ഫ്രാന്‍സ് വിരുദ്ധ ചേരിയില്‍ ചേരാതെ യു.എ.ഇ; അബുദാബി കിരീടാവകാശി മാക്രോണുമായി സംസാരിച്ചു, മുസ്‌ലിങ്ങള്‍ മാറി ചിന്തിക്കണമെന്ന് മന്ത്രിയും
World News
ഫ്രാന്‍സ് വിരുദ്ധ ചേരിയില്‍ ചേരാതെ യു.എ.ഇ; അബുദാബി കിരീടാവകാശി മാക്രോണുമായി സംസാരിച്ചു, മുസ്‌ലിങ്ങള്‍ മാറി ചിന്തിക്കണമെന്ന് മന്ത്രിയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd November 2020, 9:25 pm

അബുദാബി: പ്രവാചക നിന്ദ ആരോപിക്കപ്പെട്ട കാര്‍ട്ടൂണിന്റെ പേരില്‍ ഫ്രാന്‍സില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് യു.എ.ഇ. അബുദാബി കിരീടാവകാശിയും യു.എ.ഇ സൈന്യത്തിന്റെ സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നയ്ഹാന്‍ ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണുമായി ഫോണില്‍ സംസാരിച്ചു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം അറിയിച്ചു.

ഇത്തരം ഭീകരാക്രമണങ്ങള്‍ സമാധാനം, സഹിഷ്ണുത, സ്‌നേഹം, മനുഷ്യജീവിതത്തിന്റെ പവിത്രത എന്നീ എല്ലാ മതങ്ങളുടെയും ദര്‍ശനങ്ങള്‍ക്കെതിരാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

പ്രവാചകന്‍ മുഹമ്മദ് മുസ്‌ലിങ്ങള്‍ക്കിടയില്‍ പവിത്രതയെ പ്രതിനിധീകരിക്കുന്നെന്നും എന്നാല്‍ പ്രവാചകന്റെ പേരില്‍ ആക്രമണം നടത്തുന്നതും വിഷയം രാഷ്ട്രീയ വല്‍ക്കരിക്കുന്നതും അംഗീകരിക്കാനാവില്ലെന്നും ഇദ്ദേഹം പറഞ്ഞു.

ഒപ്പം ഫ്രാന്‍സും അറബ് ലോകവും തമ്മിലുള്ള ബന്ധം പരസ്പര ബഹുമാനത്തോടെ ആയിരിക്കണമെന്നും പറഞ്ഞ ഇദ്ദേഹം ഫ്രാന്‍സിലെ സാംസ്‌കാരിക വൈവിധ്യത്തെ പ്രശംസിക്കുകയും ഭരണഘടനാ അവകാശങ്ങളോടെ ഫ്രാന്‍സില്‍ മുസ്‌ലിം മതസ്ഥര്‍ക്ക് ജീവിക്കാനാവുന്നതിനെ ചൂണ്ടിക്കാണിക്കുകയും ചെയ്തു.

നേരത്തെ യു.എ.ഇയിലെ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗാരേഷും ഇമ്മാനുവേല്‍ മാക്രോണിനെ അനുകൂലിച്ചു കൊണ്ട് രംഗത്തു വന്നിരുന്നു. ഇസ്‌ലാമിസ്റ്റുകള്‍ക്കെതിരെ മാക്രോണ്‍ നടത്തിയ പരാമര്‍ശത്തെ അനുകൂലിച്ചു കൊണ്ടായിരുന്നു ഇദ്ദേഹത്തിന്റെ പരാമര്‍ശം.

‘ മാക്രോണ്‍ പറഞ്ഞതെന്താണെന്ന് മുസ്‌ലിങ്ങള്‍ ശ്രദ്ധയോടെ കേള്‍ക്കണം. വെസ്റ്റേണ്‍ മേഖലയില്‍ മുസ്‌ലിങ്ങള്‍ ഒറ്റപ്പെടാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല. അദ്ദേഹം പറഞ്ഞത് പൂര്‍ണമായും ശരിയാണ്,’ യു.എ.ഇ വിദേശകാര്യ സഹമന്ത്രി പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളില്‍ മുസ്‌ലിങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ സമന്വയിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു ജര്‍മ്മന്‍ ദിനപത്രത്തോടായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.

ഫ്രാന്‍സിനെതിരെ ഖത്തര്‍, സിറിയ, തുര്‍ക്കി, സൊമാലിയ, പാകിസ്താന്‍, ബംഗ്ലാദേശ് തുടങ്ങി മിക്ക മുസ്‌ലിം രാജ്യങ്ങളിലും പ്രതിഷേധം നടക്കവെയും തുര്‍ക്കി, ഈജിപ്ത്, സൗദി അറേബ്യ,  കുവൈറ്റ്  സര്‍ക്കാരുകള്‍ ഫ്രാന്‍സിനെതിരെ പരസ്യമായി രംഗത്തു വരികയും ചെയ്ത സാഹചര്യത്തിലാണ് യു.എ.ഇയുടെ പ്രതികരണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlight: UAE on france terror attack