തിരുത മീനുമായെത്തി കെ.വി. തോമസിന്റെ വീടിന് മുന്നില്‍ യു.ഡി.എഫ് പ്രതിഷേധം; കോലം കത്തിച്ചു
Kerala News
തിരുത മീനുമായെത്തി കെ.വി. തോമസിന്റെ വീടിന് മുന്നില്‍ യു.ഡി.എഫ് പ്രതിഷേധം; കോലം കത്തിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd June 2022, 11:30 am

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് വലിയ ലീഡ് നേടുകയാണ്. ഇതിനിടയില്‍ തിരുത മീനുമായി എത്തിയ യു.ഡി.എഫ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടി വിട്ട് എല്‍.ഡി.എഫിലേക്ക് പോയ മുതിര്‍ന്ന നേതാവ് കെ.വി. തോമസിന്റെ കോലം കത്തിച്ചു.

കെ.വി. തോമസിന്റെ വീടിന് മുന്നില്‍ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി. പി.ടി. തോമസിനെ വാഴ്ത്തിയും ഉമാ തോമസിനെ അഭിനന്ദിച്ചുമുള്ള മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ കെ.വി. തോമസിന്റെ വീട്ടിലെത്തിയത്. കെ.വി. തോമസിനെ പിന്നെ കണ്ടോളാം എന്നായിരുന്നു തോമസിനോടുള്ള പ്രവര്‍ത്തകരുടെ മുദ്രാവാക്യം.

അതേസമയം,തൃക്കാക്കരയില് വോട്ടെണ്ണല് പുരോഗമിക്കുമ്പോള് യു.ഡി.എഫ് വന് ലീഡിലേക്ക് കുതിക്കുകയാണ്. എട്ട് റൗണ്ട് പൂര്ത്തിയാപ്പോള് ഉമ തോമസ് ഇരുപതിനായിരത്തിലേറെ വോട്ടിന് മുന്നിലാണ്. അഞ്ചു റൗണ്ട് പൂര്ത്തിയാപ്പോള് തന്നെ 12,414 വോട്ടിന്റെ ലീഡാണ് ഉമാ തോമസ് നേടിയത്.

2021 ല് പി ടി തോമസിന് 5333 ആയിരുന്നു ലഭിച്ച ലീഡ്. ഇതിന്റെ ഇരട്ടിയാണ് ഉമയ്ക്ക് ലീഡ് ലഭിച്ചത്. നാലാം റൗണ്ടില് എണ്ണായിരത്തിലേറെ വോട്ടിന്റെ ലീഡാണ് ഉമ തോമസ് നേടിയത്. ആദ്യ മൂന്നു റൗണ്ടിലും പി.ടി. തോമസിന്റെ ലീഡിനേക്കാള് ഇരട്ടിയിലേറെ ഉമ തോമസ് നേടിയിരുന്നു.

എറണാകുളം മഹാരാജാസ് കോളജില് രാവിലെ എട്ടു മണിക്കാണ് വോട്ടെണ്ണല് ആരംഭിച്ചത്. വോട്ടെണ്ണാന് 21 മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒരു റൗണ്ടില് 21 വോട്ടിങ് മെഷീനുകള് എണ്ണി തീര്ക്കും. പതിനൊന്ന് റൗണ്ടുകള് പൂര്ത്തിയാകുന്നതോടെ ഫലം പ്രഖ്യാപിക്കും. 239 ബൂത്തുകളിലായി 1,35,342 വോട്ടര്മാര്മാരാണ് ചൊവ്വാഴ്ച ജനഹിതം രേഖപ്പെടുത്തിയത്. യു.ഡി.എഫിനായി ഉമ തോമസ്, എല്.ഡി.എഫിനായി ഡോ. ജോ ജോസഫ്, എന്.ഡി.എയുടെ എ.എന് രാധാകൃഷ്ണന് എന്നിവരായിരുന്നു മത്സരരംഗത്തുള്ള പ്രമുഖ സ്ഥാനാര്ത്ഥികള്. പി.ടി. തോമസിന്റെ നിര്യാണത്തെത്തുടര്ന്നാണ് തൃക്കാക്കരയില് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.