എഡിറ്റര്‍
എഡിറ്റര്‍
‘ഇനി ഒരേയൊരു കാര്യം മാത്രമേ നടക്കൂ’; ഉത്തരകൊറിയക്കെതിരെ യുദ്ധ സൂചനയുമായി ട്രംപ്
എഡിറ്റര്‍
Sunday 8th October 2017 10:33am

വാഷിങ്ടണ്‍: ഉത്തരകൊറിയക്കെതിരെ യുദ്ധത്തിലേക്ക് നീങ്ങുകയാണെന്നതിന്റെ പരോക്ഷ സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സമാധാന ശ്രമങ്ങളൊക്കെ പരാജയമായിരുന്നെന്നും ഇനി ഒരേയൊരു കാര്യം മാത്രമേ നടക്കൂവെന്നും ട്രംപ് തന്റെ ട്വിറ്ററില്‍ കുറിച്ചു.


Also Read: മോദി സര്‍ക്കാരിനെതിരെ സമരത്തിനൊരുങ്ങി സംഘപരിവാര്‍ തൊഴിലാളി സംഘടന; പ്രതിഷേധം കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ


ആണവ പരീക്ഷണങ്ങളെത്തുടര്‍ന്നു ഇരു രാജ്യങ്ങളും തമ്മില്‍ നടന്നുവന്ന വാക് പോരുകളുടെ തുടര്‍ച്ചയായാണ് ട്രംപിന്റെ പുതിയ പ്രസ്താവന. കഴിഞ്ഞ 25 വര്‍ഷമായി സമാധാന ചര്‍ച്ചകള്‍ നടത്തുകയാണെന്നും എന്നാല്‍ സമാധാന ശ്രമങ്ങളെയെല്ലാം ഉത്തരകൊറിയ പരിഹസിക്കുകയാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

‘കഴിഞ്ഞ 25 വര്‍ഷമായി അമേരിക്ക ഉത്തരകൊറിയയുമായി സമാധാന ചര്‍ച്ചകള്‍ നടത്തിവരികയാണ്. നിരവധി കരാറുകളുണ്ടാക്കുകയും വലിയ തുക ചിലവഴിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അതൊന്നും പ്രയോജനം ചെയ്തില്ല. കരാറുകളില്‍ ഒപ്പുവെച്ച് മഷിയുണങ്ങും മുമ്പ് അത് ലംഘിക്കപ്പെട്ടു. അമേരിക്കയുടെ സമാധാനശ്രമങ്ങളെയെല്ലാം പരിഹസിക്കുകയായിരുന്നു, ഉത്തരകൊറിയ. ഇനി ഒരേയൊരു കാര്യം മാത്രമേ നടക്കൂ’ ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ ആണവ പരീക്ഷണങ്ങള്‍ നടത്തുന്നതിന്റെ പേരില്‍ ഉത്തരകൊറിയയെ തകര്‍ക്കുമെന്ന ഭീഷണിയുമായി ട്രംപ് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിനെ തള്ളിക്കൊണ്ടായിരുന്ന ഉത്തരകൊറിയയന്‍ ഭരണാധികാരികളുടെ മറുപടി. ജപ്പാനു മുകളിലൂടെയുള്ള ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണത്തിനു ശേഷമായിരുന്നു മേഖലയിലെ സ്ഥിതിഗതികള്‍ രൂക്ഷമായത്.


Dont Miis: വിശാഖപട്ടണത്ത് സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ ബി.ജെ.പി അക്രമം


അമേരിക്ക ലക്ഷ്യമിട്ട് ദീര്‍ഘദൂര മിസൈല്‍ പരീക്ഷിക്കാന്‍ ഉത്തരകൊറിയ തയ്യാറെടുക്കുകയാണെന്ന് അടുത്തിടെ ഉത്തരകൊറിയ സന്ദര്‍ശിച്ച റഷ്യന്‍ പാര്‍ലമെന്റ് അംഗം അന്റണ്‍ മൊറോസോവ് റഷ്യന്‍ മാധ്യമത്തോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് യുദ്ധത്തിലേക്ക് കടക്കുകയാണെന്ന പരോക്ഷ സൂചനയുമായി ട്രംപ് രംഗത്ത് വരുന്നത്.

Advertisement