ചൈന-യു.എസ് വ്യാപാരയുദ്ധത്തില്‍ വഴിത്തിരിവ്; അമേരിക്കയില്‍ നിന്നുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തി ചൈന
World News
ചൈന-യു.എസ് വ്യാപാരയുദ്ധത്തില്‍ വഴിത്തിരിവ്; അമേരിക്കയില്‍ നിന്നുള്ള കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തി ചൈന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 4th March 2025, 3:22 pm

ബെയ്ജിങ്: ചൈന-യു.എസ് വ്യാപാരയുദ്ധത്തില്‍ വീണ്ടും വഴിത്തിരിവ്. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 15% അധിക ഇറക്കുമതി തീരുവ ചുമത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെ അമേരിക്കയില്‍ നിന്നുള്ള സോയ, ബീഫ് തുടങ്ങിയ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് അധിക ഇറക്കുമതി തീരുവ ചുമത്താന്‍ ചൈനീസ് ഭരണകൂടം തീരുമാനിച്ചു.

ട്രംപ് ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തിയതിന് സമാനമായി 15% ഇറക്കുമതി തീരുവയാണ് ചൈനീസ് സര്‍ക്കാരും അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കും ചുമത്തിയിരിക്കുന്നത്.

ചൈനീസ് വാണിജ്യ മന്ത്രാലയം പ്രഖ്യാപിച്ച ഇറക്കുമതി തീരുവ മാര്‍ച്ച് 10 മുതല്‍ പ്രാബല്യത്തില്‍ വരും. ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് 20% വരെ തീരുവ ഉയര്‍ത്തുമെന്ന ട്രംപിന്റെ ഉത്തരവിനെ തുടര്‍ന്നാണ് ചൈനയുടെ നടപടി. ഇന്ന് (ചൊവ്വാഴ്ച) മുതലാണ് ട്രംപിന്റെ ഉത്തരവ്‌ പ്രാബല്യത്തില്‍ വന്നത്.

ചിക്കന്‍, ഗോതമ്പ്, ചോളം, പരുത്തി എന്നിവയുള്‍പ്പെടെയുള്ള പ്രധാന യു.എസ് കാര്‍ഷിക ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് 15% അധിക തീരുവയും സോയാബീന്‍, പന്നിയിറച്ചി, ബീഫ്, സമുദ്രവിഭവങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പാലുത്പന്നങ്ങള്‍ എന്നിവയ്ക്ക് 10% തീരുവയുമായാണ് വര്‍ധനവ്.

ഇതിന് പുറമെ ചൈന 10 യു.എസ് സ്ഥാപനങ്ങളെക്കൂടി വിശ്വാസയോഗ്യമല്ലാത്ത സ്ഥാപനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഈ സ്ഥാപനങ്ങള്‍ക്ക് ചൈനയുമായി ഇറക്കുമതി, കയറ്റുമതി എന്നീ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും പുതിയ നിക്ഷേപങ്ങള്‍ നടത്തുന്നതില്‍ നിന്നും വിലക്ക് നേരിടേണ്ടി വരും.

കഴിഞ്ഞ മാസം ഫാഷന്‍ കമ്പനിയായ പി.വി.എച്ച് ഗ്രൂപ്പിനെയും ബയോടെക്‌നോളജി കമ്പനിയായ ഇല്ലുമിനയെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ കൂട്ടിച്ചേര്‍ക്കല്‍.

അമേരിക്കന്‍ കാര്‍ഷിക ഉല്‍പന്നങ്ങളുടെ പ്രധാന ഇറക്കുമതിക്കാരാണ് ചൈന. എന്നാല്‍ ട്രംപിന്റെ ആദ്യ ഭരണകാലത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം ഇറക്കുമതി കുറഞ്ഞെങ്കിലും പിന്നീട് ഇത് പഴയ സ്ഥിതിയിലായി. 2022 സാമ്പത്തിക വര്‍ഷത്തില്‍ ചൈനയിലേക്കുള്ള യു.എസ് കാര്‍ഷിക ഉത്പന്നങ്ങളുടെ കയറ്റുമതി 33.8 ബില്യണ്‍ ഡോളറും 2023ല്‍ 36.4 ബില്യണ്‍ ഡോളറുമായിരുന്നു. അമേരിക്കയ്ക്ക് പുറമെ ബ്രസീലില്‍ നിന്നും അര്‍ജന്റീനയില്‍ നിന്നും ചൈന കാര്‍ഷിക ഉത്പന്നങ്ങള്‍ വാങ്ങാറുണ്ട്.

ജനുവരി 20ന് അമേരിക്കയുടെ 49ാമത് പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ തന്നെ ഫെബ്രുവരി ഒന്ന് മുതല്‍ ചൈനയ്ക്ക് 10 ശതമാനം നികുതി ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. മുമ്പ് താന്‍ അധികാരത്തില്‍ എത്തിയാല്‍ ചൈനയ്ക്ക് 60% താരിഫ് ചുമത്തുമെന്ന് ട്രംപ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലും പറഞ്ഞിരുന്നു.

എന്നാല്‍ അന്ന്, വ്യാപാര യുദ്ധത്തില്‍ വിജയികള്‍ ഇല്ലെന്നാണ് ചൈന ഈ വിഷയത്തില്‍ പ്രതികരിച്ചത്. ചൈന അതിന്റെ ദേശീയ താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്നും ചൈനീസ് വിദേശകാര്യ വക്താവ് മാവോ നിംഗ് പറയുകയുണ്ടായി.

ട്രംപിന്റെ ആദ്യ ടേമില്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് മുപ്പതിനായിരം ഡോളര്‍ നികുതി ചുമത്തിയിരുന്നു. എന്നാല്‍ ബൈഡന്‍ അധികാരത്തില്‍ എത്തിയപ്പോള്‍ ഈ അധിക തീരുവ ഒഴിവാക്കി. നിലവില്‍ ചൈനയില്‍ നിന്നുള്ള ഇലക്ട്രിക് വാഹനങ്ങള്‍, സോളാര്‍ ബാറ്ററികള്‍ എന്നിവയ്ക്കും അധിക നികുതി ആണ്.

Content Highlight: Turning point in China-US trade war; China imposes additional tariffs on agricultural products from the United States