കേരളത്തില്‍ ജാതിയില്ലെന്ന വാചാടോപം ശുദ്ധ നാട്യം; ജാതീയ അധിക്ഷേപത്തില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയതില്‍ ടി.എസ്. ശ്യാംകുമാര്‍
Kerala News
കേരളത്തില്‍ ജാതിയില്ലെന്ന വാചാടോപം ശുദ്ധ നാട്യം; ജാതീയ അധിക്ഷേപത്തില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയതില്‍ ടി.എസ്. ശ്യാംകുമാര്‍
ആദര്‍ശ് എം.കെ.
Sunday, 12th April 2026, 2:45 pm

കോഴിക്കോട്: കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ ജാത്യാധിക്ഷേപത്തിന് പിന്നാലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിധിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി അധ്യാപകനും സാമൂഹ്യനിരീക്ഷകനുമായ ടി.എസ്. ശ്യാംകുമാര്‍.

കേരളത്തില്‍ ജാതിയില്ലെന്ന വാചാടോപം ശുദ്ധ നാട്യമാണെന്നും നിധിന്‍ രാജിന് തുടര്‍ച്ചയായി നേരിടേണ്ടി വന്ന അപമാനത്തിനും ഹിംസക്കും എതിരായി നിലകൊള്ളാന്‍ അധ്യാപകര്‍ ആരും ഇല്ലാതെ പോയി എന്നുള്ളത് എത്രമേല്‍ ജാതിഹിംസയില്‍ നിലീനമാണ് കേരളത്തിലെ ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെന്ന് ബോധ്യപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ശ്യാംകുമാറിന്റെ വിമര്‍ശനം.

ജാതിയും ജാതിക്കയും വിറ്റ് ജീവിക്കുന്നവര്‍ ആര്‍.കെ റാമിനെയും സംഗീത നമ്പ്യാരെ പോലുള്ളവരുമാണെന്നുള്ള കാര്യം മറച്ച് വച്ചാണ് പണിക്കര്‍ വാലുകാര്‍ ജാതിവിവേചനത്തിനെതിരെ പോരാടുന്നവരെ അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നത്. കേരളം ജാതിയില്‍ ഉപ്പിലിട്ട ഒരു സമൂഹം തന്നെയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു ഒന്നാം വര്‍ഷ ബി.ഡി.എസ് വിദ്യാര്‍ത്ഥിയും തിരുവനന്തപുരം സ്വദേശിയുമായ നിതിന്‍ രാജ് ആത്മഹത്യ ചെയ്തത്. കടുത്ത ജാതി അധിക്ഷേപമാണ് വിദ്യാര്‍ത്ഥിക്ക് നേരിടേണ്ടി വന്നതെന്ന് കുടുംബം പറഞ്ഞു. വകുപ്പധ്യക്ഷന്‍ പുഴുത്ത പട്ടിയെന്ന് വിളിച്ച് അപമാനിച്ചുവെന്നും കുടുംബം ആരോപിക്കുന്നു.

നിധിന്‍ രാജിന്റെ മരണത്തില്‍ ആരോപണ വിധേയരായ അധ്യാപകര്‍ ആര്‍.കെ. റാമിനും സംഗീത നമ്പ്യാര്‍ക്കും എതിരെ നടപടിയാവശ്യപ്പെട്ട് എസ്.എഫ്.ഐ രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടു.

‘തന്റെ മകനെ പുഴുത്ത പട്ടി എന്ന് പോലും വിളിച്ചിരുന്നു എന്ന് കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ അമ്മ വെളിപ്പെടുത്തുന്നത് കേരളീയ പൊതുസമൂഹത്തെ ഞെട്ടിക്കുന്നതാണ്.

ക്യാമ്പസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തുല്യതയോടെയും സ്വാതന്ത്ര്യത്തോടെയും പഠനം സാധ്യമാക്കേണ്ട ഇടങ്ങളാണ്. അവിടെ ജാതി വര്‍ണ്ണ ചിന്തകള്‍ക്ക് സ്ഥാനമില്ല. ക്യാമ്പസുകളില്‍ ഉണ്ടാകുന്ന ഇത്തരത്തിലുള്ള ജാതി വിവേചനങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരണം,’ എസ്.എഫ്.ഐ പ്രസ്താവനയില്‍ പറഞ്ഞു.

 

Content highlight: TS Syam Kumar reacts to the incident where a student committed suicide following caste abuse.

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.