ഉയര്‍ത്തി. പാവ്‌ലിഡിസിന്റെ അസിസ്റ്റില്‍ ഷെല്‍ഡറപ്പാണ് ഗോള്‍ കണ്ടെത്തിയത്.

രണ്ട് ഗോളിന് പിന്നില്‍ പോയതോടെ പല നിര്‍ണായക മാറ്റങ്ങളും റയല്‍ വരുത്തി. മസ്റ്റാന്റുനോയെയും ചൗമനിയെയും പിന്‍വലിച്ച റയല്‍ റോഡ്രിഗോയെയും കാമാവിംഗയെയും കളത്തിലിറക്കി.

58ാം മിനിട്ടില്‍ എംബാപ്പെ ഒരിക്കല്‍ക്കൂടി ലോസ് ബ്ലാങ്കോസിന് ആശ്വാസമായി. ആര്‍ദ ഗുലാറിന്റെ അസിസ്റ്റില്‍ താരം ബ്രേസ് പൂര്‍ത്തിയാക്കി.

തുടര്‍ന്ന് നിശ്ചിത സമയത്ത് ഗോളടിക്കാന്‍ ഇരുവര്‍ക്കുമായില്ല. രണ്ടാം പകുതിയുടെ ആഡ് ഓണ്‍ ടൈമില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് അസെന്‍സിയോയും, ആഡ് ഓണ്‍ ടൈമില്‍ തന്നെ രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട് റോഡ്രിഗോയും പുറത്തായി.

ഫൈനല്‍ വിസിലിന് തൊട്ടുമുമ്പ് ബെന്‍ഫിക്കയ്ക്ക് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചു. മത്സരമവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കി നില്‍ക്കവെ ഗോള്‍കീപ്പര്‍ അനറ്റോലി ട്രൂബിനെയും മൗറീനിന്യോ ആക്രമണത്തിന് അണിനിരത്തി. മൗറീന്യോയുടെ തന്ത്രം ഫലം കാണുകയും ഓര്‍സ്‌നെസിന്റെ ഷോട്ടില്‍ ഡൈവിങ് ഹെഡ്ഡറിലൂടെ ട്രൂബിന്‍ കോര്‍ട്വായെ മറികടന്ന് റയല്‍ ഗോള്‍വല ചലിപ്പിക്കുകയും ചെയ്തു.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ബെന്‍ഫിക്ക 4-2ന് വിജയം സ്വന്തമാക്കി.

മാനേജറെന്ന നിലയില്‍ റയല്‍ മാഡ്രിഡിനെതിരെ മൗറീന്യോയുടെ ആദ്യ വിജയമാണിത്. ആറ് മത്സരത്തില്‍ നാലിലും തോറ്റപ്പോള്‍ ഒരെണ്ണം സമനിലയിലും അവസാനിച്ചു.

ഹോസെ മൌറീന്യോ

ഈ വിജയത്തിനും ട്രൂബിന്റെ അവസാന മിനിട്ട് ഗോളിനും പിന്നാലെ ടോപ്പ് 24ല്‍ ഇടം നേടാനും ബെന്‍ഫിക്കയ്ക്ക് സാധിച്ചു, റയലാകട്ടെ ടോപ്പ് 8ല്‍ നിന്ന് പുറത്താവുകയും ചെയ്തു. ഒറ്റ ഗോള്‍ വ്യത്യാസത്തിലാണ് ഫ്രാന്‍സ് സൂപ്പര്‍ ടീം മാഴ്‌സെയെ മറികടന്ന് ബെന്‍ഫിക്ക 24ാം സ്ഥാനത്തെത്തിയത്.

ഒന്ന് മുതല്‍ എട്ട് വരെ സ്ഥാനങ്ങളിലുള്ള ടീമുകള്‍ നേരിട്ട് റൗണ്ട് ഓഫ് സിക്സ്റ്റീന് യോഗ്യത നേടിയപ്പോള്‍ ഒമ്പത് മുതല്‍ 24 വരെയുള്ള ടീമുകള്‍ പ്ലേ ഓഫിനുള്ള നോക്ക്ഔട്ടിനും യോഗ്യതയുറപ്പിച്ചു.

 

Content Highlight: UEFA Champions League: Benfica defeated Real Madrid

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.