വാഷിങ്ടണ്‍: പ്രതിരോധവും വ്യാപാരവും അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് സമീപിച്ചിരുന്നുവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
മോദിയുമായി തനിക്ക് വളരെ നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹവുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെട്ടുവെന്നും ട്രംപ് പറഞ്ഞു. കെന്നഡി സെന്ററില്‍ നടന്ന റിപ്പബ്ലിക്കന്‍ അംഗത്തിന്റെ വിരമിക്കല്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സര്‍ ദയവായി എനിക്ക് നിങ്ങളെ ഒന്ന് കാണാന്‍ കഴിയുമോ?’ എന്നാണ് മോദി തന്നോട് ചോദിച്ചതെന്നും ട്രംപ് പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യ യു.എസിനോട് അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷമായിട്ടും ഇന്ത്യയ്ക്ക് അത് ലഭിച്ചിട്ടില്ലെന്നും ട്രംപ് വെളിപ്പെടുത്തി.
ഇന്ത്യ 68 അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. അതേസമയം താരിഫിന്റെ കാര്യത്തില്‍ മോദിക്ക് തന്നോട് അതൃപ്തിയുണ്ടെന്നും ട്രംപ് പറഞ്ഞു. തന്റെ തീരുമാനങ്ങളില്‍ മോദി അത്ര സന്തുഷ്ടനല്ല. നിലവില്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ ഗണ്യമായി കുറച്ചിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
താരിഫുകള്‍ കാരണം യു.എസ് കൂടുതല്‍ സമ്പന്നമാകുന്നത് എല്ലാവരും കാണുന്നുണ്ടല്ലോ? അധിക താരിഫുകള്‍ ചുമത്തിയിരിക്കുന്ന പശ്ചാത്തലത്തില്‍ യു.എസിലേക്ക് 650 ബില്യണ്‍ ഡോളറിലധികം പണം ഒഴുകിയെത്തുമോ എന്ന് പരിശോധിക്കണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടര്‍ന്നാല്‍ ഇന്ത്യക്കെതിരെ അധിക തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ബന്ദിയാക്കിയതിന് പിന്നാലെയായിരുന്നു ട്രംപിന്റെ ഭീഷണി.
മോദിയൊരു നല്ല മനുഷ്യനാണെന്നും ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതില്‍ താന്‍ സന്തോഷവാനല്ലെന്ന് മോദിക്കറിയാമെന്നും ട്രംപ് പറഞ്ഞിരുന്നു. റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തിയില്ലെങ്കില്‍ ഉടനടി തീരുവ വര്‍ധിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതേസമയം യു.എസില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ ഉത്പന്നങ്ങളുടെ തീരുവ ആദ്യഘട്ടത്തില്‍ 25 ശതമാനമായി ട്രംപ് ഉയര്‍ത്തിയിരുന്നു. പിന്നാലെ 25 ശതമാനം അധിക തീരുവയും ഏര്‍പ്പെടുത്തിയതോടെ യു.എസിലെ ഇന്ത്യന്‍ ഇറക്കുമതികളുടെ താരിഫ് 50 ശതമാനമായി വര്‍ധിച്ചിരുന്നു.
Content Highlight: Trump says Modi has approached him directly to discuss issues including defense and trade