വമ്പന്‍ പ്രഖ്യാപനവുമായി കിംഗ് ഖാന്‍: അറ്റ്‌ലി ചിത്രമെന്ന് സൂചന
Entertainment news
വമ്പന്‍ പ്രഖ്യാപനവുമായി കിംഗ് ഖാന്‍: അറ്റ്‌ലി ചിത്രമെന്ന് സൂചന
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 3rd June 2022, 11:42 am

ഷാരൂഖ് ഖാനും നയന്‍താരയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന അറ്റ്ലി ചിത്രത്തിനായി വലിയ പ്രതീക്ഷയിലാണ് ആരാധകര്‍. ചിത്രത്തിന്റെ പേര് ജവാന്‍ എന്ന് ആണെന്നും ടീസര്‍ ഉടന്‍ തന്നെ റിലീസ് ചെയ്യുമെന്നും മുന്‍പ് തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ ഷാരൂഖാന്റെ നിര്‍മാണ കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുകയാണ്. ‘ജൂണ്‍ മൂന്നിന് ഉച്ചക്ക് 2 മണിക്ക് ഏറ്റവും പ്രതീക്ഷയുള്ള ചിത്രം പ്രഖ്യാപിക്കും’ എന്നാണ് ട്വിറ്ററില്‍ പങ്കുവെച്ച പോസ്റ്ററില്‍ പറയുന്നത്.

നയന്‍താര ഒരു അന്വേഷണ ഉദ്യോഗസ്ഥയായി എത്തുന്ന ചിത്രത്തില്‍ ഷാരൂഖ് ഇരട്ടവേഷത്തിലാണ് എത്തുന്നത്. ഷാരൂഖ് ഖാന്റെ ആദ്യ കഥാപാത്രം ഗ്യാങ്സ്റ്ററായ മകന്റെ വേഷത്തിലാണെന്നും മറ്റൊന്ന് സീനിയര്‍ റോ ഓഫീസറായി അഭിനയിക്കുന്ന പിതാവാണെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നതാണ്.

ഷാരൂഖ് ആദ്യമായി നയന്‍താരയ്‌ക്കൊപ്പം അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തില്‍ സന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

നീണ്ട നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഷാരൂഖ് ഖാന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവിന്റെ ആവേശത്തിലാണ് ആരാധകര്‍.

ദീപിക പദുക്കോണ്‍ നായികയാവുന്ന പത്താനാണ് ഷാരൂഖ് ഖാന്റെ പുതിയ ചിത്രം. ജോണ്‍ എബ്രഹാമും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തപ്‌സി പന്നു നായികയായ രാജ്കുമാര്‍ ഹിരാനിയുടെ ദുങ്കിയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഷാരൂഖിന്റെ മറ്റൊരു ചിത്രം

വിഖ്നേഷ് ശിവന്റെ സംവിധാനത്തിലൊരുങ്ങിയ കാതു വാക്കുല രണ്ടു കാതലാണ് ഒടുവില്‍ റിലീസ് ചെയ്ത നായന്‍താരയുടെ ചിത്രം. വിജയ് സേതുപതി നായകനായ ചിത്രത്തില്‍ സാമന്തയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Content Highlight : Atlee Sharukh Khan Movie offical Announcement by Red chillies Production house