കലാശപ്പോരില്‍ കരുത്ത് കാട്ടി പാകിസ്ഥാന്‍; വാലറ്റത്തെ അരിഞ്ഞ് വീഴ്ത്തി ഇന്ത്യ
Cricket
കലാശപ്പോരില്‍ കരുത്ത് കാട്ടി പാകിസ്ഥാന്‍; വാലറ്റത്തെ അരിഞ്ഞ് വീഴ്ത്തി ഇന്ത്യ
ഫസീഹ പി.സി.
Sunday, 21st December 2025, 2:32 pm

അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ കലാശപ്പോരില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുകയാണ്. മത്സരത്തില്‍ പാകിസ്ഥാന്‍ എട്ട് വിക്കറ്റിനാണ് 347 റണ്‍സെടുത്തിട്ടുണ്ട്. സെഞ്ച്വറി നേടിയ സമീര്‍ മിന്‍ഹാസിന്റെ കരുത്തിലാണ് ടീം മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 40 ഓവറില്‍ നാല് വിക്കറ്റിന് 300 റണ്‍സെടുത്ത ടീം പിന്നീട് തകര്‍ന്നടിയുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന് തുടക്കത്തില്‍ തന്നെ വിക്കറ്റ് നഷ്ടമായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 31 റണ്‍സ് ചേര്‍ത്തപ്പോഴേക്കും ഓപ്പണര്‍ മടങ്ങി. 14 പന്തില്‍ 18 റണ്‍സെടുത്ത ഹംസ സാഹൂറാണ് തിരികെ നടന്നത്. ഹെനില്‍ പട്ടേലാണ് താരത്തിനെ പുറത്താക്കിയത്.

പിന്നാലെ ഒരുമിച്ച സമീര്‍ മിന്‍ഹാസ് – ഉസ്മാന്‍ ഖാന്‍ സഖ്യം ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. ഇരുവരും ചേര്‍ന്ന് 92 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 45 പന്തില്‍ 35 റണ്‍സെടുത്ത ഉസ്മാന്‍ പുറത്തായതോടെയാണ് ഈ സഖ്യം പിരിഞ്ഞത്. ഖിലാന്‍ പട്ടേലിനാണ് താരത്തിന്റെ വിക്കറ്റ്.

സമീർ മിൻഹാസും അഹമ്മദ് ഹുസൈനും. Photo: Nabeelbilo/x.com

രണ്ട് വിക്കറ്റ് പോയപ്പോഴും മിന്‍ഹാസ് തന്റെ പോരാട്ടം തുടര്‍ന്നു. താരം നാലാം നമ്പറില്‍ ബാറ്റിങ്ങിനെത്തിയ അഹമ്മദ് ഹുസൈനെ കൂട്ടുപിടിച്ച് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ഇരുവരും ചേര്‍ന്ന് 137 റണ്‍സാണ് ചേര്‍ത്തത്. ഹുസൈന്‍ ഖിലാന്‍ പട്ടേലിന് വിക്കറ്റ് നല്‍കി മടങ്ങിയതോടെയാണ് ഈ ജോഡി പിരിഞ്ഞത്. 72 പന്തില്‍ 56 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

താരം പുറത്തായതോടെ ക്യാപ്റ്റന്‍ ഫര്‍ഹാന്‍ യൂസഫ് ബാറ്റിങ്ങിനെത്തി. മിന്‍ഹാസും ക്യാപ്റ്റനും ചേര്‍ന്ന് 42 റണ്‍സ് സംഭാവന ചെയ്തു. ഏറെ വൈകാതെ മിന്‍ഹാസ് തിരികെ നടന്നു. 113 പന്തില്‍ ഒമ്പത് സിക്സും 17 ഫോറും അടക്കം 172 റണ്‍സ് എടുത്തായിരുന്നു താരത്തിന്റെ മടക്കം. ദീപേഷ് ദേവേന്ദ്രനാണ് താരത്തെ പുറത്താക്കിയത്.

സമീര്‍ മിന്‍ഹാസ്. Photo: junaid zaffar/x.com

പിന്നാലെ ബാറ്റിങ്ങിന് എത്തിയ ഹുസയ്ഫ അഹ്‌സാന്‍ ഡക്കായി മടങ്ങി. മൂന്ന് പന്ത് നേരിട്ട താരത്തെ കനിഷ്‌ക് ചൗഹാനാണ് തിരികെ അയച്ചത്. ഏറെ വൈകാതെ ക്യാപ്റ്റന്‍ ഫര്‍ഹാന്‍ 18 പന്തില്‍ 19 റണ്‍സുമായി തിരികെ നടന്നു. ദീപേഷ് ദേവേന്ദ്രനാണ് താരത്തിന്റെ വിക്കറ്റ്.

അതേ സ്‌കോറില്‍ തന്നെ മറ്റൊരു വിക്കറ്റും പാകിസ്ഥാന്‍ നഷ്ടമായി. മുഹമ്മദ് ഷയാനാണ് ഇത്തവണ പുറത്തായത്. ആറ് പന്തില്‍ ഏഴ് റണ്‍സ് നേടിയ താരം ഹെനില്‍ പട്ടേലിന്റെ പന്തില്‍ മടങ്ങുകയായിരുന്നു.

എട്ട് റണ്‍സുകള്‍ക്ക് അപ്പുറം പാകിസ്ഥാന് എട്ടാം വിക്കറ്റും നഷ്ടമായി. അബ്ദുല്‍ സുബ്ഹാനാണ് തിരികെ നടന്നത്. പിന്നാലെ ഒരുമിച്ച നിഖാബ് ഷഫീഖ് – മുഹമ്മദ് സയ്യാം എന്നിവര്‍ ചേര്‍ന്നാണ് ടീമിനെ 347 റണ്‍സിലെത്തിച്ചു.

ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഖിലാന്‍ പട്ടേല്‍, ഹെനില്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ കനിഷ്‌ക് ചൗഹാന്‍ ഒരു വിക്കറ്റുമെടുത്തു.

 

Content Highlight: U19 Asia Cup: Pakistan set a target of 348 runs against India

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി