പത്ത് ലക്ഷം അഭയാര്‍ത്ഥികളെ സിറിയയിലേക്ക് തിരിച്ചയക്കുമെന്ന് എര്‍ദോഗന്‍; നീക്കത്തിന് പിന്നില്‍ തുര്‍ക്കിയില്‍ നടത്തിയ സര്‍വേയുടെ ഫലമെന്ന് റിപ്പോര്‍ട്ട്
World News
പത്ത് ലക്ഷം അഭയാര്‍ത്ഥികളെ സിറിയയിലേക്ക് തിരിച്ചയക്കുമെന്ന് എര്‍ദോഗന്‍; നീക്കത്തിന് പിന്നില്‍ തുര്‍ക്കിയില്‍ നടത്തിയ സര്‍വേയുടെ ഫലമെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 9th May 2022, 8:03 am

അങ്കാറ: മുന്‍ പോളിസികളില്‍ മാറ്റം വരുത്തിക്കൊണ്ട്, തുര്‍ക്കിയിലുള്ള 10 ലക്ഷത്തോളം സിറിയന്‍ അഭയാര്‍ത്ഥികളെ തിരിച്ച് സിറിയയിലേക്ക് തന്നെ അയക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍.

”സ്വമേധയാ എല്ലാ ബഹുമാനത്തോടെയും ഒരു മില്യണ്‍ അഭയാര്‍ത്ഥികളെ തിരിച്ച് സുരക്ഷിതമായി സിറിയന്‍ പ്രവിശ്യകളില്‍ എത്തിക്കുന്ന” സര്‍ക്കാര്‍ പ്രോജക്ട് പുരോഗമിക്കുകയാണെന്നായിരുന്നു എര്‍ദോഗന്റെ പ്രതികരണം.

അഞ്ച് ലക്ഷത്തോളം വരുന്ന സിറിയന്‍ അഭയാര്‍ത്ഥികള്‍ ഇതിനകം സുരക്ഷിതമായി സിറിയയില്‍ തിരിച്ചെത്തിയിട്ടുണ്ടെന്നും എര്‍ദോഗന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഐക്യരാഷ്ട്ര സഭയുടെ കണക്ക് പ്രകാരം ഇത് 1,30,000 അഭയാര്‍ത്ഥികളാണ്.

ലോകത്ത് ഏറ്റവുമധികം അഭയാര്‍ത്ഥികള്‍ കഴിയുന്ന രാജ്യങ്ങളിലൊന്നാണ് തുര്‍ക്കി. ഇതില്‍ ഏകദേശം 37 ലക്ഷത്തോളം സിറിയന്‍ അഭയാര്‍ത്ഥികള്‍ക്ക് താല്‍ക്കാലിക പ്രൊട്ടക്ഷന്‍ സ്റ്റാറ്റസ് നല്‍കിയിട്ടുണ്ട്.

അഫ്ഗാനിസ്ഥാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നാല് ലക്ഷത്തോളം അഭയാര്‍ത്ഥികളും തുര്‍ക്കിയിലുണ്ട്.

അഭയാര്‍ത്ഥികളുടെ ഒഴുക്ക് കഴിഞ്ഞ വര്‍ഷങ്ങളിലായി വര്‍ധിച്ചതോടെ, ഇത് ദേശീയ സുരക്ഷയെയും സാംസ്‌കാരിക സാമൂഹികാവസ്ഥയെയും ബാധിക്കുമെന്ന് തുര്‍ക്കിയിലെ പ്രതിപക്ഷ പാര്‍ട്ടികളടക്കം എര്‍ദോഗന്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അഭയാര്‍ത്ഥികളെ തിരിച്ച് അവരുടെ നാടുകളിലേക്ക് അയക്കണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യമുന്നയിച്ചിരുന്നു.

എന്നാല്‍ പ്രതിപക്ഷം മനുഷ്യത്വരഹിതമായാണ് പെരുമാറുന്നതെന്നായിരുന്നു ഇതിനോട് എര്‍ദോഗന്‍ പ്രതികരിച്ചത്.

തുര്‍ക്കിയില്‍ നടത്തിയ നിരവധി അഭിപ്രായ സര്‍വേകളുടെ ഫലങ്ങളാണ് എര്‍ദോഗന്റെ ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. തുര്‍ക്കി ഇത്രയധികം അഭയാര്‍ത്ഥികളെ ഉള്‍ക്കൊള്ളുന്നതിന് എതിരായ നിലപാടാണ് സര്‍വേകളില്‍ 85 ശതമാനം ജനങ്ങളും സ്വീകരിച്ചത്.

Content Highlight: Turkey president Recep Tayyip Erdoğan vows to send one million Syrian refugees back to their homeland