പ്രവാചകനെ വരച്ച ഫ്രാന്‍സ്; ഷാര്‍ലെ ഹെബ്‌ദോയെ പറ്റി അറിയേണ്ടതെല്ലാം
World News
പ്രവാചകനെ വരച്ച ഫ്രാന്‍സ്; ഷാര്‍ലെ ഹെബ്‌ദോയെ പറ്റി അറിയേണ്ടതെല്ലാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th October 2020, 4:46 pm

പാരിസ്: പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണുകളുടെ പേരില്‍ ഫ്രാന്‍സ് അന്താരാഷട്ര തലത്തില്‍ വാര്‍ത്തകളില്‍ നിറയുകയാണ്. മുസ് ലിം രാജ്യങ്ങളില്‍ ഫ്രാന്‍സിനെതിരെ പൊതുവികാരം ശക്തിപ്പെടുന്ന ഘട്ടത്തില്‍ പരസ്യ നിലപാടുമായി തുര്‍ക്കി, സൗദി, ജോര്‍ദ്ദാന്‍ തുടങ്ങിയ രാജ്യങ്ങള്‍ വന്നിട്ടുണ്ട്.

ഇപ്പോഴത്തെ വിവാദങ്ങളുടെ തുടക്കം

പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പാരിസിലെ ഒരു ചരിത്രാധ്യാപകനായ സാമുവേല്‍ പാറ്റി വിദ്യാര്‍ത്ഥികള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ക്ലാസില്‍ പ്രദര്‍ശിപ്പിച്ചതോടെയാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ തുടങ്ങിയത്. ഈ അധ്യാപകനെ ഒരു പതിനെട്ടുകാരന്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയതാണ് പ്രശ്‌നം ഗുരുതരമാക്കിയത്.

കാര്‍ട്ടൂണ്‍ ഒരിക്കലും പിന്‍വലിക്കില്ലെന്നാണ് ഫ്രഞ്ച് സര്‍ക്കാര്‍ അധ്യാപകന്റെ മരണത്തിനു ശേഷം പ്രതികരിച്ചത്. ഒപ്പം പ്രവാചകന്റെ കാര്‍ട്ടൂണ്‍ രാജ്യത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മേല്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.

എന്താണ് ഷാര്‍ലെ ഹെബ്ദോ കാര്‍ട്ടൂണുകള്‍ ?

ഫ്രഞ്ച് ജേര്‍ണലിസത്തെ സംബന്ധിച്ചിടത്തോളം ഷാര്‍ലെ ഹെബ്ദോ എന്ന വീക്ക്‌ലി പത്രം അതിന്റെ ചരിത്രത്തിലെ ഒരു ഭാഗമാണ്. 1960 ലെ നിരോധിക്കപ്പെട്ട ഹര കരി എന്ന വിവാദ പബ്ലിക്കേഷന്റെ സൃഷ്ടി തന്നെയാണ് ഷാര്‍ലെ ഹെബ്ദോയും.

ഫ്രാന്‍സ് രാജകുടുംബമായിരുന്നു ഈ മാഗസിനിലെ പ്രധാന കാര്‍ട്ടൂണ്‍ വിഷയങ്ങള്‍. പിന്നീട് രാഷട്രീയം, മതങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ കാര്‍ട്ടൂണുകള്‍ അവതരിപ്പിച്ചു.

വലിയ രീതിയില്‍ വായനക്കാരെ ഷാര്‍ലെ ഹെബ്ദോക്ക് ലഭിച്ചിരുന്നില്ലെങ്കിലും മുന്‍ പേജിലെ പ്രകോപനപരമായ കാര്‍ട്ടൂണുകളും തലക്കെട്ടുകളും ഷാര്‍ലേ ഹെബ്ദോയെ മാര്‍ക്കറ്റില്‍ സ്ഥിരം ഘടകമായി പിടിച്ചു നിര്‍ത്തി.

അക്കാലത്ത് ലെ കനാര്‍ഡ് എന്‍ചെയ്ന്‍ എന്ന സാറ്റൈര്‍ മാഗസിനായിരുന്നു ഷാര്‍ലെ ഹെബ്ദൊയുടെ പ്രധാന എതിരാളി. ആക്ഷേപഹാസ്യ രൂപത്തില്‍ എല്ലാ ശക്തികേന്ദ്രങ്ങളെയും വിമര്‍ശിക്കുന്നതാണ് ഇരു പത്രങ്ങളുടെയും രീതിയെങ്കിലും ഷാര്‍ലെ ഹെബ്ദോയുടെ ഹാസ്യം എല്ലാ കടിഞ്ഞാണുകളെയും ലംഘിച്ചായിരുന്നു.

സ്വയം ഭോഗം ചെയ്യുന്ന കന്യാസ്ത്രീകള്‍, കോണ്ടം ധരിച്ചു നില്‍ക്കുന്ന പോപ്പ് തുടങ്ങി അങ്ങേയറ്റം വിവാദപരമായ കാര്‍ട്ടൂണുകള്‍ മാഗസിനില്‍ വന്നിട്ടുണ്ട്.

ചരിത്രത്തില്‍ പല സന്ദര്‍ഭങ്ങളിലായി മാഗസിനുള്ളില്‍ തന്നെ പൊട്ടിത്തെറി ഉണ്ടായിട്ടുണ്ട്. സെമിറ്റിക് വിരുദ്ധത ആരോപിച്ച് മുന്‍പൊരിക്കല്‍ ഈ സ്ഥാപനത്തിന്റെ എഡിറ്റര്‍ രാജി വെച്ചിരുന്നു.

