വാഷിങ്ടണ്‍: കുടിയേറ്റ നയത്തിലൂടെ നിരവധി വെളുത്ത വര്‍ഗക്കാരായ ദക്ഷിണാഫ്രിക്കക്കാര്‍ക്ക് അമേരിക്കയില്‍ അഭയം നല്‍കാന്‍ ഒരുങ്ങി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയിലേക്കുള്ള ആദ്യത്തെ സംഘം അടുത്ത ദിവസങ്ങളില്‍ യു.എസിലെത്തും.
വിര്‍ജീനിയയിലെ ഡാല്ലസ് ഇന്റനാഷണല്‍ എയര്‍പോര്‍ട്ടിലാണ് ദക്ഷിണാഫ്രിക്കന്‍ സംഘം എത്തുക. ഏകദേശം നൂറോളം ദക്ഷിണാഫ്രിക്കക്കാരാണ് ട്രംപിന്റെ ഈ പദ്ധതിയുടെ ഭാഗമായി അമേരിക്കയിലെത്തുക. സാധാരണ അഭയാര്‍ത്ഥികള്‍ക്കായുള്ള യു.എസിന്റെ പരിശോധനകള്‍ പൂര്‍ത്തിയാക്കാന്‍ 18 മുതല്‍ 24 മാസം വരെ എടുക്കും. എന്നാല്‍ ഇവരുടെ വിസ പ്രക്രിയകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു.
ദക്ഷിണാഫ്രിക്കയിലെ വെളുത്ത വര്‍ഗക്കാരായ ഡച്ചുകാരുടെ പിന്മുറക്കാരെയാണ് ട്രംപ് അമേരിക്കയില്‍ അഭയം നല്‍കാന്‍ ക്ഷണിച്ചിരിക്കുന്നത്. ഇവര്‍ സ്വന്തം രാജ്യത്ത് വലിയ രീതിയില്‍ വിവേചനം നേരിടുന്നതായും ദക്ഷിണാഫ്രിക്കന്‍ ഗവണ്‍മെന്റ് കറുത്ത വര്‍ഗക്കാര്‍ക്കാണ് എല്ലാ ആനുകൂല്യവും നല്‍കുന്നതെന്നുമാണ് ട്രംപ് പലപ്പോഴും അവകാശപ്പെട്ടിരുന്നത്.
ദക്ഷിണാഫ്രിക്കന്‍ സംഘം വിമാനത്താവളത്തിലെത്തിയാല്‍ പത്രസമ്മേളനം നടത്തുമെന്നും യു.എസ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിലെ ഉന്നത് ഉദ്യോഗസ്ഥര്‍ ഇവരെ എയര്‍പോര്‍ട്ടില്‍വെച്ച് സ്വാഗതം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഫെബ്രുവരിയില്‍, ആഫ്രിക്കക്കാര്‍ക്ക് അഭയാര്‍ത്ഥി പദവി നല്‍കാന്‍ സഹായിക്കുന്ന ഒരു എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചിരുന്നു. ഈ ഉത്തരവില്‍ രാജ്യത്തെ ന്യൂനപക്ഷമായ ആഫ്രിക്കക്കാരുടെ കാര്‍ഷിക സ്വത്ത് പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ നിയമം പാസാക്കിയതായും ആഫ്രിക്കയില്‍ അവര്‍ വിവേചനം നേരിടുന്നതായും ട്രംപ് പറഞ്ഞിരുന്നു.
ഫെബ്രുവരിയില്‍, വെളുത്ത വര്‍ഗക്കാരായ കര്‍ഷകരില്‍ നിന്ന് ഭൂമി ഏറ്റെടുക്കാന്‍ അനുവദിക്കുന്ന ഒരു നിയമം ദക്ഷിണാഫ്രിക്കയില്‍ നിലവിലുണ്ടെന്ന് അവകാശപ്പെട്ട് ട്രംപ് ദക്ഷിണാഫ്രിക്കയ്ക്കുള്ള യു.എസ് സഹായം മരവിപ്പിച്ചിരുന്നു.
ദക്ഷിണാഫ്രിക്കന്‍ കര്‍ഷകരെ യു.എസിലേക്ക് വരാന്‍ ക്ഷണിച്ച ട്രംപ് അവരുടെ ഭൂമി സര്‍ക്കാര്‍ കൈയടക്കുകയാണെന്നും അതിനാല്‍ അവര്‍ക്ക് അമേരിക്കന്‍ പൗരത്വം നല്‍കുമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ നിയമത്തിന് ദക്ഷിണാഫ്രിക്കയില്‍ വലിയ പിന്തുണ കിട്ടിയിരുന്നില്ല. ഈ നിയമപ്രകാരം ദക്ഷിണാഫ്രിക്കയിലെ വെളുത്ത് വര്‍ഗക്കാരില്‍ നിന്ന് ഇതുവരെ ഒരു ഭൂമിയും പിടിച്ചെടുത്തിട്ടില്ല. കൂടാതെ ദക്ഷിണാഫ്രിക്കയിലാകട്ടെ കറുത്തവര്‍ഗക്കാര്‍ക്ക് ചെറിയ അളവില്‍ മാത്രമെ ഭൂമിയുള്ളു. രാജ്യത്തിന്റെ ഏഴ് ശതമാനം വരുന്ന വെളുത്ത വര്‍ഗക്കാരുടെ കൈയിലാണ് രാജ്യത്തെ ഭൂരിഭാഗം ഭൂമിയും. അതിലുപരി രാജ്യത്തെ ഉന്നതജോലികളിലെല്ലാം തന്നെ വെളുത്ത വര്‍ഗക്കാര്‍ക്ക് തന്നെയാണ് മുന്‍തൂക്കം.
രണ്ട് മാസങ്ങള്‍ക്ക് മുമ്പ് അമേിക്കയിലെ ദക്ഷിണാഫ്രിക്കന്‍ അംബാസിഡര്‍ ഇബ്രാഹിം റസൂലിനെ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്താക്കിയിരുന്നു. ട്രംപിന്റെ അനുയായിയും ദക്ഷിണാഫ്രിക്കയില്‍ ജനിച്ച ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌കും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമാഫോസയുടെ സര്‍ക്കാരിന്റെ വിമര്‍ശകനാണ്.
Content Highlight: Trump government gives refugee status to many white South Africans