ജമാല്‍ ഖഷോഗ്ജി കൊലപാതകം: മുഹമ്മദ് ബിന്‍ സല്‍മാന്റെ കൂട്ടാളികളായ രണ്ട് പേരുടെ അറസ്റ്റിനൊരുങ്ങി തുര്‍ക്കി
Jamal Khashoggi Murder
ജമാല്‍ ഖഷോഗ്ജി കൊലപാതകം: മുഹമ്മദ് ബിന്‍ സല്‍മാന്റെ കൂട്ടാളികളായ രണ്ട് പേരുടെ അറസ്റ്റിനൊരുങ്ങി തുര്‍ക്കി
ന്യൂസ് ഡെസ്‌ക്
Wednesday, 5th December 2018, 2:55 pm

ഇസ്താംബൂള്‍: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ അറസ്റ്റിനൊരുങ്ങി തുര്‍ക്കി. കൊലപാതകവുമായി ബന്ധമുള്ള മുഹമ്മദ് ബിന്‍ സല്‍മാന്റെ കൂട്ടാളികളായ രണ്ട് പേര്‍ക്കെതിരെയാണ് ഇസ്താംബുള്‍ ചീഫ് പ്രൊസീക്യൂട്ടര്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

എം.ബി.എസുമായി ബന്ധമുള്ള അഹ്മമദ് അല്‍ അസീരിയും സഊദ് അല്‍ ഖഹ്താനിയുമാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പ്രൊസീക്യൂട്ടേഴ്‌സ് പറഞ്ഞു. കൊലപാതകം എവിടെ നടത്തണമെന്ന് തീരുമാനിച്ചത് ഇവരാണെന്ന് പ്രൊസിക്യൂട്ടറെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

അല്‍ അസീരിക്കും ഖ്വഹ്താനിക്കുമെതിരെ സൗദി അറേബ്യ നടപടി സ്വീകരിക്കാത്തതിനാലാണ് തുര്‍ക്കി മുന്‍കയ്യെടുത്തതെന്ന് തുര്‍ക്കിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.കൊലയുമായി ബന്ധപ്പെട്ട എല്ലാവരേയും തുര്‍ക്കിക്ക് കൈമാറാന്‍ സൗദി തയ്യാറാകണമെന്നും അധികൃതര്‍ പറഞ്ഞു.

ALSO READ: മരിച്ചയാളില്‍ നിന്ന് സ്വീകരിച്ച ഗര്‍ഭപാത്രത്തില്‍ ആദ്യ കുഞ്ഞ് പിറന്നു; ചരിത്ര നിമിഷമെന്ന് വൈദ്യ ശാസ്ത്രം

ഒക്ടോബര്‍ രണ്ടിനാണ് സ്വകാര്യ ആവശ്യങ്ങള്‍ക്കായി ജമാല്‍ ഖഷോഗ്ജി ഇസ്താംബൂളിലെ തുര്‍ക്കി കോണ്‍സുലേറ്റില്‍ പ്രവേശിക്കുന്നത്. പിന്നീട് അദ്ദേഹത്തെ ആരും കണ്ടിട്ടില്ല. കോണ്‍സുലേറ്റിനകത്ത് ഖഷോഗ്ജി കൊല്ലപ്പെട്ടെന്ന് തുര്‍ക്കി തുടക്കത്തിലേ പറഞ്ഞെങ്കിലും സൗദി എതിര്‍ത്തിരുന്നു. എന്നാല്‍ അന്താരാഷ്ട്ര സമ്മര്‍ദം ശക്തമായതോടെ സൗദി കൊലപാതകം സ്ഥിരീകരിച്ചു.

തുടര്‍ന്ന് കൊലപാതകത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന് വ്യക്തമായ പങ്കുണ്ടെന്ന് തുര്‍ക്കി പറഞ്ഞെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എം.ബി.എസിനെ പിന്തുണയ്ക്കുകയായിരുന്നു. ഇതിനെതിരെ സെനറ്റര്‍മാര്‍ രംഗത്തെത്തിയിരുന്നു.

വീണ്ടും പ്രശ്‌നം കലുഷിതമായ സാഹചര്യത്തിലാണ് ഖഷോഗ്ജിയുടെ 400 സ്വകാര്യ വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ സി.എന്‍.എന്‍. പുറത്തുവിടുന്നത്. മെസേജുകളുടെ ഉള്ളടക്കം എം.ബി.എസിന്റെ കൊലപാതകത്തിനുള്ള പങ്കിലേക്ക് വിരല്‍ ചൂണ്ടുന്നുവെന്നാണ് പശ്ചിമേഷ്യന്‍ രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.