വാഷിങ്ടണ്‍: ടെഹ്റാന്‍ മുന്നോട്ടുവെച്ച പുതിയ സമാധാന കരാറും അംഗീകരിക്കാന്‍ സാധ്യതയില്ലെന്ന സൂചനയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്റെ പുതിയ 14 ഇന സമാധാന നിര്‍ദേശങ്ങള്‍ക്ക് പിന്നാലെ, ഇറാന്‍ ഇതുവരെ ‘മതിയായ വില നല്‍കിയിട്ടില്ല’ എന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതികരണം.
‘ഇറാന്‍ ഇപ്പോള്‍ ഞങ്ങള്‍ക്ക് അയച്ചുതന്ന പദ്ധതി ഞാന്‍ ഉടന്‍ പരിശോധിക്കും. എന്നാല്‍ കഴിഞ്ഞ 47 വര്‍ഷമായി മാനവികതയോടും ലോകത്തോടും അവര്‍ ചെയ്ത കാര്യങ്ങള്‍ക്ക് അവര്‍ ഇതുവരെ മതിയായ വലിയ വില നല്‍കിയിട്ടില്ല എന്നതിനാല്‍ ഇത് സ്വീകാര്യമാകുമെന്ന് എനിക്ക് കരുതാനാവില്ല,’ എന്നാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചത്.
ഇറാന്‍ ‘മോശമായി പെരുമാറുകയോ എന്തെങ്കിലും മോശമായത് ചെയ്യുകയോ ചെയ്താല്‍’ പുതിയ ആക്രമണങ്ങള്‍ നടത്താനുള്ള സാധ്യതയുണ്ടെന്നും ഫ്ളോറിഡയിലെ വെസ്റ്റ് പാം ബീച്ചില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
യു.എസ് തങ്ങളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നത് വരെ യുദ്ധം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിന്ന് യു.എസ് സേനയെ പിന്‍വലിക്കുക, നാവിക ഉപരോധം നീക്കുക, ഇറാന്റെ മരവിപ്പിച്ച ആസ്തികള്‍ വിട്ടുകൊടുക്കുക, അവശ്യമായ നഷ്ടപരിഹാരം നല്‍കുക, ഉപരോധങ്ങള്‍ നീക്കുകയും ലെബനന്‍ ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളിലും യുദ്ധം അവസാനിപ്പിക്കുകയും ചെയ്യുക, ഹോര്‍മുസ് കടലിടുക്കില്‍ പുതിയ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തുക എന്നതടക്കമുള്ള 14 നിര്‍ദേശങ്ങളാണ് ഇറാന്‍ പുതിയ സമാധാന കരാറിന്റെ ഭാഗമായി മുമ്പോട്ട് വെച്ചത്.
കൂടുതല്‍ സങ്കീര്‍ണമായ ആണവ പ്രശ്‌നത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കരാറിന്റെ അവസാന ഘട്ടത്തിലേക്ക് മാറ്റിവെക്കാനാണ് ഇറാന്‍ ഈ നിര്‍ദേശത്തിലൂടെ ശ്രമിക്കുന്നത്.
ഫെബ്രുവരി 28ന് യു.എസും ഇസ്രഈലും സംയുക്തമായി ഇറാനെ ആക്രമിച്ചതോടെയാണ് ഈ സംഘര്‍ഷം ആരംഭിച്ചത്. നിലവില്‍ പാകിസ്ഥാന്‍ മധ്യസ്ഥത വഹിക്കുന്ന വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും യു.എസ് ഏര്‍പ്പെടുത്തിയ നാവിക ഉപരോധം തുടരുകയാണ്.
ഈ ഉപരോധം ബോംബാക്രമണത്തേക്കാള്‍ ഫലപ്രദമാണെന്നാണ് ട്രംപിന്റെ അഭിപ്രായം. ലോകത്തിലെ എണ്ണ-വാതക വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിന്മേലുള്ള ഇറാന്റെ നിയന്ത്രണം അവസാനിപ്പിക്കാന്‍ ട്രംപിന് മേല്‍ ആഭ്യന്തര സമ്മര്‍ദമുണ്ട്.
നയതന്ത്രത്തിന്റെ പാതയാണോ അതോ ഏറ്റുമുട്ടലിന്റെ തുടര്‍ച്ചയാണോ വേണ്ടതെന്ന് അമേരിക്കയാണ് തീരുമാനിക്കേണ്ടതെന്നും പന്ത് ഇപ്പോള്‍ അമേരിക്കയുടെ കോര്‍ട്ടിലാണെന്നും ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഗരീബാബാദി പറഞ്ഞു.
ആണവ ചര്‍ച്ചകളില്‍ വിട്ടുവീഴ്ചകള്‍ ചെയ്യുന്നതിനെ ചൊല്ലി ഇറാന്റെ നേതൃത്വത്തിനിടയില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content highlight: Trump Rejects Peace Plan says Iran has ‘not paid a big enough price’