വാഷിങ്ടണ്‍: ട്രംപ് ഭരണകൂടത്തിന്റെ കൂട്ട പിരിച്ചുവിടല്‍ നടപടിക്ക് വിധേയമായി ആഭ്യന്തര സുരക്ഷ അന്വേഷണ ഏജന്‍സിയായ സി.ഐ.എ (സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി) യും.
വാഷിങ്ടണ്‍: ട്രംപ് ഭരണകൂടത്തിന്റെ കൂട്ട പിരിച്ചുവിടല്‍ നടപടിക്ക് വിധേയമായി ആഭ്യന്തര സുരക്ഷ അന്വേഷണ ഏജന്‍സിയായ സി.ഐ.എ (സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി) യും.
സി.ഐ.എയിലെ ജീവനക്കാരുടെ 1,200 തസ്തികകള്‍ വെട്ടി കുറയ്ക്കാന്‍ വൈറ്റ് ഹൗസ് പദ്ധതിയിടുന്നതായും നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി ഉള്‍പ്പെടെയുള്ള മറ്റ് ഇന്റലിജന്‍സ് ഏജന്‍സികളില്‍ നിന്ന് ആയിരക്കണക്കിന് ആളുകളെ പിരിച്ച് വിടുന്നതിനുമാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നത്.
എന്നാല്‍ ഈ പിരിച്ചുവിടല്‍ ഒറ്റയടിക്കാവില്ലെന്നും റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നുണ്ട്. നിരവധി വര്‍ഷങ്ങള്‍ എടുത്താവും ഇത്രയും ജീവനക്കാരെ പിരിച്ച് വിടുക. സി.ഐ.എക്ക് പുറമെ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍.എസ്.എ)യിലെ നിരവധി ജീവനക്കരേയും പുറത്താക്കാനും പദ്ധതിയിട്ടിട്ടുണ്ട്.
സി.ഐ.എയില്‍ നിന്ന് പിരിച്ച് വിടാന്‍ തീരുമാനിച്ചവരില്‍ ഇതിനകം വിരമിക്കാന്‍ തീരുമാനിച്ച നൂറുകണക്കിന് ജീവനക്കാര്‍ ഉള്‍പ്പെടുന്നുണ്ടെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ബാക്കിയുള്ള വെട്ടിക്കുറക്കലുകള്‍ നിയമനങ്ങള്‍ കുറയ്ക്കുന്നതിലൂടെ നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അപ്രകാരമാണെങ്കില്‍ ജീവനക്കാരെ പിരിച്ചുവിടേണ്ട ആവശ്യം വരില്ല.
അതേസമയം സി.ഐ.എയെ ട്രംപിന്റെ ദേശീയ സുരക്ഷാ പ്രവര്‍ത്തനങ്ങളുമായി യോജിപ്പിക്കുന്നതിനായാണ് ഇത്തരം ഒരു പദ്ധതിയെന്നാണ് പിരിച്ചുവിടലിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി സി.ഐ.എ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫ് പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നത്. സി.ഐ.എയില്‍ അഴിച്ചുപണി നടത്തുമെന്ന് റാറ്റ്ക്ലിഫ് പ്രതിജ്ഞയെടുത്തു.
‘ഏജന്‍സിയില്‍ പുതിയ ഒരു ഊര്‍ജം കൊണ്ട് വരുന്നതിനും നേതാക്കള്‍ക്ക് ഉയര്‍ന്നുവരാനുള്ള അവസരങ്ങള്‍ നല്‍കുന്നതിനുമുള്ള സമഗ്രമായ തന്ത്രത്തിന്റെ ഭാഗമാണ് ഈ നീക്കങ്ങള്‍,’ ഏജന്‍സിയുടെ പ്രസ്താവനയില്‍ പറയുന്നു.
സി.ഐ.എയും എന്‍.എസ്.എയും ഇതിനകം തന്നെ ചില ജീവനക്കാര്‍ക്ക് സ്വമേധയാ രാജി വെക്കാനുള്ള അവസരം മുന്നോട്ട് വെച്ചിട്ടുണ്ട്. അടുത്തിടെ നിയമിച്ച ജീവനക്കാരെ പിരിച്ചുവിടാനും പദ്ധതിയിടുന്നതായി സി.ഐ.എ അറിയിച്ചിട്ടുണ്ട്. എന്‍.എസ്.എയെയും പെന്റഗണിന്റെ സൈബര്‍ കമാന്‍ഡിനെയും നയിച്ച ജനറലിനെ ട്രംപ് ഇതിനകം പുറത്താക്കിയിട്ടുണ്ട്.
ഇതിന് പുറമെ ഇന്റലിജന്‍സ് ഏജന്‍സികളിലെ ഡൈവേഴ്‌സിറ്റി, ഇക്വറ്റി, ഇന്ക്ലൂഷന്‍ പ്രോഗ്രാമുകളും ട്രംപ് ഭരണകൂടം ഇതിനകം ഇല്ലാതാക്കിയിട്ടുണ്ട്. എന്നാല്‍ ഡി.ഇ.എയിലെ 19 ജീവനക്കാരെ പിരിച്ചുവിട്ട തീരുമാനത്തെ ഫെഡറല്‍ ജഡ്ജി താത്ക്കാലികമായി തടഞ്ഞിട്ടുണ്ട്.
Content Highlight: Trump is preparing to fire more than a thousand officers from American intelligence agencies including CIA