വാഷിങ്ടണ്‍: ഇന്ത്യന്‍ വ്യവസായി ഗൗതം അദാനിക്കെതിരായ അഴിമതി, തട്ടിപ്പ് കേസുകള്‍ ഒഴിവാക്കാന്‍ യു.എസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് നീക്കമെന്ന് ദ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. കഴിഞ്ഞ ജോ ബൈഡന്‍ സര്‍ക്കാരിന്റെ അവസാന കാലത്തായിരുന്നു അദാനിക്കെതിരെ അഴിമതിക്കേസെടുത്തത്. ഈ കേസുകളാണ് ഇപ്പോള്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഒഴിവാക്കാനൊരുങ്ങുന്നത്.
യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വ്യക്തിഗത അഭിഭാഷകനും സള്ളിവന്‍ ആന്‍ഡ് കോണ്‍വെലിന്റെ സഹ ചെയര്‍മാനുമായ റോബര്‍ട്ട് ഗ്വിഫ്രയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘത്തെ അദാനി ഈ കേസ് അടുത്തിടെ ഏല്‍പിച്ചിരുന്നു. ഇതിന് പിറകെയാണ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പുതിയ നീക്കമെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ഏപ്രിലില്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ കേസിലെ വാദിഭാഗവും പ്രതിഭാഗവും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയില്‍ ഗ്വിഫ്ര ഒരു സ്ലൈഡ് ഷോയുടെ സഹായത്തോടെ അവരുടെ വാദങ്ങള്‍ അവതരിപ്പിച്ചു. കേസുകള്‍ ഒഴിവാക്കിയാല്‍ യു.എസില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനും 15,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും അദാനി സന്നദ്ധത അറിയിയിക്കുമെന്നതാണ് ഒരു സ്ലൈഡിലെ ഉള്ളടക്കം. ഈ വാഗ്ദാനത്തോട് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഒന്നോ അതിലധികമോ ഉദ്യോഗസ്ഥര്‍ അനുഭാവത്തോടെ പ്രതികരിച്ചെന്നു ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സാമ്പത്തികവും രാഷ്ട്രീയപരവുമായി നേട്ടമുണ്ടാക്കാന്‍ സാധിക്കുന്നതാണ് അദാനിയുടെ വാഗ്ദാനം. ട്രംപിന്റെ രണ്ടാമൂഴത്തിലെ, സാമ്പത്തിക ഇടപാടുകള്‍ക്ക് വലിയ പ്രാധാന്യം വരുന്ന സമീപനത്തെ അടിവരയിടുന്നതാണ് ഈ വാഗ്ദാനം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ട്രംപ് തനിക്ക് സംഭാവന നല്‍കിയവരോടും ബിസിനസ് പങ്കാളികളോും ക്ഷമിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ സഖ്യമുള്ളവര്‍ക്കെതിരായ കുറ്റങ്ങള്‍ ഒഴിവാക്കുകയും അന്വേഷണം വേണ്ടെന്നു വെക്കുകയും ചെയ്തിരുന്നു. ഇത് ട്രംപ് സര്‍ക്കാരിനെതിരെ വലിയ രീതിയുള്ള വിമര്‍ശനങ്ങളുയരാനും കാരണമായി.
അദാനിക്കെതിരായ കേസ് ഒഴിവാക്കുന്ന വിഷയത്തില്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിനെ ബന്ധപ്പെട്ടെങ്കിലും പ്രതികരണം ഒന്നും ലഭിച്ചില്ലെന്ന് എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കേസില്‍ വാദി ഭാഗം അടിസ്ഥാന തെളിവുകള്‍ ഹാജരാക്കിയില്ല എന്ന് വാദിക്കുന്ന ഉള്ളടക്കത്തോട് കൂടിയ സ്ലൈഡുകളും ഏപ്രിലിലെ കൂടിക്കാഴ്ചയില്‍ ഗ്വിഫേറ പ്രദര്‍ശിപ്പിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന് കേസെടുക്കാനുള്ള അധികാര പരിധിയെ ചോദ്യം ചെയ്യുന്ന വാദങ്ങളും ഗ്വിഫേറ പ്രെസന്റേഷനില്‍ അവതരിപ്പിച്ചിരുന്നു. യോഗത്തില്‍ അദാനിക്കെതിരായ സിവില്‍ കേസ് തീര്‍പ്പാക്കാന്‍ ഗ്വിഫേറ ആവശ്യപ്പെട്ടുവെന്നും സംഭവത്തെക്കുറിച്ച് നേറിട്ട് അറിവുള്ളവരെ അധികരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
അഴിമതിയുമായി ബന്ധപ്പെട്ട് യു.എസ് ഓഹരി വിപണിയുടെ നിയന്ത്രണ ഏജന്‍സിയായ യു.എസ് സെക്യൂരിറ്റിസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനെടുത്ത കേസാണ് തീര്‍പ്പാക്കാന്‍ ആവശ്യപ്പെട്ടത്. ഇതിന് പുറമെ ട്രഷറി വകുപ്പിന്റെ അന്വേഷണം തീര്‍പ്പാക്കണമെന്നും ഗ്വിഫേറ ആവശ്യപ്പെടുന്നു.
ന്യൂയോര്‍ക്ക് കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരമാണ് കേസിലെ നിയമനടപടികള്‍ പുരോഗമിക്കുന്നത്. സൗരോര്‍ജ കരാറുകള്‍ ലഭിക്കുന്നതിനായി ഇന്ത്യന്‍ അധികാരികള്‍ക്ക് അദാനി കൈക്കൂലി നല്‍കിയെന്നും അതിനായി യു.എസ്. നിക്ഷേപകരുടെ പണം ഉപയോഗപ്പെടുത്തി എന്നുമാണ് കേസ്. ആദാനി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 250 മില്യണ്‍ യു.എസ് ഡോളര്‍ കൈക്കൂലി നല്‍കിയതായി ആരോപിക്കപ്പെടുന്നു.
എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ഒന്നിലധികം തവണയാണ് അദാനി നിഷേധിച്ചത്. തനിക്കെതിരെ യു.എസില്‍ കേസില്ലെന്നായിരുന്നു അദാനിയുടെ പ്രതികരണം.
കൈക്കൂലിക്കേസില്‍ ഗൗതം അദാനിയും അനന്തരവന്‍ സാഗര്‍ അദാനിയും യു.എസ് സെക്യൂരിറ്റിസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ നോട്ടീസ് കൈപ്പറ്റാന്‍ സമ്മതിച്ചതായി ഈ വര്‍ഷം ഫെബ്രുവരിയില്‍ വാര്‍ത്ത പുറത്ത് വന്നിരുന്നു. അദാനിക്കെതിരായ സമന്‍സ് ഗുജറാത്തിലെ ഒരു സെഷന്‍ കോടതിയില്‍ എത്തിച്ചിട്ടുണ്ടെന്നും എന്നാല്‍ സമന്‍സ് ഇതുവരെ അദാനിക്ക് കൈമാറിയിട്ടില്ലെന്നും യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍ കഴിഞ്ഞ ജൂണില്‍ വ്യക്തമാക്കിയിരുന്നു.
Content highlight: U.S. to drop graft charges against Gautam Adani: NY Times Report