രണ്ട് മലയാളം മീഡിയം സ്‌കൂളുകള്‍ അടച്ചുപൂട്ടി; ലക്ഷദ്വീപില്‍ വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും പ്രതിഷേധം
Kerala News
രണ്ട് മലയാളം മീഡിയം സ്‌കൂളുകള്‍ അടച്ചുപൂട്ടി; ലക്ഷദ്വീപില്‍ വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th June 2025, 12:23 pm

കവരത്തി: ലക്ഷദ്വീപിലെ ആന്ത്രോത്തില്‍ നിരവധി വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങുന്നതായി വിവരം. മലയാളം മീഡിയമായിരുന്ന ജെ.ബി സ്‌കൂള്‍ അടച്ചുപൂട്ടിയതോടെയാണ് പ്രതിസന്ധി ഉണ്ടായത്. നിലവില്‍ ആന്ത്രോത്തിലെ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

ജെ.ബി സ്‌കൂള്‍ മറ്റൊരു സ്‌കൂളുമായി ലയിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് മാതാപിതാക്കള്‍ രംഗത്തെത്തിയത്. വിദ്യാര്‍ത്ഥികളും പ്രതിഷേധ രംഗത്തുണ്ട്. മൂന്ന് കിലോമീറ്റര്‍ അകലെയായാണ് പുതിയ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. യാത്ര അസൗകര്യങ്ങളുള്ള മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് പ്രതിസന്ധിയുണ്ടാക്കും.

ലക്ഷദ്വീപിലെ അഗത്തി, ആന്ത്രോത്ത് എന്നിവിടങ്ങളിലെ രണ്ട് സ്‌കൂളുകളാണ് മറ്റൊരു സ്‌കൂളുമായി ലയിപ്പിച്ചത്. നടപടിക്ക് പിന്നാലെ ജെ.ബി സ്‌കൂളിലെ അടക്കം വിദ്യാര്‍ത്ഥികള്‍ ഇതുവരെ സ്‌കൂളുകളില്‍ പോയിട്ടില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

ജൂണ്‍ ഒമ്പതിനാണ് ലക്ഷദ്വീപില്‍ സ്‌കൂളുകള്‍ തുറന്നത്. എന്നാല്‍ ഇപ്പോള്‍ വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ദിവസേന സ്‌കൂള്‍ ഗേറ്റിന് മുന്നിലെത്തി പ്രതിഷേധിക്കുകയും തിരിച്ചുപോകുകയുമാണ് ചെയ്യുന്നത്.

ലക്ഷദ്വീപ് ഭരണകൂടം ഏകപക്ഷീയമായാണ് സ്‌കൂള്‍ അടച്ചുപൂട്ടിയതെന്നും മാതാപിതാക്കള്‍ പ്രതികരിച്ചു. പി.ടി.എ, രക്ഷിതാക്കള്‍ എന്നിവരുമായി ചര്‍ച്ച നടത്താതെയാണ് സ്‌കൂള്‍ അടച്ചുപൂട്ടിയതെന്നും വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര സൗകര്യം അടക്കമുള്ള അവശ്യ സേവനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുന്നു.

വിഷയത്തില്‍ നിയമപരമായി മുന്നോട്ടുപോകുമെന്നും ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ടെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു. ലക്ഷദ്വീപ് സ്‌കൂളുകള്‍ ത്രിഭാഷാ നയം അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമത്തിന് പിന്നാലെയാണ് പുതിയ നീക്കം.

എന്നാല്‍ ലക്ഷദ്വീപിലെ പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തുന്നതിന് മുമ്പ് പഠനം നടത്തണമെന്ന് ഉത്തരവിട്ട് കോടതി വിഷയത്തില്‍ ഇടപെട്ടു. അധ്യാപകര്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍, വിദ്യാഭ്യാസ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരില്‍ നിന്നെല്ലാം അഭിപ്രായം തേടണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

ലക്ഷദ്വീപിലെ പ്രാദേശിക ഭാഷകളായ മഹല്‍, അറബി ഭാഷകളെ സ്‌കൂള്‍ സിലബസില്‍ നിന്നും ഒഴിവാക്കിയതിനെതിരായ ഹരജിയിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

ത്രിഭാഷ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് വേണ്ടി വിദ്യാഭ്യാസ ഡയറക്ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് ലക്ഷദ്വീപ് സ്വദേശി അജാസ് അക്ബര്‍ നല്‍കിയ പൊതുതാത്പര്യ ഹരജിയിലാണ് കോടതി ഇടപെട്ടത്.

Content Highlight: Two Malayalam medium schools closed; Students and parents protest in Lakshadweep