മലയാള സിനിമ ആഗോളതലത്തിൽ വരെ ചർച്ച ചെയ്യപ്പെടുന്ന സമയമാണല്ലോ ഇത്. മലയാളത്തിൽ നിർമിക്കുന്ന കണ്ടന്റുകൾ കൊണ്ടും നമ്മുടെ അഭിനേതാക്കളുടെ പ്രകടനം കൊണ്ടും കഴിഞ്ഞ കുറച്ച് കാലങ്ങളായി മറ്റ് ഫിലിം ഇന്ഡസ്ട്രികൾക്ക് മുന്നിൽ മലയാള സിനിമയുടെ മൂല്യം വർധിക്കുകയാണ്. എന്നാൽ നല്ലൊരു ബിരിയാണി കഴിക്കുമ്പോൾ ഏലക്ക കടിക്കുന്നതുപോലെ നമ്മുടെ സിനിമാ മേഖലക്ക് പ്രത്യക്ഷമായും പരോക്ഷമായും വരുന്ന വിമർശനമാണ് മലയാള സിനിമയയിലെ സ്ത്രീ പ്രാതിനിധ്യം.
എന്നാൽ ഈ വിമർശനം കാമ്പുള്ളതാണ് താനും. കഴിഞ്ഞ വർഷം ഇറങ്ങിയ ഭൂരിഭാഗം സിനിമകളിലും സ്ത്രീ സാന്നിധ്യം വളരെ കുറവാണ്. ഏതാനം ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കാൻ പോകുന്ന സ്റ്റേറ്റ് അവാർഡിൽ ആരാകും മികച്ച നടൻ എന്ന ചർച്ചകൾ സജീവമാണ്. മമ്മൂട്ടി, മോഹൻലാൽ, ആസിഫ് അലി, വിജയരാഘവൻ എന്നിവരുടെ പേര് മികച്ച നടന് വേണ്ടി മുഴങ്ങി കേൾക്കുമ്പോഴും മികച്ച നടി ആരായിരിക്കും എന്ന ചർച്ചകൾ തണുപ്പൻ മട്ടിലാണ് പോകുന്നത്. ചർച്ചക്ക് വെക്കാൻ പാകത്തിന് നായികമാരെ ഉപയോഗിച്ച മലയാള സിനിമകൾ അടുത്തകാലത്ത് അത്രകണ്ട് വന്നിട്ടില്ല എന്നതാണ് യാഥാർഥ്യം.
എന്നാൽ ഇത്തരം ചർച്ചകൾക്ക് തിരശീലയിടാൻ ഒരുങ്ങുകയാണ് മലയാളികളുടെ സ്വന്തം കല്യാണി പ്രിയദർശൻ. ഓണം റിലീസുകൾക്കായി സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുമ്പോൾ രണ്ട് ചിത്രങ്ങളാണ് ഓണ സമ്മാനമായി കല്യാണി ഒരുക്കിവെക്കുന്നത്. ഒരിടവേളക്ക് ശേഷം ഒരു നടി അഭിനയിക്കുന്ന രണ്ട് ചിത്രങ്ങൾ ഒരേ സമയം തിയേറ്ററുകളിലെത്തുകയാണ്.
ഓടും കുതിര ചാടും കുതിര, ലോകഃ ചാപ്റ്റർ 1 ചന്ദ്ര എന്നിങ്ങനെ രണ്ട് ചിത്രങ്ങളാണ് കല്യാണിയുടേതായി ഓണം റിലീസിന് ഒരുങ്ങുന്നത്.
ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ഒറ്റ ചിത്രത്തിലൂടെ തന്റെ കഴിവ് തെളിയിച്ച അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര. ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനാണ് നായികയായെത്തുന്നത്. ഒരു കളർഫുൾ ഫൺ റെയ്‌ഡിൽ പോകുന്ന ചിത്രമായിരിക്കും ഇതെന്നാണ് സൂചനകൾ. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഓടും കുതിര ചാടും കുതിരയുടെ ട്രെയ്‌ലറിന് വൻ വരവേൽപ്പാണ് ലഭിച്ചത്. ഓഗസ്റ്റ് 29 ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തും.
മലയാളത്തിലെ ആദ്യത്തെ വുമൺ സൂപ്പർ ഹീറോ ചിത്രം എന്ന പ്രത്യേകയോടെ എത്തുന്ന ചിത്രമാണ് ലോകഃ ചാച്റ്റർ വൺ: ചന്ദ്ര. മലയാളികളുടെ സ്വന്തം സൂപ്പർ വുമൺ ആയെത്തുന്നതും കല്യാണി പ്രിയദർശനാണ്. ചിത്രത്തിന്റെ ടീസർ പുറത്തുവന്നപ്പോൾ ഹോളിവുഡ് ലെവലിലുള്ള വിഷ്വലും ആക്ഷൻ കോറിയോഗ്രാഫിയും കല്യാണിയുടെയും നസ്‌ലെൻ ലുക്കും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഡൊമിനിക് അരുൺ രചനയും സംവിധാനവും ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്. ലോകഃ എന്ന പേരിൽ നാല് ഭാഗങ്ങളിലൊരുങ്ങുന്ന സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യചിത്രമാണിത്.