പാരീസ്: യു.എസും ഇറാനും സമാധാന കരാറില്‍ ഡിജിറ്റലായി ഒപ്പുവച്ചെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്രാന്‍സില്‍ വച്ചായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.

ജി സെവന്‍ ഉച്ചകോടിക്കായി ഫ്രാന്‍സിലെത്തിയതായിരുന്നു ട്രംപ്. ‘കരാറെല്ലാം ഒപ്പു വെച്ചു’ എന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണൊപ്പം ഉച്ചകോടിയില്‍ സംസാരിക്കവെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.

ഹോര്‍മുസ് കടലിടുക്കിലെ തടസങ്ങള്‍ ഭാഗികമായി ഒഴിവാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച സ്വിറ്റ്‌സര്‍ലന്റില്‍ വച്ച് കരാറില്‍ ഒപ്പുവയ്ക്കുമ്പോള്‍ ഹോര്‍മുസ് പൂര്‍ണമായും തുറക്കുമെന്നും ട്രംപ് പറഞ്ഞു.

ഇറാനുമായുള്ള സമാധാന കരാര്‍ പൂര്‍ത്തിയായതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ അറിയിച്ചിരുന്നു. ഹോര്‍മുസ് കടലിടുക്കിലെ യു.എസ് നാവിക ഉപരോധം പൂര്‍ണമായും അവസാനിപ്പിക്കുന്നതായും ട്രംപ് പറഞ്ഞിരുന്നു.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപ് കരാര്‍ പൂര്‍ത്തിയായതായി അറിയിച്ചത്. ഇക്കാര്യം ഇറാന്‍ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിറകേയാണ് ഇപ്പോള്‍ കരാറിന്റെ ഡിജിറ്റല്‍ കോപ്പിയില്‍ ഒപ്പുവച്ചതായി ട്രംപ് പ്രഖ്യാപിച്ചത്.

സമാധാന കരാറിന്റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല. എന്നാല്‍ ലബനനിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നത് കരാറിന്റെ ഭാഗമാണെന്ന് ഇറാന്‍ അറിയിച്ചു. അതേസമയം, കരാര്‍ അന്തിമമായിട്ടും ലെബനനില്‍ ഇസ്രഈല്‍ ആക്രമണങ്ങള്‍ തുടരുന്നുണ്ട്.

സമാധാന കരാറിനെ ലബനനിലെ ഹിസ്ബുല്ല സ്വാഗതം ചെയ്തിട്ടുണ്ട്. കരാര്‍ നിലവില്‍ വന്നാല്‍ ലെബനനിലെ ഇസ്രഈല്‍ ആക്രമണങ്ങള്‍ പൂര്‍ണമായും അവസാനിക്കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗാച്ചി വ്യക്തമാക്കിയിരുന്നു.

ഇറാന്‍ യു.എസ് ധാരണാ പത്രത്തില്‍ ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഘര്‍ ഖലീബാഫും ഒപ്പുവച്ചതായി ഒരു യു.എസ് ഉദ്യോഗസ്ഥനെ അധികരിച്ച് റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, സമാധാന കരാറില്‍ ഇസ്രഈല്‍ രോഷം കൊള്ളുന്നത് ഇറാന്റെ വിജയമാണെന്ന് ഇറാനിയന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ അഭിപ്രായപ്പെട്ടു. ഇറാനും യു.എസും സമനാധാനകരാറിലെത്തിയതില്‍ ഇസ്രഈലിന് അതൃപ്തിയുള്ളതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇറാന്‍ പ്രസിഡന്റിന്റെ പ്രതികരണം.

ദിവസങ്ങള്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് കരാറില്‍ ധാരണയിലെത്തിയതെന്നും ഇറാന്‍ പ്രസിഡന്റ് പറഞ്ഞു. എല്ലാ സാധ്യതകളും കരാര്‍ സംബന്ധിച്ച് ഇറാന്‍ പരിഗണിച്ചിരുന്നു. തങ്ങളുന്നയിച്ച എല്ലാ വ്യവസ്ഥകളും ധാരണാപത്രത്തിലുള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. അത് രാജ്യത്തിന് അഭിമാനകരമായ കാര്യമാണെന്നും ഇറാന്‍ പ്രസിഡന്റ് പറഞ്ഞു.

നൂറ് ദിവസത്തിലധികം നീണ്ട യുദ്ധമാണ് സമാധാന കരാറിലൂടെ അവസാനിക്കാന്‍ പോകുന്നത്. കരാറിനെ ലോക നേതാക്കള്‍ സ്വാഗതം ചെയ്തു. യുദ്ധത്തെത്തുടര്‍ന്ന് ഇന്ധന ക്ഷാമവും സാമ്പത്തിക പ്രതിസന്ധികളും ലോകത്തെ വലിയൊരു ശതമാനം മനുഷ്യരെയും ബാധിച്ചിരുന്നു. സമാധാന കരാറിലേക്ക് ഇറാനും യു.എസും എത്തിച്ചേരുന്നതോടെ ഈ പ്രതിസന്ധികള്‍ക്ക് അവസാനമാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Content Highlight: Trump Says Iran And US Digitally Signed Peace MoU