ന്യൂസിലാന്‍ഡിലെ വിമാനത്താവളത്തില്‍ ഗോമൂത്രം പിടിച്ചെടുത്ത് നശിപ്പിച്ചു; രാജ്യത്തിന്റെ ജൈവസുരക്ഷക്ക് ഭീഷണിയെന്ന് അധികൃതര്‍
World News
ന്യൂസിലാന്‍ഡിലെ വിമാനത്താവളത്തില്‍ ഗോമൂത്രം പിടിച്ചെടുത്ത് നശിപ്പിച്ചു; രാജ്യത്തിന്റെ ജൈവസുരക്ഷക്ക് ഭീഷണിയെന്ന് അധികൃതര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 21st May 2022, 11:52 am

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡില്‍ വിമാനത്താവളത്തില്‍ വെച്ച് യാത്രക്കാരനില്‍ നിന്നും ഗോമൂത്രം പിടിച്ചെടുത്ത് നശിപ്പിച്ചു. ക്രൈസ്റ്റ്ചര്‍ച്ച് എയര്‍പോര്‍ട്ടില്‍ വെച്ചാണ് ബയോസെക്യൂരിറ്റി വിഭാഗം ഗോമൂത്രം പിടിച്ചെടുത്തത്.

ന്യൂസിലാന്‍ഡിന്റെ മിനിസ്ട്രി ഫോര്‍ പ്രൈമറി ഇന്‍ഡസ്ട്രീസ് ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

ചില പ്രാര്‍ത്ഥനകളില്‍ ഉപയോഗിക്കുന്നതിന് വേണ്ടിയായിരുന്നു മൂത്രം കൊണ്ടുവന്നതെന്നും എന്നാല്‍ ആളുകളില്‍ ഗുരുതര രോഗങ്ങള്‍ക്ക് ഇത് കാരണമാകാമെന്നത് കൊണ്ട് ഗോ മൂത്രം നശിപ്പിച്ച് കളഞ്ഞെന്നും ഇത്തരത്തിലുള്ള വസ്തുക്കള്‍ രാജ്യത്തേക്ക് പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.


”നമ്മുടെ അന്താരാഷ്ട്ര അതിര്‍ത്തികളെല്ലാം തുറന്നതിന് പിന്നാലെ, ഔട്യാറാഹ് (Aotearoa) ന്യൂസിലാന്‍ഡ് സംരക്ഷിക്കുന്നതിലേക്ക് നമ്മുടെ ബയോസെക്യൂരിറ്റി ഓഫീസര്‍മാരെല്ലാം തിരിച്ചെത്തിയിരിക്കുകയാണ്.

ഈയടുത്ത് നടന്ന ഒരു ഇന്‍സ്‌പെക്ഷനില്‍ വെച്ച്, ക്രൈസ്റ്റ്ചര്‍ച്ച് വിമാനത്താവളത്തില്‍ വെച്ച് രണ്ട് ബോട്ടില്‍ ഗോമൂത്രം പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള ആനിമല്‍ പ്രൊഡക്ടുകള്‍ ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകും.

ചില ഹിന്ദു ആചാരങ്ങളില്‍ ഗോമൂത്രം ഒരു പ്യൂരിഫയിങ്ങ് ഏജന്റായി കണക്കാക്കപ്പെടുന്നതിനാല്‍ ഇത് ഇവിടെ ചില പ്രാര്‍ത്ഥനകളില്‍ ഉപയോഗിക്കാന്‍ വേണ്ടി കൊണ്ടുവന്നതായിരുന്നു. എന്നാല്‍ രാജ്യത്തിന്റെ ബയോസെക്യൂരിറ്റിക്ക് ഗോ മൂത്രം ഭീഷണിയാകുമെന്ന് കണ്ട് ന്യൂസിലാന്‍ഡിലേക്ക് ഇത് പ്രവേശിപ്പിച്ചില്ല.

പാസഞ്ചര്‍ തന്നെ താന്‍ കൊണ്ടുവന്നത് ഗോമൂത്രമാണെന്ന് പറഞ്ഞിരുന്നു. അത് ശരിയായ കാര്യമാണ്. നിങ്ങള്‍ കൊണ്ടുവരുന്ന എന്തെങ്കിലുമൊരു സാധനം രാജ്യത്തിന്റെ ബയോസെക്യൂരിറ്റിക്ക് ഭീഷണിയാണെന്ന് എന്തെങ്കിലും സംശയം തോന്നുകയാണെങ്കില്‍ അത് തുറന്ന് പറയുക. ന്യൂസിലാന്‍ഡിനെ സംരക്ഷിക്കാനും പിഴയോ മറ്റ് ശിക്ഷാ നടപടികളോ ഒഴിവാക്കാനും ഇത് ഉപകരിക്കും,” പോസ്റ്റില്‍ പറയുന്നു.

കൊവിഡിന്റെ ഭാഗമായി കൊണ്ടുവന്നിരുന്ന നിയന്ത്രണങ്ങളില്‍ അയവ് വരുത്തിയതിന് പിന്നാലെ ഈയടുത്തായിരുന്നു ന്യൂസിലാന്‍ഡിന്റെ അന്താരാഷ്ട്ര അതിര്‍ത്തികളെല്ലാം വീണ്ടും തുറന്നത്.

Content Highlight: Two bottles of cow urine was seized and destroyed at Christchurch Airport in New Zealand