അദാനിക്കെതിരായ കേസുകള്‍ യു.എസ് അവസാനിപ്പിച്ചു; നടപടി 10 ബില്യണ്‍ ഡോളര്‍ നിക്ഷേപ വാഗ്ദാനത്തിന് പിന്നാലെ
Daily News
അദാനിക്കെതിരായ കേസുകള്‍ യു.എസ് അവസാനിപ്പിച്ചു; നടപടി 10 ബില്യണ്‍ ഡോളര്‍ നിക്ഷേപ വാഗ്ദാനത്തിന് പിന്നാലെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th May 2026, 9:08 am

വാഷിങ്ടണ്‍: ഇന്ത്യന്‍ വ്യവസായി ഗൗതം അദാനി, മരുമകന്‍ സാഗര്‍ എന്നിവര്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ യു.എസ്. ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് റദ്ദാക്കി. അദാനിയുടെ സൗരോര്‍ജ പദ്ധതിയുമായി ബന്ധപ്പെട്ട കൈക്കൂലിക്കേസ് അടക്കം റദ്ദാക്കിയതായി കോടതി രേഖകള്‍ വ്യക്തമാക്കുന്നു.

ജോ ബൈഡന്‍ സര്‍ക്കാരിന്റെ അവസാന കാലത്തായിരുന്നു അദാനിക്കെതിരെ കൈക്കൂലിക്കേസെടുത്തത്. ഇതടക്കമുള്ള കേസുകളാണ് ഇപ്പോള്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് ഒഴിവാക്കിയത്.

സൗരോര്‍ജ കരാറുകള്‍ ലഭിക്കുന്നതിനായി ഇന്ത്യന്‍ അധികാരികള്‍ക്ക് അദാനി നല്‍കിയെന്നും അതിനായി യു.എസ്. നിക്ഷേപകരുടെ പണം ഉപയോഗപ്പെടുത്തി എന്നുമാണ് കൈക്കൂലി കേസ്. അദാനി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 250 മില്യണ്‍ യു.എസ് ഡോളര്‍ കൈക്കൂലി നല്‍കിയതായി ആരോപിക്കപ്പെടുന്നു.

കേസ് റദ്ദാക്കിയാല്‍ യു.എസില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാം എന്നതടക്കമുള്ള വാഗ്ദാനങ്ങള്‍ അദാനിയുടെ അഭിഭാഷക സംഘം മുന്നോട്ട് വച്ചതായി അടുത്തിടെ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വ്യക്തിഗത അഭിഭാഷകന്‍ കൂടിയായ റോബര്‍ട്ട് ഗ്വിഫ്രയുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാണ് കേസില്‍ അദാനിക്കായി വാദിക്കുന്നത്.

ഏപ്രിലില്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റില്‍ കേസിലെ വാദിഭാഗവും പ്രതിഭാഗവും കൂടിക്കാഴ്ച നടത്തിയിരുന്നു. കേസുകള്‍ ഒഴിവാക്കിയാല്‍ യു.എസില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനും 15,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും അദാനി സന്നദ്ധനാണെന്ന് ഈ കൂടിക്കാഴ്ചയില്‍ ഗിഫ്ര അറിയിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സാമ്പത്തികവും രാഷ്ട്രീയപരവുമായി നേട്ടമുണ്ടാക്കാന്‍ സാധിക്കുന്നതാണ് അദാനിയുടെ വാഗ്ദാനം. ട്രംപിന്റെ രണ്ടാമൂഴത്തിലെ, സാമ്പത്തിക ഇടപാടുകള്‍ക്ക് വലിയ പ്രാധാന്യം വരുന്ന സമീപനത്തെ അടിവരയിടുന്നതാണ് ഈ വാഗ്ദാനം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ട്രംപ് തനിക്ക് സംഭാവന നല്‍കിയവരോടും ബിസിനസ് പങ്കാളികളോടും ക്ഷമിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ സഖ്യമുള്ളവര്‍ക്കെതിരായ കുറ്റങ്ങള്‍ ഒഴിവാക്കുകയും അന്വേഷണം വേണ്ടെന്ന് വെക്കുകയും ചെയ്തിരുന്നു. ഇത് ട്രംപ് സര്‍ക്കാരിനെതിരെ വലിയ രീതിയുള്ള വിമര്‍ശനങ്ങളുയരാനും കാരണമായിരുന്നു.

കേസില്‍ വാദി ഭാഗം അടിസ്ഥാന തെളിവുകള്‍ ഹാജരാക്കിയില്ല എന്നും ഏപ്രിലിലെ കൂടിക്കാഴ്ചയില്‍ ഗിഫ്ര വാദിച്ചിരുന്നു. ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റിന് കേസെടുക്കാനുള്ള അധികാര പരിധിയെ ചോദ്യം ചെയ്യുന്ന വാദങ്ങളും ഗ്വിഫേറ അന്ന് മുന്നോട്ട് വച്ചിരുന്നതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Content highlight: U.S. drop charges against Gautam Adani