ട്രൂഡോയുടെ നീക്കം ഫലിച്ചു; മെക്‌സിക്കോക്കെതിരായ ഇറക്കുമതി നടപടി ട്രംപ് മരവിപ്പിച്ചു
World News
ട്രൂഡോയുടെ നീക്കം ഫലിച്ചു; മെക്‌സിക്കോക്കെതിരായ ഇറക്കുമതി നടപടി ട്രംപ് മരവിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 3rd February 2025, 10:08 pm

വാഷിങ്ടൺ: മെക്സിക്കോയിൽ നിന്നുള്ള ഇറക്കുമതികൾക്ക് 25 ശതമാനം നികുതി ഈടാക്കുമെന്ന തീരുമാനത്തിൽ നിന്ന് പിന്മാറി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നടപടി താത്കാലികമായി മരവിപ്പിക്കുകയാണെന്ന് ട്രംപ് അറിയിച്ചു. മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയോ ഷൈൻബൊമുമായി സംസാരിച്ചതിന് ശേഷമാണ് ട്രംപിന്റെ തീരുമാനം.

അമിത നികുതി ഈടാക്കനുള്ള നീക്കത്തിൽ വൈറ്റ് ഹൗസ് കടുത്ത വിമർശനം നേരിട്ടതിന് പിന്നാലെയാണ് ട്രംപ് തീരുമാനത്തിൽ നിന്ന് പിന്മാറിയത്.

ചൊവ്വാഴ്ച (4/02/25) മുതൽ അയൽ രാജ്യങ്ങളിൽ നിന്നുമുള്ള എല്ലാ ഇറക്കുമതികൾക്കും 25 ശതമാനം നികുതി ചുമത്തുമെന്നാണ് നേരത്തെ ട്രംപ് അറിയിച്ചിരുന്നത്. എന്നാൽ ഈ തീരുമാനം അടുത്ത ഒരു മാസത്തേക്കാണ് ട്രംപ് നിലവിൽ നിർത്തിവെച്ചിരിക്കുന്നത്.

ചൈനയിൽ നിന്നുള്ള എല്ലാ ഇറക്കുമതികൾക്കും പത്ത് ശതമാനവും മെക്‌സിക്കോ, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് 25 ശതമാനവും നികുതി ചുമത്തുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിലാണ് ട്രംപ് ഒപ്പുവെച്ചിരുന്നത്. കാനഡയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണ, പ്രകൃതി വാതകം, വൈദ്യുതി എന്നിവക്ക് പത്ത് ശതമാനം നികുതി ചുമത്തുമെന്നും ട്രംപ് അറിയിച്ചിരുന്നു.

ഉത്തരവിനെ തുടർന്ന് മെക്‌സിക്കോയും കാനഡയും അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളായത് കൊണ്ടുതന്നെ ട്രംപിന്റെ തീരുമാനം ഇരുരാജ്യങ്ങളുമായുള്ള സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായേക്കാമെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

എന്നാൽ ട്രംപിന്റെ ഉത്തരവിൽ പ്രതിഷേധിച്ച്, 155 ബില്യൺ കനേഡിയൻ ഡോളറിന്റെ അമേരിക്കൻ ഉത്പന്നങ്ങൾക്ക് 25 ശതമാനം നികുതി ചുമത്തുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്നലെ (ഞായർ) അറിയിച്ചിരുന്നു.

ട്രംപിന്റെ തീരുമാനം വർഷങ്ങൾക്ക് മുമ്പുള്ള സ്വതന്ത്ര വ്യാപാര കരാറിനെ ലംഘിക്കുന്നതാണെന്നും ട്രൂഡോ ചൂണ്ടിക്കാട്ടിയിരുന്നു.

നികുതി ചുമത്തുന്നത് അമേരിക്കൻ ജനതയ്ക്കുള്ളിലാണ് പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ പോകുന്നതെന്നും 21 ദിവസത്തിനുള്ളിൽ 125 ബില്യൺ ഡോളർ മൂല്യമുള്ള അമേരിക്കൻ ഉത്പന്നങ്ങൾക്ക് തങ്ങൾ നികുതി ചുമത്തുമെന്നും ട്രൂഡോ അറിയിച്ചിരുന്നു.

പ്രഖ്യാപനവുമായി ബന്ധപ്പെട്ട് മെക്‌സിക്കൻ പ്രസിഡന്റുമായി ഉടൻ സംസാരിക്കുമെന്നും ട്രൂഡോ പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ട്രംപ് മെക്സിക്കൻ പ്രസിഡന്റുമായി ചർച്ച നടത്തിയത്. ജസ്റ്റിൻ ട്രൂഡോയുമായി ചർച്ച നടത്തുമെന്നും ട്രംപ് ഇപ്പോൾ അറിയിച്ചിട്ടുണ്ട്.

Content Highlight: Trump temporarily freezes import action against Mexico