ദക്ഷിണാഫ്രിക്കയിലെ വംശഹത്യയില്‍ കൊല്ലപ്പെട്ട വെള്ളക്കാരുടെ എന്ന പേരില്‍ ട്രംപ് കാണിച്ച് ചിത്രം യഥാര്‍ത്ഥത്തില്‍ കോംഗോയിലേത്
World News
ദക്ഷിണാഫ്രിക്കയിലെ വംശഹത്യയില്‍ കൊല്ലപ്പെട്ട വെള്ളക്കാരുടെ എന്ന പേരില്‍ ട്രംപ് കാണിച്ച് ചിത്രം യഥാര്‍ത്ഥത്തില്‍ കോംഗോയിലേത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd May 2025, 3:50 pm

വാഷിങ്ടണ്‍: ദക്ഷിണാഫ്രിക്കയിലെ വംശഹത്യയില്‍ കൊല്ലപ്പെട്ട വെളുത്ത വര്‍ഗക്കാര്‍ എന്ന പേരില്‍ ട്രംപ് ഓവല്‍ ഓഫീസില്‍ പ്രദര്‍ശിപ്പിച്ച ചിത്രം കോംഗോയിലേതെന്ന് റിപ്പോര്‍ട്ട്. കോംഗോയില്‍ നിന്ന് റോയിട്ടേഴ്സ് എടുത്ത ചിത്രമാണ് ദക്ഷിണാഫ്രിക്കയിലേതെന്ന പേരില്‍ ട്രംപ് പ്രദര്‍ശിപ്പിച്ചതെന്ന് റോയിട്ടേഴ്സ് തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ് ദിവസമാണ് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസയെ വൈറ്റ് ഹൗസിലേക്ക് വിളിച്ച് വരുത്തി ദക്ഷിണാഫ്രിക്കയിലെ വെളുത്ത വര്‍ഗക്കാര്‍ നേരിടുന്ന അതിക്രമം എന്ന പേരില്‍ ട്രംപ് ചില ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ ഇവയില്‍ പലതും ദക്ഷിണാഫ്രിക്കയിലേതല്ല എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ഫെബ്രുവരി മൂന്നിന് റോയിട്ടേഴ്സ് പ്രസിദ്ധീകരിച്ച ചിത്രമാണ് ട്രംപ് പ്രദര്‍ശിപ്പിച്ചത്. റുവാണ്ടയിലെ വിമത പോരാട്ടത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സന്നദ്ധപ്രവര്‍ത്തകര്‍ സംസ്‌കരിക്കുന്ന ചിത്രമായിരുന്നു അത്. ഈ ചിത്രം പിന്നീട് ഓണ്‍ലൈന്‍ മാസികയായ അമേരിക്കന്‍ തിങ്കര്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതാണ് ട്രംപ് റമാഫോസയ്ക്ക് കാണിച്ചുകൊടുത്തത്‌. ഓവല്‍ ഓഫീസില്‍ പ്രദര്‍ശിപ്പിച്ച ദൃശ്യങ്ങള്‍ ‘ദക്ഷിണാഫ്രിക്കയിലെ പീഡനത്തിന്റെ തെളിവ്’ ആണെന്ന് കാണിച്ച് വൈറ്റ് ഹൗസ് ഇത് ഔദ്യോഗിക എക്സ് അക്കൗണ്ടിലും പോസ്റ്റ് ചെയ്തിരുന്നു.

ദക്ഷിണാഫ്രിക്കയിലെ ഭീഷണി കാരണം വെളുത്ത വര്‍ഗക്കാര്‍ രാജ്യം വിട്ട് പോവുകയാണെന്നും ഇവരുടെ ഭൂമിയെല്ലാം മറ്റുള്ളര്‍ തട്ടിയെടുക്കുകയാണെന്നും സംഭാഷണത്തിനിടെ ട്രംപ് ആരോപിച്ചിരുന്നു. പലരേയും കള്ളക്കേസുകളില്‍ കുടുക്കി ജയിലില്‍ അടക്കുകയാണെന്നും ട്രംപ് ദക്ഷിണ ആഫ്രിക്കന്‍ പ്രസിഡന്റിനോട് പറയുകയുണ്ടായി.

എന്നാല്‍ ട്രംപ് പ്രകോപനകരമായ പല പ്രസ്താവനകള്‍ നടത്തിയിട്ടും നിശബ്ദനായാണ് റാമഫോസ പ്രതികരിച്ചത്. തന്റെ രാജ്യത്ത് കുറ്റകൃത്യങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇരകളില്‍ ഭൂരിഭാഗവും കറുത്തവരാണെന്നും റാമഫോസ പറഞ്ഞു.

എന്നാല്‍ ഈ ദൃശ്യങ്ങളെല്ലാം 2020ല്‍ ഉള്ളതാണെന്നും ശവകുടീരങ്ങളുടെ ചിത്രം വെളുത്ത വര്‍ഗക്കാരുടെ വംശഹത്യയുമായി ഒരു ബന്ധവുമില്ലെന്നും റാമഫോസ അപ്പോള്‍ തന്നെ പ്രതികരിച്ചിരുന്നു.

ഇതാദ്യമായല്ല ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരിനെ ഇത്തരത്തില്‍ അപഹസിക്കുന്ന പ്രതികരണങ്ങള്‍ ട്രംപ് നടത്തുന്നത്. വെളുത്ത വര്‍ഗക്കാരായ ദക്ഷിണാഫ്രിക്കന്‍ കുടിയേറ്റക്കാരെ സ്വീകരിക്കാന്‍ അമേരിക്ക അടുത്തിടെ അവരുടെ കുടിയേറ്റ നയത്തില്‍ മാറ്റം വരുത്തിയിരുന്നു. ഇതിന്റെ ഭാഗമായി അമ്പതോളം ദക്ഷിണാഫ്രിക്കക്കാര്‍ കഴിഞ്ഞ ദിവസം യു.എസിലെത്തിയിരുന്നു.

ദക്ഷിണാഫ്രിക്കയിലെ വെളുത്ത വര്‍ഗക്കാരായ ഡച്ചുകാരുടെ പിന്മുറക്കാരെയാണ് ട്രംപ് അമേരിക്കയില്‍ അഭയം നല്‍കാന്‍ ക്ഷണിച്ചത്. ഇവര്‍ സ്വന്തം രാജ്യത്ത് വലിയ രീതിയില്‍ വിവേചനം നേരിടുന്നതായും ദക്ഷിണാഫ്രിക്കന്‍ ഗവണ്‍മെന്റ് കറുത്ത വര്‍ഗക്കാര്‍ക്കാണ് എല്ലാ ആനുകൂല്യവും നല്‍കുന്നതെന്നുമാണ് ട്രംപ് പലപ്പോഴും അവകാശപ്പെട്ടിരുന്നത്. ട്രംപിന്റെ അനുയായിയായ  ദക്ഷിണാഫ്രിക്കന്‍ വംശജനായ ഇലോണ്‍ മസ്‌കും ഇതേ അഭിപ്രായക്കാരനാണ്‌.

Content Highlight: Trump shows picture of white people killed in South Africa genocide, but it’s actually from Congo