ഞങ്ങള്‍ നടത്തുന്ന പരസ്യ സംസ്‌കൃത പരീക്ഷയ്ക്ക് വിജയകുമാരി ടീച്ചര്‍ തയ്യാറുണ്ടോ? വെല്ലുവിളിച്ച് ടി.എസ്. ശ്യാംകുമാര്‍
Kerala News
ഞങ്ങള്‍ നടത്തുന്ന പരസ്യ സംസ്‌കൃത പരീക്ഷയ്ക്ക് വിജയകുമാരി ടീച്ചര്‍ തയ്യാറുണ്ടോ? വെല്ലുവിളിച്ച് ടി.എസ്. ശ്യാംകുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th November 2025, 4:05 pm

തിരുവനന്തപുരം: കേരള സര്‍വകാലാശാലയില്‍ വിദ്യാര്‍ത്ഥികളോട് ജാതി അധിക്ഷേപം നടത്തിയ സംസ്‌കൃത വിഭാഗം ഡീന്‍ ഡോ. സി.എന്‍ വിജയകുമാരിക്കെതിരെ വെല്ലുവിളിയുമായി അധ്യാപകനും സാമൂഹ്യ നിരീക്ഷകനുമായ ടി.എസ്. ശ്യാംകുമാര്‍. തങ്ങള്‍ നടത്തുന്ന പരസ്യ സംസ്‌കൃത പരീക്ഷയ്ക്ക് തയ്യാറുണ്ടോ എന്നാണ് ശ്യാംകുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ചോദിച്ചത്.

‘വേദങ്ങള്‍, ഇതിഹാസങ്ങള്‍, പുരാണങ്ങള്‍, തന്ത്ര ഗ്രന്ഥങ്ങള്‍, സ്മൃതികള്‍ അങ്ങനെ ആയിരക്കണക്കായ സംസ്‌കൃത ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി സംസ്‌കൃത ഭാഷയില്‍ ഡോ. വിജയകുമാരി ടീച്ചര്‍ ഒരു ചോദ്യ പരീക്ഷക്ക് തയ്യാറുണ്ടോ?

ചോദ്യങ്ങള്‍ പൂര്‍ണമായും സംസ്‌കൃതത്തിലായിരിക്കും. ഉത്തരം ടീച്ചര്‍ സംസ്‌കൃതത്തില്‍ തന്നെ പറയണം. കേരളത്തിലെ മുഴുവന്‍ മാധ്യമങ്ങളുടെയും മുന്‍പില്‍ ഞങ്ങള്‍ നടത്തുന്ന പരസ്യ സംസ്‌കൃത ചോദ്യ പരീക്ഷക്ക് വിജയകുമാരി ടീച്ചര്‍ തയ്യാറുണ്ടോ?

ഷട്ദര്‍ശനങ്ങള്‍ ഉള്‍പ്പെടെ നിരവധി വിഷയങ്ങളെ അധികരിച്ച് സംസ്‌കൃത ഭാഷയിലുള്ള പരസ്യ ചോദ്യ പരീക്ഷക്ക് ടീച്ചര്‍ തയ്യാറുണ്ടോ?

ഞങ്ങള്‍ ഉദ്ധരിക്കുന്ന സംസ്‌കൃത ശ്ലോകം അന്വയിച്ച് അര്‍ത്ഥം പറഞ്ഞ് ഏത് ഗ്രന്ഥത്തില്‍ നിന്നാണ് പ്രസ്തുത ശ്ലോകം എടുത്തിരിക്കുന്നത് എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചോദ്യ പരീക്ഷയിലുണ്ടാവും. തയ്യാറുണ്ടോ?’ ശ്യാം കുമാര്‍ പോസ്റ്റില്‍ ചോദിച്ചു.

കേരള സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിക്കെതിരെ ജാതി അധിക്ഷേപം നടത്തിയ സി.എന്‍. വിജയകുമാരിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. നീച ജാതികള്‍ക്ക് സംസ്‌കൃതം വഴങ്ങില്ലെന്നും ഓഫീസില്‍ കയറിയാല്‍ ശുദ്ധികലശം നടത്തുമെന്നുമാണ് ഇവര്‍ ഗവേഷക വിദ്യാര്‍ത്ഥിയായ വിപിന്‍ കുമാറിനോട് പറഞ്ഞത്. മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്കെതിരെയും ഇവര്‍ മോശം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്.

വിജയകുമാരിക്കെതിരെ പട്ടികജാതി, പട്ടിക വര്‍ഗ അതിക്രമ നിയപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യപ്പെട്ട് വിപിന്‍ കുമാര്‍ കഴക്കൂട്ടം എസ്.പിക്ക് പരാതി നല്‍കിയിരുന്നു.

വിപിനിന് അര്‍ഹതപ്പെട്ട ഡോക്ടറേറ്റ് നല്‍കാതിരിക്കാന്‍ ശ്രമിച്ചതായും ഇവര്‍ക്കെതിരെ ആരോപണമുണ്ട്.

നേരത്തെ, സോഷ്യല്‍ മീഡിയയിലൂടെ വിപിന്‍ കുമാര്‍ ഇവര്‍ക്കെതിരെ പരാതി ഉന്നയിച്ചിരുന്നു. സംസ്‌കൃതത്തില്‍ ബി.എ, എം.എ, ബി.എഡ്, എം.എഡ്, എം.ഫില്‍ തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ള തനിക്ക് സംസ്‌കൃതം എഴുതാനും വായിക്കാനും അറിയില്ലെന്ന് ആരോപിച്ച് തന്റെ ഗവേഷണ പ്രബന്ധത്തിന് അനുമതി നിഷേധിച്ചെന്നാണ് വിപിന്റെ പരാതി.

നിരവധി തവണ തനിക്ക് എതിരെ ജാതി അധിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഡീനിനെ കാണാനായി ചെന്നാല്‍ ഓഫീസ് മുറിയിലേക്ക് പ്രവേശനം അനുവദിക്കാറില്ലെന്നും വിപിന്‍ പറഞ്ഞിരുന്നു.

തന്റെ പ്രബന്ധത്തിനെ ബാധിക്കുമെന്ന് ഭയന്നാണ് മുമ്പ് പരാതിപ്പെടാതിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

താനുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ ഓഫീസില്‍ കയറിയതിന് വെള്ളം തളിച്ച് ശുദ്ധിക്രിയ നടത്തുന്നത് കണ്ടിട്ടുണ്ടെന്നും വിപിന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഡീനിന്റെ നടപടി സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. അധ്യാപകരുടെ ഭാഗത്തുനിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത കാര്യമാണിതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പ്രതികരിച്ചു.

പക്വതയും മാന്യതയും അന്തസും പുലര്‍ത്തേണ്ട ബാധ്യതയുണ്ടെന്നും മുന്‍വിധിയോടെയുള്ള പെരുമാറ്റം ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. സര്‍ക്കാര്‍ ഇടപെടലുണ്ടാകുമെന്നും അന്വേഷണം നടത്തുമെന്നും മന്ത്രി ആര്‍. ബിന്ദു ഉറപ്പ് നല്‍കി.

 

Content Highlight: TS Shyamkumar has challenged C.N. Vijayakumari for making caste-based insults to students.