ഷാര്‍ലെ ഹെബ്ദോയിലെ പ്രവാചകന്‍

പ്രവാചകനെ കളിയാക്കുന്നെന്ന് ആരോപിക്കുന്ന ഈ കാര്‍ട്ടൂണുകള്‍ യഥാര്‍ത്ഥത്തില്‍ ഒരു ഡാനിഷ് പത്രത്തിലാണ് ആദ്യം പ്രസിദ്ധീകരിച്ചത്. കുര്‍ത് വെസ്റ്റ് ഗാര്‍ഡ് എന്ന ഡാനിഷ് കാര്‍ട്ടൂണിസ്റ്റാണ് ഈ ചിത്രങ്ങള്‍ വരച്ചത്. 2005 ല്‍ 12 എഡിറ്റോറിയല്‍ കാര്‍ട്ടൂണുകളാണ് ഈ ഡാനിഷ് പത്രത്തില്‍ വന്നത്. ഇതില്‍ ഭൂരിഭാഗവും പ്രവാചകന്‍ മുഹമ്മദിനെ ആസ്പദമാക്കിയായിരുന്നു. അന്നിതിനെതിരെ ഡെന്‍മാര്‍ക്കില്‍ പ്രതിഷേധം ഉയരുകയും കാര്‍ട്ടൂണിസ്റ്റിനെതിരെ നിരന്തര വധ ശ്രമങ്ങളും വരികയും ചെയ്തിരുന്നു.

പിന്നീട് 2006 ല്‍ ഷാര്‍ലെ ഹെബ്ദോ ഇത് പുനപ്രസിദ്ധീകരിക്കുകയായിരുന്നു. എന്നാല്‍ അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഈ നടപടിയെ അപലപിച്ചിരുന്നു. ഷാര്‍ലെ ഹെബ്ദോക്കെതിരെ അന്ന് മുസ്‌ലിം വിഭാഗത്തില്‍ നിന്നും കനത്ത പ്രതിഷേധമുയര്‍ന്നിരുന്നു. 2011 നവംബറിലാണ് ഷാര്‍ലെ ഹെബ്ദോ ഓഫീസിനു നേരെ ആദ്യം ബോംബാക്രമണം നടന്നത്. എന്നാല്‍ അന്നും സ്ഥാപനം പിന്നോട്ട് പോയില്ല. 2013 ല്‍ ഷാര്‍ലെ ഹെബ്ദോ വിവാദ കാര്‍ട്ടൂണുകള്‍ ഉള്‍പ്പെടുത്തി സ്‌പെഷ്യല്‍ എഡിഷന്‍ പ്രസിദ്ധീകരിച്ചു.

ഇത് കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫ്രാന്‍സിനെ സംഘര്‍ഷ ഭരിതമാക്കിയ കലാപം പൊട്ടിപ്പുറപ്പെട്ടത്.

കാര്‍ട്ടൂണിന്റെ പേരില്‍ 2015 ജനുവരി ഏഴിന് മാഗസിന്റെ ഓഫീസില്‍ നടന്ന ഭീകരാക്രമണത്തില്‍ ഏഴ് ജീവനക്കാരുള്‍പ്പെടെ പന്ത്രണ്ട് പേരാണ് കൊല്ലപ്പെട്ടത്. അല്‍ ഖ്വയ്ദയുടെ അറേബ്യന്‍ ഉപമേഖലയിലെ ശാഖ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നു.

മുഹമ്മദ് നബിയെ അവഹേളിച്ചുകൊണ്ട് കാര്‍ട്ടൂണ്‍ തയ്യാറാക്കിയതിന്റെ പ്രതികാരമാണിതെന്നാണ് ഇവര്‍ പറഞ്ഞത്. ആക്രമണം നടത്തിയ സെയ്ദ്, ഷരീഫ് എന്നീ സഹോരങ്ങളായ പ്രതികള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. സംഭവത്തിനു പിന്നാലെ ആഴ്ചകളോളം നീണ്ട സംഘര്‍ഷത്തില്‍ 17 പേര്‍ കൂടി കൊല്ലപ്പെട്ടു. നഗരത്തിലെ ജൂതരുടെ ഒരു സൂപ്പര്‍മാര്‍ക്കറ്റും ആക്രമിക്കപ്പെട്ടിരുന്നു.

വിചാരണ തുടങ്ങിയതോടെ വീണ്ടും തുടങ്ങിയ വിവാദം

ഈ ഭീകരാക്രമണത്തില്‍ സഹായിച്ച പ്രതികളുടെ വിചാരണ തുടങ്ങുന്നതിനോടനുബന്ധിച്ച് വിവാദ കാര്‍ട്ടൂണുകള്‍ പുനപ്രസിദ്ധീകരിക്കാന്‍ ഷാര്‍ലെ ഹെബ്ദൊ തീരുമാനിച്ചിരുന്നു. സെപ്റ്റംബര്‍ 2 നാണ് കേസില്‍ വിചാരണ തുടങ്ങിയത്. 14 പ്രതികളില്‍ 11 പേരുടെ വിചാരണയാണ് പാരീസ് കോടതിയില്‍ നടക്കുന്നത്. പ്രതികളില്‍ മൂന്ന് പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. നവംബര്‍ വരെ വിചാരണ തുടരുമെന്നാണ് സൂചന.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