തിരുവനന്തപുരം: കാന്തപുരത്തിന്റെ സ്ത്രീ വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച് മലബാറിന് പുറത്തെ യു.ഡി.എഫ് നേതാക്കള്‍. അതേസമയം ഇപ്പോഴും മലബാറിലെ യു.ഡി.എഫ് നേതാക്കള്‍ മൗനം പാലിക്കുകയാണ്.
മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ബിന്ദു കൃഷ്ണ വിഷയത്തില്‍ പ്രതികരിച്ചിരുന്നു.
കാന്തപുരത്തിന്റെ നിലപാട് പൊതു സമൂഹത്തിന് അംഗീകരിക്കാന്‍ പറ്റാത്ത നിലപാടാണെന്നും കാലഘട്ടത്തിന് ചേര്‍ന്നതല്ലെന്നുമായിരുന്നു അവരുടെ പ്രതികരണം. സ്ത്രീകള്‍ പൊതുവിടങ്ങളില്‍ ഇറങ്ങരുതെന്നോ പുരുഷന്മാരുമായി ഇടപഴകരുതെന്നോ ഉള്ള ഇത്തരം ആഹ്വാനങ്ങള്‍ സ്ത്രീസമൂഹത്തെ നൂറ്റാണ്ടുകള്‍ പിന്നോട്ട് നയിക്കാന്‍ മാത്രമേ ഉപകരിക്കൂ എന്ന് മന്ത്രി വ്യക്തമാക്കി.
കാന്തപുരത്തിന്റെ നിലപാടുകളോട് യോജിക്കുന്നില്ലെന്നും അത് അദ്ദേഹത്തിന്റെ നിലപാട് മാത്രമാണെന്നുമായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി. എം ജോണും കാന്തപുരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. സ്ത്രീകളുടെ ഭരണഘടനാപരമായ തുല്യത റദ്ദ് ചെയ്യാനുള്ള ലൈസന്‍സ് ആര്‍ക്കുമില്ലെന്നും അരങ്ങില്‍ നിന്ന് അടുക്കളയിലേക്ക് സ്ത്രീകളെ തിരിച്ചയക്കണമെന്ന ചിന്താഗതി പ്രതിലോമകരമാണെന്നും അദ്ദേഹം പറഞ്ഞു. പഠിച്ചവരെന്ന് അവകാശപ്പെടുന്നവര്‍ മതത്തിന്റെയും വിശ്വാസത്തിന്റെയും മറവില്‍ സ്ത്രീ വിരുദ്ധത പറഞ്ഞാല്‍ എതിര്‍ക്കുക തന്നെ ചെയ്യുമെന്ന് ജിന്റോ ജോണും പ്രതികരിച്ചിരുന്നു.
എന്നാല്‍ നിരന്തരം വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്ന വെള്ളാപ്പളളിയെ നേരില്‍ കണ്ട് പൊന്നാടയണിയിച്ചതിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ബിന്ദു കൃഷ്ണ പ്രതികരിച്ചത് ക്ഷീരദിനാശംസകള്‍ എന്നായിരുന്നു. ഇവിടെയാണ് യു.ഡി.എഫ് നേതാക്കളുടെ ഇരട്ടത്താപ്പ് വ്യക്തമാവുന്നത്. വെള്ളാപ്പള്ളി വിഷയത്തില്‍ മലബാറിലെ നേതാക്കള്‍ പ്രതികരിച്ചപ്പോള്‍ മലബാറിന് പുറത്തുള്ളവര്‍ അയഞ്ഞ നിലപാട് സ്വീകരിച്ചു.
കാന്തപുരത്തിന്റെ പ്രസ്താവനയെകുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ക്ഷുഭിതനായികൊണ്ട് കമന്റില്ല എന്ന ഒറ്റവാക്കിലായിരുന്നു മന്ത്രി കെ.എം ഷാജിയുടെ പ്രതികരണം.
‘പണ്ഡിന്മാര്‍ പറഞ്ഞതല്ലേ അതിന് ഞാന്‍ മറുപടി പറയുന്നില്ല. അതില്‍ എന്റെ ഒരു കമന്റിന്റെ ആവശ്യമില്ല,’ ഇതായിരുന്നു വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്റെ പ്രതികരണം. ഇതേ രീതിയില്‍ തന്നെയായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍ക്കെതിരായ യു.ഡി.എഫ് നേതാക്കളുടെ പ്രതികരണം. മലബാറിലുള്ള നേതാക്കള്‍ അദ്ദേഹത്തിനെതിരെ പ്രതികരിച്ചപ്പോള്‍ മലബാറിന് പുറത്തുള്ള നേതാക്കള്‍ അയഞ്ഞ സമീപനമാണ് സ്വീകരിച്ചിരുന്നത്.
വെള്ളാപ്പള്ളി മലപ്പുറത്തേക്കുറിച്ചാണ് സംസാരിച്ചത്. അപ്പോള്‍ മലപ്പുറത്തിന് പുറത്തുള്ള നേതാവായ ബിന്ദു കൃഷ്ണ പൊന്നാടയണിക്കുന്നതില്‍ പ്രശ്‌നമില്ല.
ഭരണപക്ഷത്തോ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലോ ഇരിക്കുമ്പോള്‍ പ്രതിപക്ഷത്തിരിക്കുന്നതുപോലെ വൈകാരികമായി പ്രതികരിക്കാന്‍ കഴിയില്ലെന്നും, ഭാഷയിലും ശൈലിയിലും മാറ്റം വരേണ്ടതുണ്ടെന്നുമായിരുന്നു ഈ അടുത്ത് കൊണ്ടോട്ടി എം.എല്‍.എ അഷ്‌റഫലി ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞത്.
ഓരോ ആരോപണങ്ങളിലും ഉടന്‍ കയറി എതിര്‍പ്പുയര്‍ത്തുന്നതിനേക്കാള്‍, വിഷയങ്ങളുടെ ഗൗരവമനുസരിച്ച് ഉത്തരവാദിത്തത്തോടെ നിലപാട് അറിയിക്കുകയാണ് ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതാക്കള്‍ ചെയ്യേണ്ടതെന്നും ടി.പി. അഷ്റഫലി അന്ന് പറഞ്ഞിരുന്നു.
ബിന്ദു കൃഷ്ണ മലബാറിന് പുറത്തുള്ള ആളായത് കൊണ്ട് പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതേ ഇരട്ടത്താപ്പാണ് ഇപ്പോള്‍ കാന്തപുരത്തിന്റെ പ്രസംഗത്തിലും കാണുന്നത്. വോട്ട് ബാങ്ക് ഭയന്നാണ് മലബാറിലെ നേതാക്കള്‍ പ്രതികരിക്കാത്തത്.
സ്വന്തം മണ്ഡലത്തിലെയും മലബാറിലെയും വോട്ട് ബാങ്കിനെയും മതസമുദായ നേതാക്കളുടെ പ്രീതിയെയും ഭയന്ന്, ആസൂത്രിതമായി മൗനം പാലിക്കുന്ന മലബാറിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ നിലപാട് ജനാധിപത്യത്തിനും സ്ത്രീ മുന്നേറ്റങ്ങള്‍ക്കും തിരിച്ചടിയാണ്.
Content Highlight: UDF leaders from outside Malabar level sharp criticism regarding the Kanthapuram issue; leaders from Malabar remain completely silent.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.