കൗമാരപട മാറ്റുരക്കുന്ന അണ്ടര്‍ 19 ലോകകപ്പിന് ഇന്ന് അരങ്ങുണരും. സിംബാബ്‌വെയും നമീബിയയും ആതിഥേയത്വം വഹിക്കുന്ന ടൂര്‍ണമെന്റില്‍ 16 ടീമുകളാണ് മോഹകിരീടത്തിനായി പോരടിക്കുന്നത്. ഫെബ്രുവരി ആറിനാണ് ടൂര്‍ണമെന്റിന്റെ കലാശപ്പോര്. ലോക ക്രിക്കറ്റില്‍ വെടിക്കെട്ട് നടത്താന്‍ വരും വര്‍ഷങ്ങളില്‍ തങ്ങളുമുണ്ടെന്ന് ഉറക്കെ പ്രഖ്യാപിച്ച് കൗമാര താരങ്ങള്‍ എത്തുമ്പോള്‍ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഇന്ത്യന്‍ കൗമാര പടയും യു.എസ്.എ കൗമാര പടയും തമ്മിലുള്ള മത്സരത്തോടെയാണ് 16ാം ലോകകപ്പിന് അരങ്ങുണരുക. ഇന്ന് ബുലവേയോയിലെ ക്വീന്‍സ് സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ ഉച്ചക്ക് ഒരു മണിക്കാണ് ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടുന്നത്. ഇന്ത്യയും യു.എസ്.എയും ശക്തമായ ടീമുമായാണ് ടൂര്‍ണമെന്റിന് എത്തിയിരിക്കുന്നത്.
ഈ ലോകകപ്പിന് എത്തുമ്പോള്‍ ഇന്ത്യയുടെ ലക്ഷ്യം ആറാം കിരീടമാണ്. ടൂര്‍ണമെന്റിലെ 15 വര്‍ഷത്തെ ചരിത്രത്തില്‍ ഇതുവരെ ഇന്ത്യന്‍ സംഘം ഒമ്പത് തവണ കലാശപ്പോരിന് യോഗ്യത നേടിയിട്ടുണ്ട്. അതില്‍ അഞ്ച് തവണയും കിരീടമണിഞ്ഞാണ് ഇന്ത്യന്‍ കൗമാരപട തിരിച്ച് കയറിയത്.
U- 19 ഇന്ത്യൻ ടീം. Photo: BCCI/x.com
2000ല്‍ മുഹമ്മദ് കൈഫിന് കീഴിയിലാണ് ഇന്ത്യ തങ്ങളുടെ ആദ്യ അണ്ടര്‍ 19 ലോകക്കപ്പ് സ്വന്തമാക്കിയത്. ശ്രീലങ്കയെ തോല്‍പ്പിച്ചായിരുന്നു ടീമിന്റെ കന്നി കിരീടം. പിന്നീട് ഇന്ത്യയ്ക്ക് മറ്റൊരു കിരീടം നേടിയെടുക്കാന്‍ വിരാട് കോഹ്ലി ക്യാപ്റ്റനായി എത്തേണ്ടി വന്നു. എട്ട് വര്‍ഷങ്ങള്‍ക്ക് അപ്പുറം 2008ല്‍ സൗത്ത് ആഫ്രിക്കയെ മുട്ടുകുത്തിച്ചായിരുന്നു രണ്ടാം തവണ ടീം ജേതാക്കളായത്.
U19 ലോകകപ്പുമായി കോഹ്‌ലി. Photo: Wikipedia.com
പിന്നാലെ 2012ലും 2018ലും ഓസ്ട്രേലിയയെ തകര്‍ത്ത് ഇന്ത്യ വീണ്ടും കിരീടനേട്ടം ആവര്‍ത്തിച്ചു. അന്ന് ടീമിനെ നയിച്ചത് ഉന്മുക്ത് ചന്ദും പൃഥ്വി ഷായുമാണ്. പിന്നീട് ഒരിക്കല്‍ കൂടി നമ്മുടെ കൗമാര നിര വിജയികളായി. 2022ലെ ഈ കിരീടനേട്ടം യാഷ് ദുളിന്റെ ക്യാപ്റ്റന്‍സിയില്‍ ഇംഗ്ലണ്ടിനെ മുട്ടുകുത്തിച്ചായിരുന്നു.
ഇതിനിടയില്‍ ഇന്ത്യ 2006, 2016, 2020കളില്‍ എല്ലാം ഫൈനലില്‍ എത്തി. എന്നാല്‍, ഈ വര്‍ഷങ്ങളില്‍ റണ്ണേഴ്‌സപ്പായി മടങ്ങാനായിരുന്നു ഇന്ത്യയുടെ വിധി. കൂടാതെ, കഴിഞ്ഞ വര്‍ഷത്തെ കലാശപ്പോരിനും ടീം എത്തി. 2024ല്‍ ഉദയ് സഹാറന് കീഴില്‍ ഇറങ്ങിയ ഇന്ത്യന്‍ സംഘത്തിന് ഓസ്ട്രേലിയയുടെ കൗമാരപടയ്ക്ക് മുന്നില്‍ അടിയറവ് പറയേണ്ടി വന്നു.
Photo: 2022 അണ്ടർ 19 ലോകകപ്പുമായി ഇന്ത്യൻ ടീം Photo: ICC/x.com
ഈ തോല്‍വിയുടെ കണ്ണീരൊപ്പാന്‍ ലക്ഷ്യമിട്ടാണ് ഇത്തവണ ഇന്ത്യന്‍ സംഘം കച്ചമുറുക്കുന്നത്. അതിനാകട്ടെ വെടിക്കെട്ട് വീരന്മാരെയും ശക്തമായ ബൗളിങ് യൂണിറ്റുമായാണ് ടീം എത്തുന്നത്. ലോകകപ്പിനായി കളത്തിലെത്തുമ്പോള്‍ വൈഭവ് സൂര്യവംശി തന്നെയാണ് ശ്രദ്ധാ കേന്ദ്രം. ഒപ്പം ക്യാപ്റ്റന്‍ ആയുഷ് മാഹ്‌ത്രെയുടെ പ്രകടനവും ശ്രദ്ധിക്കപ്പെടും.
കിരീടം ലക്ഷ്യമിട്ട് ഇന്ത്യന്‍ സംഘമിറങ്ങുമ്പോള്‍ മലയാളികള്‍ക്കും അഭിമാനിക്കാന്‍ വകയുണ്ട്. മറ്റൊന്നുമല്ല, മുഹമ്മദ് ഇനാന്‍ എന്ന മലയാളിയുടെ സാന്നിധ്യം തന്നെയാണ് ഇതിന് കാരണം. ലോകകപ്പിന് മുന്നോടിയായി നടന്ന സൗത്ത് ആഫ്രിക്കയ്ക്ക് എതിരെയുള്ള പരമ്പരയിലെ അവസാന മത്സരത്തില്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയാണ് താരം ടൂര്‍ണമെന്റിന് ഒരുങ്ങുന്നത്.
മുഹമ്മദ് ഇനാന്‍. Photo: mohd.enaan_/instagram.com
പ്രോട്ടിയാസിന് എതിരെയുള്ള അവസാന മത്സരത്തില്‍ ഇനാന്‍ ബാറ്റ് കൊണ്ടും ബൗള്‍ കൊണ്ടും തിളങ്ങിയിരുന്നു. സ്പിന്‍ ഓള്‍റൗണ്ടറായ താരം 19 പന്തില്‍ പുറത്താവാതെ 28 റണ്‍സാണ് ആ മത്സരത്തില്‍ അടിച്ചത്. ഒപ്പം രണ്ട് നിര്‍ണായക വിക്കറ്റുകളും താരം വീഴ്ത്തി. ഈ മികവ് തുടരാമെന്ന പ്രതീക്ഷയിലാവും താരം ലോകകപ്പിനായി ഒരുങ്ങുന്നത്.